യുഡിഎഫ് ഹര്‍ത്താല്‍ തുടങ്ങി; കെഎസ്ആര്‍ടിസി ബസിന് നേരെ കല്ലേറ്

1 second read

തിരുവനന്തപുരം: സംസ്ഥാനത്ത് യുഡിഎഫ് പ്രഖ്യാപിച്ച ഹര്‍ത്താല്‍ ആരംഭിച്ചു. കെ.എസ്.ആര്‍.ടിസിയുടെ ദീര്‍ഘദൂര ബസുകള്‍ പലതും രാവിലെ സര്‍വീസ് ആരംഭിച്ചിരുന്നു. തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസിനു നേരെ കല്ലേറുണ്ടായി. ആര്യനാട് ഡിപ്പോയിലെ ബസിനാണ് സര്‍വീസ് ആരംഭിക്കുന്നതിനിടെ ഹര്‍ത്താല്‍ അനുകൂലികള്‍ കല്ലെറിഞ്ഞത്. നെടുമങ്ങാട്, വിതുര, വെള്ളനാട് എന്നിവിടങ്ങളിലും ബസുകള്‍ തടഞ്ഞു.പാലാരിവട്ടത്തും കെഎസ്ആര്‍ടിസി ബസിന് നേര്‍ക്ക് കല്ലേറുണ്ടായി.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങളിലും ഇന്ധന, പാചകവാതക വിലവര്‍ധനയിലും പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍.

അതേസമയം ഹര്‍ത്താലുകളുമായി സഹകരിക്കേണ്ടതില്ലെന്നാണ് വ്യാപാരികളുടെ തീരുമാനം. പൊലീസ് സംരക്ഷണം നല്‍കിയാല്‍ കടകള്‍ തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡന്റ് ടി. നസിറുദ്ദീന്‍ അറിയിച്ചു. ഇന്നത്തെ ഹര്‍ത്താലിനോട് വിയോജിപ്പാണ്. വിവിധ ആവശ്യങ്ങള്‍ക്ക് വേണ്ടിയുള്ള പണിമുടക്കിനെ വ്യാപാരികള്‍ അനുകൂലിക്കും. വലിയ കടകളില്‍ ജോലിക്കാരില്ലെങ്കില്‍ തുറക്കാന്‍ കഴിയില്ല. അതതിടത്തെ സാഹചര്യങ്ങള്‍ നോക്കി കടകള്‍ തുറക്കാന്‍ വിവിധ യൂണിറ്റുകള്‍ക്കും ചെറുകിട വ്യാപാരികള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. യു.ഡി.എഫ്. ഭാരവാഹികളോട് ഹര്‍ത്താല്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും നസിറുദ്ദീന്‍ പറഞ്ഞു. എന്നാല്‍, കടയടപ്പ് സമരത്തില്‍ പങ്കെടുക്കുമെന്ന് വ്യാപാരി വ്യവസായി കോണ്‍ഗ്രസ് അറിയിച്ചു.

ഗതാഗതം തടസ്സപ്പെടുത്തുന്ന, നിര്‍ബന്ധിച്ച് കടകള്‍ അടപ്പിക്കുന്ന, ജോലിക്കെത്തുന്നവരെ തടയുന്നവര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയ്ക്ക് നിര്‍ദേശം നല്‍കി. പൊലീസ് പട്രോളിങ് ശക്തമാക്കും. കെ.എസ്.ആര്‍.ടി.സി., സ്വകാര്യ വാഹനങ്ങള്‍, ഓഫീസുകള്‍, പൊതുസ്ഥാപനങ്ങള്‍, കോടതികള്‍ തുടങ്ങിയവ സുഗമമായി പ്രവര്‍ത്തിക്കാന്‍ സംരക്ഷണം നല്‍കും. ഹര്‍ത്താലില്‍ സുരക്ഷ ഉറപ്പാക്കാന്‍ കര്‍ശനനടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് പൊലീസ് മേധാവി അറിയിച്ചു.

കേരള, എംജി, കാലിക്കറ്റ്, കണ്ണൂര്‍ സര്‍വകലാശാലകള്‍ ഇന്ന് നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചു.

നിര്‍ബന്ധിച്ച് കടകള്‍ അടപ്പിക്കുകയോ വാഹനഗതാഗതം തടസ്സപ്പെടുത്തുകയോ ചെയ്യില്ലെന്ന് യു.ഡി.എഫ്. നേതാക്കള്‍ പറഞ്ഞു. ഹര്‍ത്താല്‍ സമാധാനപരമായിരിക്കുമെന്നും എല്ലാ ജനാധിപത്യവിശ്വാസികളും സഹകരിക്കണമെന്നും കണ്‍വീനര്‍ പി.പി. തങ്കച്ചന്‍ അഭ്യര്‍ഥിച്ചു.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ലൈഫ് ലൈന്‍ കോന്നി ക്ലിനിക്കില്‍ കാര്‍ഡിയോളജി വിഭാഗം ആരംഭിച്ചു

അടൂര്‍: ലൈഫ് ലൈന്‍ ആശുപത്രിയുടെ കീഴിലുള്ള കോന്നി മള്‍ട്ടിസ്‌പെഷ്യല്‍റ്റി ക്ലിനിക്കില്‍ കാര…