തിരുവനന്തപുരം: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നടപടികള്‍ക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ‘പടയൊരുക്ക’ത്തിന്റെ ഭാഗമായി ജനങ്ങളില്‍ നിന്ന് ഒരു കോടി ഒപ്പുകള്‍ ശേഖരിക്കും. രാജ്യത്ത് ഇന്ന് വരെ നടന്നിട്ടുള്ളതില്‍ വെച്ച് ഏറ്റവും വലിയ സിഗ്‌നേച്ചര്‍ ക്യാമ്പയിന്‍ ഇതായിരിക്കുമെന്ന് കെപിസിസി വൈസ് പ്രസിഡന്റ് വി.ഡി.സതീശന്‍ പറഞ്ഞു.
പ്രവര്‍ത്തകര്‍ ഭവനസന്ദര്‍ശനം നടത്തി മൂന്നര മീറ്റര്‍ നീളവും ഒരുമീറ്റര്‍ വീതിയുമുള്ള വെള്ള ബാനറില്‍ സെക്ച്ച് പേന കൊണ്ടുള്ള ഒപ്പു ശേഖരിക്കും. ഒരു ബൂത്തില്‍ നിന്ന് കുറഞ്ഞത് 500 ഒപ്പുകള്‍ ശേഖരിക്കുമെന്ന് ജാഥാ ഉപസമിതി കണ്‍വീനര്‍ വി.ഡി.സതീശന്‍ പറഞ്ഞു.ബാനറുകളെല്ലാം കൂടി ഒരുമിച്ചു തയ്ച്ചാല്‍ അതു 70 കിലോമീറ്ററെങ്കിലും നീളുന്നതാകും. ബാനറുകള്‍ക്കു മുകളില്‍ ‘കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനവഞ്ചനയ്ക്കെതിരെ, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയ്ക്കൊപ്പം, ഇതാ ഞങ്ങളുടെ കയ്യൊപ്പ്’ എന്നു രേഖപ്പെടുത്തും. ഒപ്പിടാന്‍ കഴിയാത്തവരുടെ വിരലടയാളം രേഖപ്പെടുത്തും.
ബാനറുകള്‍ ഒരുമിച്ചാക്കി ജാഥയെത്തുന്ന വേളയില്‍ മണ്ഡലം കമ്മിറ്റികള്‍ പ്രതിപക്ഷ നേതാവിനെ ഏല്‍പ്പിക്കും. തൃശൂര്‍ മുതല്‍ വടക്കോട്ടുള്ള ജില്ലകളില്‍ 21നും എറണാകുളം മുതല്‍ തെക്കോട്ടുള്ള ജില്ലകളില്‍ 28നും യുഡിഎഫ് നേതാക്കള്‍ ഭവനസന്ദര്‍ശനം നടത്തും. സന്ദര്‍ശനവും ഒപ്പിടല്‍ ക്യാമ്പയ്നും ഒരാഴ്ച നീളും. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനവഞ്ചന തുറന്നു കാണിക്കുന്ന ലഘുലേഖകളും വീടുകളിലെത്തിക്കും. ‘പടയൊരുക്ക’ത്തിന്റെ ഭാഗമായി കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളില്‍ വന്‍ റാലി നടത്തും. രാഹുല്‍ഗാന്ധി, ഗുലാംനബി ആസാദ്, ശരദ് യാദവ്, സിദ്ധരാമയ്യ, ക്യാപ്റ്റന്‍ അമരീന്ദര്‍സിങ്, കപില്‍ സിബല്‍ തുടങ്ങിയ ദേശീയ നേതാക്കള്‍ പങ്കെടുക്കും.