പ്രളയബാധിതര്‍ക്ക് വസ്ത്രങ്ങള്‍ വാരിനല്‍കി വഴിയോരക്കച്ചവടക്കാരന്‍

17 second read

കൊച്ചി : ‘ഇതൊന്നും ആളുകളറിയാനായി ചെയ്തതല്ല. ദൈവത്തിന് മുന്നിലേ കണക്കുവയ്‌ക്കേണ്ടതുള്ളൂ, അതേ ചെയ്തുള്ളൂ’- സോഷ്യല്‍ മീഡിയയില്‍ താരമായപ്പോഴും പി.എം. നൗഷാദിന്റെ വാക്കുകളില്‍ എളിമ. പ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് കച്ചവടത്തിനെത്തിച്ച വസ്ത്രങ്ങള്‍ ചാക്കുകളില്‍ വാരിക്കെട്ടി നല്‍കിയാണ് നൗഷാദ് കരുണയുടെ വെളിച്ചമേകിയത്.

ബലിപ്പെരുന്നാള്‍ ആഘോഷിക്കേണ്ട സമയത്താണ് രണ്ടാമതെത്തിയ പ്രളയമഴ വടക്കന്‍ കേരളത്തെ തകര്‍ത്തത്. ദുരിതാശ്വാസത്തിന് സംഭാവന ചെയ്യണോ വേണ്ടയോയെന്ന് സംശയിച്ചവരുടെ മുന്നിലേക്കാണ് പെരുന്നാള്‍, ഓണം കച്ചവടത്തിനെത്തിച്ച വസ്ത്രങ്ങള്‍ നൗഷാദ് വാരി നല്‍കിയത്. വലിയ നഷ്ടമല്ലേ ചോദ്യത്തോട് ‘പോകുമ്പോള്‍ നമ്മളാരും ഇത് കൊണ്ടുപോകൂല്ലല്ലോ. ഇതാണ് എന്റെ പെരുന്നാള്‍’ എന്നായിരുന്നു മറുപടി.

പതിനഞ്ചുവര്‍ഷം മുമ്പാണ് മട്ടാഞ്ചേരിക്കാരന്‍ നൗഷാദ് എറണാകുളം ബ്രോഡ്വേയില്‍ തുണിക്കച്ചവടത്തിനെത്തിയത്. വഴിയോരത്താണ് കച്ചവടം. സംഭാവന കിട്ടുമോ എന്നറിയാനെത്തിയ കുസാറ്റ് കളക്ഷന്‍ സെന്ററിലെ നടന്‍ രാജേഷ് ശര്‍മ്മയുള്‍പ്പെടെയുള്ള സന്നദ്ധപ്രവര്‍ത്തകര്‍ നൗഷാദിനെ സമീപിച്ചിരുന്നു. തുടര്‍ന്ന് ഇവരെയും കൂട്ടി തന്റെ കൊച്ചു ഗോഡൗണിലെത്തിയ നൗഷാദ് പുത്തന്‍ വസ്ത്രങ്ങള്‍ അഞ്ചെട്ട് ചാക്കുകളിലാക്കി വാരിക്കെട്ടി നല്‍കി. ഇത് രാജേഷും സംഘവും സോഷ്യല്‍മീഡിയയില്‍ ലൈവ് ഇട്ടതോടെ പ്രളയകാലത്തെ കരുണയുടെ മുഖമായി നൗഷാദ് മാറി.

ബലിപ്പെരുന്നാള്‍ ദിവസം നൗഷാദിന്റെ ഫോണിന് വിശ്രമമുണ്ടായിട്ടില്ല. നടന്‍ ജയസൂര്യയുള്‍പ്പെടെ നിരവധി പ്രമുഖര്‍ വിളിച്ച് അഭിനന്ദിച്ചു. മന്ത്രി കെ.കെ. ശൈലജ ഫേസ്ബുക്കില്‍ അഭിനന്ദിച്ചു. കണ്ടും കേട്ടുമറിഞ്ഞ് വീട്ടിലുമെത്തിയത് നിരവധി അതിഥികള്‍. നഷ്ടം നികത്താന്‍ ചിലര്‍ പണവും വാഗ്ദാനം ചെയ്തു. ‘എനിക്ക് പണം വേണ്ട. അത് പാവപ്പെട്ട രോഗികള്‍ക്കോ പണത്തിന് ബുദ്ധിമുട്ടുന്നവര്‍ക്കോ നല്‍കിയാല്‍ മതി’ – സ്‌നേഹപൂര്‍വം നിരസിക്കുകയാണ് നൗഷാദ്.

അഞ്ചു വര്‍ഷമായി വൈപ്പിന്‍ മാലിപ്പുറത്തെ പനച്ചിക്കല്‍ വീട്ടില്‍ ഭാര്യ നിസയ്ക്കും മക്കള്‍ ഫര്‍സാനയ്ക്കും ഫഹദിനൊപ്പമാണ് താമസം. ബലിപെരുന്നാളാണെങ്കിലും പ്രളയത്തില്‍ മുങ്ങിയവരെ ഓര്‍ക്കുമ്പോള്‍ മറ്റൊരു ആഘോഷത്തിനും മനസ് അനുവദിക്കില്ലെന്ന് നൗഷാദ് പറയുന്നു. രണ്ടുദിവസങ്ങളായി സോഷ്യല്‍മീഡിയയില്‍ നൗഷാദ് വിശേഷങ്ങളുടെ പ്രളയമാണ്. കലാകാരനായ ഡാവിഞ്ചി സുരേഷ് നൗഷാദിന്റെ രൂപം തുണിയിലുണ്ടാക്കിയതും വൈറലായി.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …