ശബരിമല: കൂടുതല്‍ കോണ്‍ക്രീറ്റ് കെട്ടിടങ്ങളല്ല, ശബരിമലയില്‍ ഭക്തര്‍ക്ക് മറ്റു പ്രാഥമിക സൗകര്യങ്ങളാണ് ഒരുക്കേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സന്നിധാനത്ത് വിവിധ വികസന പദ്ധതികളുടെ ശിലാസ്ഥാപനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ഇവിടെ വരിക, ദര്‍ശനം നടത്തുക, വേഗം തിരികെ പോകുക എന്ന സമീപനമാണ് ആവശ്യം. ശബരിമല വികസന പദ്ധതിയില്‍ ദശലക്ഷക്കണക്കിനു തീര്‍ഥാടകരുടെ സൗകര്യം മാത്രമാകണം പ്രധാനം. കൃത്യമായ മാസ്റ്റര്‍ പ്ലാന്‍ അനുസരിച്ചുള്ള പദ്ധതികളാണ് നടക്കുന്നത്, അങ്ങനെയാണ് നടക്കേണ്ടതെന്നും പിണറായി പറഞ്ഞു.
ബജറ്റില്‍ വകയിരുത്തിയ 204 കോടി രൂപയും കേന്ദ്ര സര്‍ക്കാരിന്റെ 100 കോടി രൂപയും ഉപയോഗിച്ചുള്ള വികസന പദ്ധതികളാണ് നടപ്പാക്കാനിരിക്കുന്നത്. ഇതില്‍ പുണ്യ ദര്‍ശനം കോപ്ലക്സ്, പാണ്ടിത്താവളത്ത് ജലസംഭരണി എന്നിവയുടെ ശിലാസ്ഥാപനമാണ് മുഖ്യമന്ത്രി നിര്‍വഹിച്ചത്. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ടൂറിസം ഡയറക്ടര്‍ പി. ബാലകിരണ്‍, രാജു ഏബ്രഹാം എംഎല്‍എ എന്നിവര്‍ പ്രസംഗിച്ചു.
നേരത്തെ, ശബരിമലയെ ദേശീയ തീര്‍ഥാടന കേന്ദ്രമാക്കുന്ന കാര്യം കേന്ദ്ര സര്‍ക്കാരിനു മുന്നില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്ന് തീര്‍ഥാടന ഒരുക്കങ്ങള്‍ അവലോകനം ചെയ്ത ശേഷം മുഖ്യമന്ത്രി പറഞ്ഞു. ഇപ്പോള്‍ ദേശീയ തീര്‍ഥാടന കേന്ദ്രമല്ലെങ്കിലും അതിലും പ്രധാനമാണ് ശബരിമലയെന്നു നമുക്കറിയാം. തീര്‍ഥാടകര്‍ക്ക് ഇപ്പോഴുള്ള ചില പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കൂടിയാണ് വിമാനത്താവളം പ്രഖ്യാപിച്ചത്. അതിനു നല്ല പ്രതികരണം ലഭിക്കുന്നു. ശബരി റെയില്‍ പാതയോടും കേന്ദ്രത്തിനു യോജിപ്പാണ്. സ്ഥലമെടുപ്പ് വേഗം പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.