ഓണ്‍ലൈന്‍ സേവനങ്ങള്‍ക്ക് കുട്ടികളില്‍ നിന്ന് പണം ഈടാക്കുന്നു

17 second read

ഷാര്‍ജ: സ്‌കൂളിന്റെ ഓണ്‍ലൈന്‍ സേവനങ്ങള്‍ക്ക് കുട്ടികളില്‍ നിന്ന് പണം വാങ്ങുന്നതായി പരാതി. അധിക പണം ഈടാക്കുന്നതിനെതിരെ രക്ഷിതാക്കള്‍ ഷാര്‍ജ വിദ്യാഭ്യാസ വകുപ്പില്‍ പരാതി നല്‍കി. ക്ലാസ് വര്‍ക്ക് ഷീറ്റുകളും പഠനസംബന്ധിയായ കാര്യങ്ങളും കുട്ടികള്‍ക്കു വെബ് സൈറ്റില്‍ നിന്നാണു ലഭിക്കുന്നത്. ഇതില്‍ പങ്കാളികളാകാനുള്ള രഹസ്യനമ്പരുകള്‍ കുട്ടികള്‍ക്കു നല്‍കും. സ്‌കൂള്‍ അറിയിപ്പുകളും മറ്റു പഠനകാര്യങ്ങളും കുട്ടികളെ അറിയിക്കുന്നതും ഇതുവഴിയാണ്.

ഈ ഓണ്‍ലൈന്‍ സേവനത്തിന് ഒരു കുട്ടിക്കു നൂറു ദിര്‍ഹം വീതം അധികം നല്‍കണമെന്നാണ് എമിറേറ്റിലെ ഒരു സ്‌കൂള്‍ ആവശ്യപ്പെട്ടത്. ഓരോ വര്‍ഷവും സേവനം ലഭിക്കണമെങ്കില്‍ ഈ തുക അടയ്ക്കണം. ഇതിനെതിരെയാണു രക്ഷിതാക്കള്‍ അധികൃതരെ സമീപിച്ചത്. പല കാരണങ്ങള്‍ പറഞ്ഞ് അധികപണം ഈടാക്കുന്ന രീതി സ്‌കൂളുകള്‍ക്കുണ്ടെന്നു രക്ഷിതാക്കള്‍ പരാതിയില്‍ പറയുന്നു.

പണം ഈടാക്കാനുള്ള സ്വകാര്യ സ്‌കൂളുകളുടെ ‘ഔദ്യോഗിക ബ്ളാക്ക്മെയില്‍ ‘ എന്നാണു ഇതിനെ വിശേഷിപ്പിക്കുന്നത്. ഇതിനെതിരെ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെയും വിദ്യാഭ്യാസ വകുപ്പുകളുടെയും ശക്തമായ നടപടി വേണമെന്നു രക്ഷിതാക്കള്‍ ആവശ്യപ്പെട്ടു. നിര്‍ബന്ധ സംഭാവനയും യാത്രകള്‍ സംഘടിപ്പിച്ചു പണം വാങ്ങുന്ന കാര്യവും രക്ഷിതാക്കള്‍ ഉന്നയിച്ചു. നിലവില്‍ സ്‌കൂളുകളുടെ പേരില്‍ വെബ്സൈറ്റുകളുണ്ട്. ഇതു പ്രയോജനപ്പെടുത്താനും വിപുലീകരിക്കാനും രക്ഷിതാക്കളുടെ പണം വാങ്ങുന്നത് എന്തിനാണെന്നും ഇവര്‍ ചോദിക്കുന്നു. ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന ഒരു കുട്ടിയുടെ പഠനനിലവാരം ഉയര്‍ത്താന്‍ പ്രത്യേക പരിശീലനത്തിന് അയയ്ക്കണമെന്നാണ് ഒരു രക്ഷിതാവിനു കിട്ടിയ നിര്‍ദേശം.

രാജ്യാന്തര നിലവാരത്തിലുള്ള ഈ പഠനത്തില്‍ പങ്കെടുക്കാനും പണം ആവശ്യപ്പെട്ടിട്ടുണ്ട്. കുട്ടികളെ സ്‌കൂളില്‍ അയയ്ക്കുന്നതു വന്‍തുക ഫീസ് നല്‍കിയാണ്. പണം നല്‍കി മറ്റിടങ്ങളിലേക്കു പരിശീലനത്തിനു വിടുകയാണെങ്കില്‍ സ്‌കൂളുകളുടെ ദൗത്യം എന്താണെന്നും രക്ഷിതാക്കള്‍ സംശയം പ്രകടിപ്പിച്ചു. ഒരു കുട്ടിക്കു പത്ത് ദിര്‍ഹം വീതം നല്‍കിയാല്‍ യൂണിഫോം ധരിക്കാതെ സ്‌കൂളില്‍ പോകാന്‍ അനുവദിക്കുന്ന അധ്യാപകരുണ്ടെന്നും ആക്ഷേപമുണ്ട്. ഇത്തരം പണപ്പിരിവുകള്‍ തടയാന്‍ മന്ത്രാലത്തിന്റെ കടുത്തനിയമവും നിരീക്ഷണവും വേണമെന്നു രക്ഷിതാക്കള്‍ ആവശ്യപ്പെട്ടു.

വിവിധ പേരുകളില്‍ രക്ഷിതാക്കളില്‍നിന്നു പണം ഈടാക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നു ഷാര്‍ജ വിദ്യാഭ്യാസ വകുപ്പ് സ്വകാര്യ സ്‌കൂളുകള്‍ക്കു താക്കീതു നല്‍കി. കുറുക്കുവഴികളിലൂടെ അധികനിരക്ക് ഈടാക്കുന്നതു നിയമലംഘനമാണ്. ഏതെങ്കിലും രക്ഷിതാക്കള്‍ക്കു സ്‌കൂളുകള്‍ അനധികൃതമായി പണം ഈടാക്കുന്നതായി വ്യക്തമായാല്‍ രേഖാമൂലം പരാതി നല്‍കണമെന്നും വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ അറിയിച്ചു.

യാത്ര, സംഭാവന തുടങ്ങിയപേരില്‍ രക്ഷിതാക്കളില്‍ നിന്നു പണം വാങ്ങാന്‍ എമിറേറ്റിലെ സ്‌കൂളുകള്‍ക്ക് അധികാരം നല്‍കിയിട്ടില്ല. വിദ്യാഭ്യാസ വകുപ്പിന്റെ അനുമതിയില്ലാതെ കുട്ടികളില്‍ നിന്നു പണം സ്വരൂപിച്ചാല്‍ സ്‌കൂളുകള്‍ നടപടി നേരിടേണ്ടിവരുമെന്നും അധികൃതര്‍ വ്യക്തമാക്കി.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

അടിച്ചു പാമ്പായപ്പോള്‍ തോട്ടില്‍ കണ്ടത് പെരുമ്പാമ്പിനെ: എടുത്ത് തോളിലിട്ട യുവാവ് പുലിവാല്‍ പിടിച്ചു

അടൂര്‍: കള്ളു മൂത്തപ്പോള്‍ തൊട്ടടുത്ത തോട്ടില്‍ കണ്ട പെരുമ്പാമ്പിനെ പിടിച്ച് തോളിലിട്ട് യു…