അടൂര്‍:സ്‌കൂള്‍ ബസ് നിയന്ത്രണം വിട്ടു മരത്തിലിടിച്ച് 11 കുട്ടികള്‍ക്കു പരുക്കേറ്റു. നൂറനാട് ശ്രീശബരി സെന്‍ട്രല്‍ സ്‌കൂളിലെ ബസാണ് അപകടത്തില്‍പ്പെട്ടത്. ഇന്നലെ രാവിലെ എട്ടിനു പള്ളിക്കല്‍ മേടയില്‍ ജംക്ഷനിലായിരുന്നു അപകടം. പരുക്കേറ്റവരുടെ നില ഗുരുതരമല്ല.
പള്ളിക്കല്‍ ഭാഗത്തു നിന്നു കുട്ടികളെ കയറ്റി മേടയില്‍ ഭാഗത്ത് എത്തിയപ്പോള്‍ ബസ് നിയന്ത്രണം വിട്ട് മേടയില്‍- ചാലുതുണ്ടില്‍ റോഡരികിലെ റബര്‍ മരത്തിലിടിക്കുകയായിരുന്നു. ബസില്‍ 15 കുട്ടികളുണ്ടായിരുന്നു.
തെങ്ങമം ആലുവിള കിഴക്കേതില്‍ വിജയന്റെ മകള്‍ ദിയ (10), ശ്രീശൈലത്തില്‍ രാജേഷ്‌കുമാറിന്റെ മകള്‍ പാര്‍വതി (ഏഴ്), ആദിത്യാ ഭവനില്‍ രാജന്റെ മകന്‍ ആദിത്യ രാജ് (ആറ്), പെരിങ്ങനാട് നിര്‍മാല്യത്തില്‍ ഗോപാലകൃഷ്ണന്റെ മകള്‍ പ്രതീക്ഷ (17), ഇടയ്ക്കാട് കുന്നുംപുറത്ത് ബിജുവിന്റെ മകന്‍ വിജിന്‍ (13) എന്നിവര്‍ അടൂര്‍ ജനറല്‍ ആശുപത്രിയിലും നിര്‍മാല്യത്തില്‍ ലാലുവിന്റെ മകള്‍ അനന്യ (10), തിരുവാതിരയില്‍ യദുകൃഷ്ണന്‍ (10), യദുനന്ദന്‍ (ആറ്), കരിക്കത്ത് പുത്തന്‍വീട്ടില്‍ അര്‍ച്ചിത് (10), ശ്രീനിലയത്തില്‍ അഭിജിത് (12), തെങ്ങമം സ്വദേശിയായ അഭിനവ് എസ്. കുറുപ്പ് (ആറ്) എന്നിവര്‍ നൂറനാട്ടുള്ള സ്വകാര്യ ആശുപത്രിയിലും ചികില്‍സ തേടി. ഇടിയുടെ ആഘാതത്തില്‍ ബസിന്റെ കമ്പികളിലും മറ്റും ഇടിച്ചാണ് കുട്ടികള്‍ക്കു പരുക്കേറ്റത്.
ഇന്നലെ ബസ് ഓടിച്ചതു പുതിയ ഡ്രൈവര്‍ ആയിരുന്നെന്ന് കുട്ടികളും കാലപ്പഴക്കമുള്ള ബസില്‍ കുട്ടികളെ കൊണ്ടുപോകുന്നതിനെതിരെ നേരത്തേ പരാതി ഉന്നയിച്ചിരുന്നതായി രക്ഷിതാക്കളും പറഞ്ഞു.