ശബരിമല സന്നിധാനത്തുനിന്ന് മാധ്യമ സ്ഥാപനങ്ങളുടെ ഓഫീസുകള്‍ മാറ്റാന്‍ നീക്കം

18 second read

പത്തനംതിട്ട: സന്നിധാനത്തുനിന്ന് മാധ്യമസ്ഥാപനങ്ങളുടെ ഓഫീസുകള്‍ മാറ്റാന്‍ ദേവസ്വം ബോര്‍ഡിന്റെ നീക്കം. സ്ഥാപനങ്ങള്‍ക്ക് അനുവദിച്ചിരിക്കുന്ന മുറികള്‍, ജൂലായ് 21-ന് മുമ്പ് ഒഴിയണമെന്ന് അറിയിച്ചിരിക്കുകയാണ്. മീഡിയ സെന്റര്‍ ഉള്‍പ്പെടുന്ന മാളികപ്പുറം ബില്‍ഡിങ്, ദേവസ്വം അധികൃതര്‍ പൊളിച്ചുനീക്കും. ഇത് പൊളിക്കാന്‍ ശബരിമല മാസ്റ്റര്‍ പ്ലാനില്‍ നിര്‍ദേശിച്ചിട്ടുണ്ട്. സന്നിധാനത്തിന്റെ പരിസരത്തുതന്നെ മാധ്യമങ്ങള്‍ക്ക് സ്ഥലം അനുവദിക്കുന്നതിനുപകരം ദൂരേയ്ക്ക് മാറ്റാനാണ് ദേവസ്വം ബോര്‍ഡിന്റെ ശ്രമം. യുവതീപ്രവേശന വിവാദമുള്‍പ്പെടെ സന്നിധാനത്തെ സംഭവങ്ങള്‍ മാധ്യമങ്ങള്‍ തത്സമയം പുറംലോകത്ത് എത്തിച്ചിരുന്നു. ഇത് ദേവസ്വം ബോര്‍ഡിനെയും പ്രതിരോധത്തിലാക്കി. സമാനസാഹചര്യം ഒഴിവാക്കാനാണ് ഇപ്പോഴത്തെ നീക്കമെന്നും വിമര്‍ശനമുണ്ട്.
സന്നിധാനത്ത് മാധ്യമങ്ങള്‍ക്കായി പാണ്ടിത്താവളത്ത് അനുവദിക്കുമെന്ന് പറയുന്ന സ്ഥലം കാടിനോട് ചേര്‍ന്നാണ്. ഇവിടെനിന്നു സന്നിധാനത്തേക്ക് പെട്ടെന്ന് എത്താനാകില്ല. മകരവിളക്കുസമയത്ത് മാത്രമാണ് ഈ ഭാഗത്ത് തീര്‍ഥാടകര്‍ എത്താറുള്ളത്. വന്യമൃഗങ്ങളുടെ ശല്യമുള്ള സ്ഥലമായതിനാല്‍ മാസപൂജ വേളകളില്‍ ഇവിടേക്ക് ആരും പോകാറില്ല. വൈകീട്ട് അഞ്ചുമണി കഴിഞ്ഞാല്‍ വന്യമൃഗശല്യം കൂടും. മാളികപ്പുറം ബില്‍ഡിങ് പൊളിക്കാന്‍ നേരത്തെ ആലോചന ഉണ്ടായപ്പോള്‍ത്തന്നെ, സന്നിധാനത്തോട് ചേര്‍ന്നുള്ള സ്ഥലം അനുവദിക്കണമെന്ന് ദേവസ്വം അധികൃതര്‍ക്ക് നിവേദനം നല്‍കിയിരുന്നു. ഇതിന്റെയടിസ്ഥാനത്തില്‍, കൊപ്രാക്കളത്തോട് ചേര്‍ന്ന് പുതിയ കെട്ടിടം നിര്‍മിച്ചുനല്‍കാമെന്ന് പറഞ്ഞിരുന്നു. എന്നാല്‍, സന്നിധാനത്ത് പുതിയ നിര്‍മാണം പാടില്ലെന്ന കോടതിയുത്തരവിനെത്തുടര്‍ന്ന് അതും ഉപേക്ഷിച്ചു. അനുവദിക്കുമെന്ന് പറയുന്ന മുറിയുടെ വാടക ഇരട്ടിയാക്കാനും ബോര്‍ഡ് ആലോചിക്കുന്നുണ്ട്.

ശബരിമലയുടെ വികസനത്തിനായുള്ള മാസ്റ്റര്‍പ്ലാന്‍ പ്രകാരമുള്ള കാര്യങ്ങളാണ് നടത്തുന്നത്. ഇതിന്റെ ഭാഗമായാണ് മാളികപ്പുറം ബില്‍ഡിങ് പൊളിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ ഞാന്‍ നിസ്സഹായനാണ്.- എ.പദ്മകുമാര്‍, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്. 
Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …