റോഡിന്റെ സാധ്യതാ പഠനം നടത്താന്‍ പ്രത്യേക സംഘത്തെ മലേഷ്യയിലേക്ക് അയയ്ക്കും: മന്ത്രി ജി. സുധാകരന്‍

12 second read

വടശേരിക്കര:മുപ്പതു വര്‍ഷം കേടുകൂടാതെ നിലനില്‍ക്കുന്ന റോഡ് നിര്‍മിക്കുന്നതിനുള്ള സാങ്കേതികവിദ്യാ പഠനത്തിനായി പൊതുമരാമത്ത് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെ മലേഷ്യയിലേക്ക് അയയ്ക്കുമെന്ന് പൊതുമരാമത്ത്-രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി ജി. സുധാകരന്‍ പറഞ്ഞു. 35 കോടി രൂപ ചെലവില്‍ ബിഎം ബിസി ഉന്നത നിലവാരത്തില്‍ നിര്‍മിക്കുന്ന വടശേരിക്കര-ചിറ്റാര്‍-സീതത്തോട്-പ്ലാപ്പള്ളി റോഡിന്റെ നിര്‍മാണോദ്ഘാടനം വടശേരിക്കര പേഴുംപാറ ജംഗ്ഷനില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മലേഷ്യയിലെ ക്വാലാലംപൂരില്‍ വര്‍ഷം മുഴുവനും മഴയാണ്. എന്നാല്‍, അവിടുത്തെ റോഡുകള്‍ ദശാബ്ദങ്ങളോളം കേടുവരാത്ത രീതിയില്‍ കോണ്‍ക്രീറ്റ് ചെയ്താണ് നിര്‍മിച്ചിരിക്കുന്നത്. ദീര്‍ഘകാലം നിലനില്‍ക്കുന്ന റോഡ് നിര്‍മാണത്തിന്റെ സാങ്കേതികവിദ്യയില്‍ മലേഷ്യയ്ക്ക് പ്രത്യേക വൈദഗ്ധ്യമുണ്ട്. ഈ വൈദഗ്ധ്യം നമ്മുടെ സംസ്ഥാനത്തെ റോഡുകളുടെ നിര്‍മാണത്തിന് ഉപയോഗപ്പെടുത്തുവാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഇത്തരത്തിലുള്ള റോഡ് നിര്‍മിക്കുന്നതിന് 20 കോടി രൂപയാണ് ചെലവ് വരുക. നിലവില്‍ സംസ്ഥാനത്ത് ഒരു കിലോമീറ്റര്‍ റോഡ് നിര്‍മിക്കുന്നതിന് ഒന്നരക്കോടിയോളം രൂപയാണ് ചെലവ് വരുന്നത്. 30 വര്‍ഷത്തേക്ക് ഈട് നില്‍ക്കുന്ന റോഡുകള്‍ക്ക് കൂടിയ തുക ചെലവഴിക്കുന്നത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ ലാഭകരമാകുമെന്നും മന്ത്രി പറഞ്ഞു.

ഇപ്പോള്‍ ആറുവര്‍ഷം ഗ്യാരന്റിയോടെയാണ് റോഡ് നിര്‍മാണങ്ങള്‍ക്ക് കരാര്‍ നല്‍കുന്നത്. ആദ്യത്തെ മൂന്നുവര്‍ഷം കോണ്‍ട്രാക്ടര്‍ തന്നെ സ്വന്തം ചെലവില്‍ അറ്റകുറ്റപ്പണികള്‍ നിര്‍വഹിക്കണം. അടുത്ത മൂന്നു വര്‍ഷം മെയിന്റനന്‍സ് കോണ്‍ട്രാക്ട് അതേ കോണ്‍ട്രാക്ടര്‍മാര്‍ക്ക് നല്‍കി അറ്റകുറ്റപ്പണി നടത്തും. മഴപെയ്യുമ്പോള്‍ റോഡ് നശിക്കാതിരിക്കാനുള്ള വസ്തുക്കളുടെ ഉപയോഗം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിനായി ഉപയോഗശൂന്യമായ പ്ലാസ്റ്റിക്, റബര്‍, കയര്‍ ഭൂവസ്ത്രം ഇവയിലേതെങ്കിലും ഒന്ന് ഉപയോഗിക്കും.

പത്തനംതിട്ട ജില്ലയിലെ റോഡുകള്‍ക്ക് ശബരിമല റോഡുകളുടെ പുനരുദ്ധാരണ പണിയില്‍ കുറഞ്ഞ തുകയാണ് അനുവദിച്ചതെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍, ഇത് ശരിയല്ല. ശബരിമല റോഡുകള്‍ക്കായി അനുവദിച്ച 146 കോടി രൂപയില്‍ 62 കോടി രൂപയും പത്തനംതിട്ട ജില്ലയ്ക്കാണ് നല്‍കിയിട്ടുള്ളത്. അമ്പലപ്പുഴ-തിരുവല്ല റോഡിന്റെ പുനരുദ്ധാരണ പണികള്‍ക്ക് തുക അനുവദിച്ചപ്പോള്‍ ആലപ്പുഴ ജില്ലയ്ക്ക് പ്രാധാന്യം നല്‍കി എന്ന് ചിലര്‍ ആരോപണം ഉന്നയിച്ചിരുന്നു. അമ്പലപ്പുഴ-തിരുവല്ല റോഡിന്റെ 12 കിലോമീറ്റര്‍ ദൂരം പത്തനംതിട്ടയിലാണ് എന്ന കാര്യം ഇക്കൂട്ടര്‍ വിസ്മരിച്ചു. ശബരിമല തീര്‍ഥാടകര്‍ കൂടുതലായി ഉപയോഗിക്കുന്ന ഇടുക്കി, പത്തനംതിട്ട, കോട്ടയം, കൊല്ലം എന്നീ അഞ്ച് ജില്ലകളിലെ റോഡുകളുടെ അറ്റകുറ്റപ്പണികള്‍ക്കാണ് സര്‍ക്കാര്‍ ശബരിമല സീസണിനു മുന്‍പ് കൂടുതല്‍ തുക അനുവദിച്ചിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.

ഒഴുവന്‍പാറ-വടശേരിക്കര റോഡിന്റെ ശോച്യാവസ്ഥ സംബന്ധിച്ച് ഇന്നത്തെ പത്രത്തില്‍ ഒരു വാര്‍ത്തയുണ്ടായിരുന്നു. ഇത്തരത്തില്‍ ജനങ്ങള്‍ക്ക് പ്രയോജനപ്രദമായ കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുവാന്‍ മാധ്യമങ്ങള്‍ തയാറാകണം. പലപ്പോഴും അസത്യങ്ങള്‍ മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ട്. ഇത് ജനങ്ങള്‍ക്ക് ഗുണകരമല്ലയെന്ന് എല്ലാവരും മനസിലാക്കണം. ഒഴുവന്‍പാറ-വടശേരിക്കര റോഡ് ഉള്‍പ്പെടെ ശബരിമല തീര്‍ഥാടകര്‍ക്ക് പ്രയോജനകരമായ എല്ലാ റോഡുകളുടെയും അറ്റകുറ്റപ്പണി അടിയന്തിരമായി ഏറ്റെടുത്ത് പൂര്‍ത്തിയാക്കാന്‍ പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി. ഇതിനാവശ്യമായ തുക ഉടന്‍ അനുവദിക്കുന്നതാണെന്നും മന്ത്രി പറഞ്ഞു.

പുനലൂര്‍-മൂവാറ്റുപുഴ റോഡിന്റെ പണികള്‍ കെഎസ്ടിപിയുടെ ഒന്നാം പദ്ധതിയില്‍ 18 വര്‍ഷം മുന്‍പ് ഉള്‍പ്പെടുത്തിയിരുന്നതാണ്. കെഎസ്ടിപിയുടെ രണ്ടാം പദ്ധതിയിലും ഇത് നീട്ടി നല്‍കിയെങ്കിലും പണി തുടങ്ങാന്‍ കഴിഞ്ഞില്ല. മുന്‍ സര്‍ക്കാരിന്റെ കാലത്ത് ഇതിനാവശ്യമായ തുക അനുവദിക്കാതെ ഇപ്പോള്‍ സമരം ചെയ്യുന്നത് ശരിയല്ലെന്നും മന്ത്രി പറഞ്ഞു. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നിട്ട് ഒന്നരവര്‍ഷമാകുന്നതേയുള്ളു. മുന്‍ സര്‍ക്കാരിന്റെ കാലത്ത് ലോക ബാങ്കുമായി ഏര്‍പ്പെട്ടിരിക്കുന്ന കരാറില്‍ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന രീതിയില്‍ ടോള്‍ പിരിക്കുന്നതിനുള്ള വ്യവസ്ഥയുണ്ട്. ഇത് സര്‍ക്കാര്‍ അംഗീകരിക്കില്ല. ടോള്‍ പിരിക്കുന്നതിന് ഈ സര്‍ക്കാര്‍ എതിരാണ്. ലോക ബാങ്കിന് പണി ഏറ്റെടുക്കാന്‍ താല്‍പര്യമില്ലെങ്കില്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഏതെങ്കിലും റോഡ് നിര്‍മാണ കമ്പനികളെ കൊണ്ട് അത് ഏറ്റെടുത്ത് പൂര്‍ത്തിയാക്കാന്‍ സര്‍ക്കാര്‍ തയാറാണ്. ഈ റോഡ് പണി നടത്തുന്നതിന് ലോകബാങ്കിന് കൈമാറിയിട്ടുള്ളതിനാല്‍ അവരുമായി ചര്‍ച്ച നടത്തി മാത്രമേ ഇക്കാര്യത്തില്‍ ഒരു തീരുമാനമെടുക്കാന്‍ കഴിയു. കഴിഞ്ഞ മാസം ലോക ബാങ്കിന്റെ പ്രതിനിധികള്‍ എത്തി സര്‍ക്കാരുമായി ചര്‍ച്ച നടത്തിയിരുന്നു. ഇക്കാര്യത്തില്‍ ഒരു തീരുമാനമറിയിക്കാന്‍ നാലു മാസമാണ് അവര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. നവംബറില്‍ അവര്‍ ചര്‍്ച്ചകള്‍ക്കായി വീണ്ടുമെത്തും. അപ്പോള്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു. ശബരിമല സീസണിനു മുന്‍പ് പുനലൂര്‍-മൂവാറ്റുപുഴ റോഡിന്റെ അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കാന്‍ അനുമതി നല്‍കിയതായും അദ്ദേഹം പറഞ്ഞു.

വടശേരിക്കര-ചിറ്റാര്‍-സീതത്തോട്-പ്ലാപ്പള്ളി റോഡിന്റെ നിര്‍മാണത്തിനായി സ്ഥലം വിട്ടു നല്‍കാന്‍ തയാറായവരെ മന്ത്രി പ്രത്യേകം അഭിനന്ദിച്ചു.
ശബരിമല തീര്‍ഥാടകര്‍ക്ക് ഏറെ പ്രയോജനമുള്ള ഒരു റോഡാണ് വടശേരിക്കര-ചിറ്റാര്‍-സീതത്തോട്-പ്ലാപ്പള്ളി റോഡ് എന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച രാജു ഏബ്രഹാം എംഎല്‍എ പറഞ്ഞു. മണ്ണാറക്കുളഞ്ഞി -പമ്പാ റോഡില്‍ ഗതാഗതം തടസപ്പെടുമ്പോള്‍ തീര്‍ഥാടകര്‍ക്ക് സഞ്ചരിക്കാനുള്ള പ്രധാനപ്പെട്ട മറ്റൊരു റോഡ് എന്ന നിലയിലാണ് ബിഎം ബിസി നിലവാരത്തില്‍ 11 മീറ്റര്‍ വീതിയോടെ റോഡ് പുനരുദ്ധരിക്കാന്‍ തീരുമാനിച്ചതെന്നും എംഎല്‍എ പറഞ്ഞു. 17 മാസത്തിനുള്ളില്‍ റാന്നിയിലെ റോഡുകളുടെ വികസനത്തിനായി 268 കോടി രൂപയുടെ പദ്ധതികള്‍ക്ക് അംഗീകാരം നല്‍കിയ പൊതുമരാമത്ത് വകുപ്പ് മന്ത്രിയെയും സംസ്ഥാന സര്‍ക്കാരിനെയും എംഎല്‍എ അഭിനന്ദിച്ചു.

റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ മധു, വടശേരിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മണിയാര്‍ രാധാകൃഷ്ണന്‍, ബ്ലോക്ക് പഞ്ചായത്തംഗം അഡ്വ. ചിഞ്ചു അനില്‍, സീതത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലേഖ സുരേഷ്, വാര്‍ഡ് മെമ്പര്‍മാരായ ഏബ്രഹാം കല്ലൂരേത്ത്, ടി.പി. സൈനബ, പൊതുമരാമത്ത് നിരത്തു വിഭാഗം എക്സിക്യുട്ടീവ് എന്‍ജിനിയര്‍ ആര്‍. അനില്‍കുമാര്‍, അസിസ്റ്റന്റ് എക്സിക്യുട്ടീവ് എന്‍ജിനിയര്‍ ബി. ശ്രീലത, രാഷ്ട്രീയ കക്ഷി പ്രതിനിധികളായ പി.ആര്‍. പ്രസാദ്, സമദ് മേപ്രത്ത്, ആലിച്ചന്‍ ആറൊന്നില്‍, ഫിലിപ്പ് കുരുടാമണ്ണില്‍, സ്വാഗതസംഘം കണ്‍വീനര്‍ ബെഞ്ചമിന്‍ ജോസ് ജേക്കബ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ലൈഫ് ലൈന്‍ കോന്നി ക്ലിനിക്കില്‍ കാര്‍ഡിയോളജി വിഭാഗം ആരംഭിച്ചു

അടൂര്‍: ലൈഫ് ലൈന്‍ ആശുപത്രിയുടെ കീഴിലുള്ള കോന്നി മള്‍ട്ടിസ്‌പെഷ്യല്‍റ്റി ക്ലിനിക്കില്‍ കാര…