ശ്രീനാരായണഗുരുവിന്റെ 92-ാം മഹാസമാധിദിനം ഇന്ന്

19 second read

ശിവഗിരി: ശ്രീനാരായണഗുരുവിന്റെ 92-ാം മഹാസമാധിദിനം ഇന്ന്. ഭക്തിനിര്‍ഭരമായ ചടങ്ങുകള്‍ ഗുരുവിന്റെ സമാധിസ്ഥലമായ ശിവഗിരിയില്‍ പുലര്‍ച്ചെ ശാരദാമഠത്തിലും മഹാസമാധിയിലും ആചരിക്കും. ഇവിടത്തെ വിശേഷാല്‍ പൂജകള്‍ക്കുശേഷം ഗുരുപൂജ, ഗുരുദേവകൃതികളുടെ പാരായണം, ഹോമം എന്നിവയുണ്ടാകും. രാവിലെ എട്ടിന് കല്യാണി ശൈലേഷിന്റെ വയലിന്‍ കച്ചേരി. 9.30-ന് മഹാസമാധി സമ്മേളനം കേന്ദ്രമന്ത്രി ആര്‍.കെ.സിങ് ഉദ്ഘാടനം ചെയ്യും. ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ അധ്യക്ഷനാകും. കേന്ദ്രമന്ത്രി വി.മുരളീധരന്‍ മുഖ്യാതിഥിയാകും. ഈ വര്‍ഷത്തെ മഹാസമാധി ദിനം വിശ്വശാന്തി ദിനമായിട്ടായിരിക്കും ആചരിക്കുക.

കേരളം കണ്ട ഏറ്റവും വലിയ സാമൂഹിക പരിവര്‍ത്തകനും, നവോത്ഥാനനായകനും ആയിരുന്ന ശ്രീനാരായണ ഗുരുവിന്റെ ജീവിതം കേരളത്തിന്റെ ചരിത്രമാണ്. വിദ്യാഭ്യാസം പോലും അധസ്ഥിതര്‍ക്ക് നിഷേധിക്കപ്പെട്ടിരുന്ന കാലഘട്ടത്തില്‍ ചെമ്പഴന്തി എന്ന ഗ്രാമത്തില്‍ മാടനാശാന്റെയും, കുട്ടിയമ്മയുടേയും പുത്രനായി ജനിച്ച നാണുവില്‍നിന്ന് പില്‍ക്കാലത്ത് ശ്രീ നാരായണഗുരു എന്ന് ലോകമാകെ ആദരിക്കുന്ന വ്യക്തിയായി ഗുരു വളര്‍ന്നത് സഹജീവികളോടുള്ള സ്നേഹവും സാധാരണക്കാര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ കാണിച്ച മനസുമായിരുന്നു.

പൊതുസമൂഹത്തില്‍ നിന്ന് അയിത്തം പ്രഖ്യാപിച്ചിരുന്ന അധഃസ്ഥിത വിഭാഗത്തെ അറിവിന്റെ വെളിച്ചം നല്‍കി മുഖ്യധാരയിലേക്ക് കൈപിടിച്ചുയര്‍ത്തിയ മഹാത്മാവാണ് ഗുരുദേവന്‍. ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടവര്‍ക്ക് ദേവാലയങ്ങളുണ്ടാക്കി. വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടവര്‍ക്ക് വേണ്ടി വിദ്യാലയങ്ങളാരംഭിച്ചു. കണ്ണാടിയും ഓങ്കാരവും ദീപവും ശാരദാ മഠവും, പ്രതിഷ്ഠകളില്ലാത്ത അദ്വൈതാശ്രമവും സ്ഥാപിച്ച് സമൂഹത്തെ തന്നെ മാറ്റി മറിച്ചു.

സമൂഹത്തില്‍ പരിഷ്‌കാരങ്ങള്‍ കൊണ്ട് വരാനായി അദ്ദേഹം 1903ല്‍ ശ്രീ നാരായണ ധര്‍മ്മ പരിപാലന യോഗം സ്ഥാപിച്ചു. എഴുപത്തിരണ്ട് വര്‍ഷത്തെ ജീവിതത്തില്‍ 42 വര്‍ഷക്കാലം കേരളത്തിന്റെ നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കുകയായിരുന്നു ഗുരുദേവന്‍. അറിവിന്റെ ആഴങ്ങളിലൂടെ ഗുരുദേവന്‍ സൃഷ്ടിച്ച സാമൂഹ്യവിപ്ലവമാണ് പില്‍ക്കാലത്ത് കേരളത്തിലുണ്ടായ എല്ലാ പുരോഗമന പ്രസ്ഥാനങ്ങളുടെയും അടിസ്ഥാനസ്രോതസ്. തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും സവര്‍ണ മേല്‍ക്കോയ്മ അരങ്ങ് വാണിരുന്ന ഒരു സമൂഹത്തെ മാറ്റിമറിക്കാന്‍ ഗുരു സധൈര്യം രംഗത്തിറങ്ങി. ജന മനസുകളില്‍ വിപ്ലവം സൃഷ്ടിച്ച് മഹത്തായ സാമൂഹിക മാറ്റം കൊണ്ടുവന്നു. ഇപ്പോഴും ലോകമെമ്പാടുമുള്ളവരുടെ ആരാധനാ പാത്രമാണ് ഗുരു.

സമാധി ദിനത്തോടനുബന്ധിച്ച് ശിവഗിരിയില്‍ നടക്കുന്ന ചടങ്ങില്‍ ധര്‍മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ, ട്രഷറര്‍ സ്വാമി ശാരദാനന്ദ, സ്വാമി വിശാലാനന്ദ, അടൂര്‍ പ്രകാശ് എംപി., വി.ജോയി എംഎല്‍എ. തുടങ്ങിയവര്‍ പങ്കെടുക്കും. 11 മുതല്‍ സ്വാമി സച്ചിദാനന്ദയുടെ പ്രഭാഷണം. 2.30-ന് ശാരദാമഠത്തില്‍നിന്നു കലശം എഴുന്നള്ളത്ത് വൈദികമഠം, ബോധാനന്ദസ്വാമി സമാധിമണ്ഡപം വഴി മഹാസമാധിയിലെത്തും. തുടര്‍ന്ന് മഹാസമാധി സമയമായ 3.30-വരെ സ്വാമി വിശുദ്ധാനന്ദയുടെ നേതൃത്വത്തിലുള്ള സന്ന്യാസിവര്യന്മാരുടെ കാര്‍മികത്വത്തില്‍ മഹാസമാധിയില്‍ കലശപൂജാഭിഷേകം, മഹാസമാധിപൂജ എന്നിവ നടക്കും. തുടര്‍ന്ന് ആരതി, സമൂഹപ്രാര്‍ത്ഥന.

എസ്.എന്‍.ഡി.പി. ശാഖകളുടെയും വിവിധ ശ്രീനാരായണ പ്രസ്ഥാനങ്ങളുടെയും ഗുരുമന്ദിരങ്ങളുടെയും നേതൃത്വത്തില്‍ പ്രാര്‍ത്ഥനാപൂര്‍ണമായ പരിപാടികളോടെ നാടെങ്ങും സമാധിദിനാചരണം നടത്തും. ഗുരുദേവകൃതികളുടെ പാരായണം, അന്നദാനം, പായസവിതരണം, കഞ്ഞിസദ്യ എന്നിവയുണ്ടാകും

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …