ശ്രീറാം വെങ്കിട്ടരാമന്റെ രക്ത പരിശോധനയില്‍ മദ്യത്തിന്റെ സാന്നിധ്യം കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് സൂചന:അപകടം നടന്ന് 10 മണിക്കൂറിന് ശേഷമാണ് രക്ത സാമ്പിളെടുത്തത്.3 ദൃക്സാക്ഷികളും ശ്രീറാം മദ്യപിച്ചിരുന്നതായി പറഞ്ഞിട്ടുണ്ടെങ്കിലും ഇത് മൊഴിയായി രേഖപ്പെടുത്തിയില്ല:പൊലീസിന്റെ അനാസ്ഥയാണ് ഈ കേസില്‍ അട്ടിമറി നടത്താന്‍ ഇടയാക്കി

17 second read

തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമന്റെ രക്ത പരിശോധനയില്‍ മദ്യത്തിന്റെ സാന്നിധ്യം കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് സൂചന. രക്ത പരിശോധന ഫലം ഔദ്യോഗികമായി ഇന്ന് കൈമാറുക. അതസമയം അനൗദ്യോഗിക റിപ്പോര്‍ട്ട് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചതായി സൂചനയുണ്ട്. അപകടം നടന്ന് പത്ത് മണിക്കൂറിന് ശേഷമാണ് രക്ത സാമ്പിളെടുത്തത്. നിയമം തെറ്റിച്ച് കൊണ്ട് സ്വകാര്യ ആശുപത്രിയില്‍ ശ്രീറാം ചികിത്സ തേടിയത് രക്തത്തിലെ ആല്‍ക്കഹോളിന്റെ സാന്നിധ്യം കുറയ്ക്കാനാണെന്ന ആരോപണം ഉയരുന്നതിനിടെയാണ് ഫലം വന്നിരിക്കുന്നത്. ശ്രീറാം മദ്യപിച്ചിരുന്നതായി സംഭവ സ്ഥലത്തുണ്ടായിരുന്ന ദൃക്‌സാക്ഷികളും ആദ്യം അദ്ദേഹത്തെ കൊണ്ട് പോയ ജനറല്‍ ആശുപത്രിയിലെ ഡോക്ടറും പൊലീസ് ഉദ്യോഗസ്ഥനും മദ്യത്തിന്റെ മണമുള്ളതായി പറഞ്ഞിരുന്നു.

3 ദൃക്സാക്ഷികളും ശ്രീറാം മദ്യപിച്ചിരുന്നതായി പറഞ്ഞിട്ടുണ്ടെങ്കിലും ഇത് മൊഴിയായി രേഖപ്പെടുത്തിയിരുന്നില്ല. ഈ സാഹചര്യത്തില്‍ സര്‍വേ ഡയറക്ടര്‍ക്ക് കേസില്‍ നിന്നും അനായാസം രക്ഷപെടാന്‍ സാധിക്കുന്ന അവസ്ഥയാണ് സംജാതമായിരിക്കുന്നത്. തിരുവനന്തപുരം കെമിക്കല്‍ പരിശോധനാ ലാബില്‍ നടത്തിയ പരിശോധനയിലാണ് ശ്രീറാമിന്റെ രക്തത്തില്‍ മദ്യത്തിന്റെ അളവില്ലെന്ന് കണ്ടെത്തിയത്. സമയം വൈകും തോറും ശരീരത്തിലെ മദ്യത്തിന്റെ സാന്നിധ്യം കുറയുമെന്ന് നേരത്തെ വിദഗദ്ധര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. പൊലീസിന്റെ അനാസ്ഥയാണ് ഈ കേസില്‍ അട്ടിമറി നടത്താന്‍ ഇടയാക്കിയിരിക്കുന്നത്.

അപകടം കഴിഞ്ഞ് അധികം വൈകാതെ സ്വകാര്യ ആശുപത്രിയില്‍ അഡ്മിറ്റായ ശ്രീറാമിന് മദ്യത്തിന്റെ സാന്നിധ്യം രക്തത്തില്‍ നിന്നും ഇല്ലാതാക്കാനുള്ള മരുന്ന് നല്‍കിയിരുന്നോ എന്ന സംശയവും ചില കോണുകളില്‍ നിന്നും ഉയരുന്നുണ്ട്. അപകടം നടക്കുന്ന സമയത്ത് ശ്രീറാം മദ്യപിച്ചിരുന്നുവെന്ന് തെളിയിക്കാന്‍ സാധിക്കാത്ത പക്ഷം സ്റ്റേഷന്‍ ജാമ്യം കിട്ടുന്ന മനഃപൂര്‍വ്വമല്ലാത്ത നരഹത്യ മാത്രമായിരിക്കും ശ്രീറാമിന്റെ പേരില്‍ നിലനില്‍ക്കുന്ന കുറ്റം.

അതേസമയം റിമാന്‍ഡിലായിട്ടും കിംസ് ആശുപത്രിയിലെ പഞ്ചനക്ഷത്രറൂമില്‍ തുടരുകയായിരുന്ന ശ്രീറാമിനെ ഇന്നലെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പൊലീസ് സെല്ലിലേക്ക് മാറ്റി. ഇന്നലെ വൈകുന്നേരത്തോടെ ആശുപത്രിയിലെത്തിയ മ്യൂസിയം പൊലീസ് ആശുപത്രി ആംബുലന്‍സില്‍ ശ്രീറാമിനെ പൂജപ്പുര സബ് ജയിലിലെത്തിച്ചു. ഇവിടെ നിന്നുമാണ് ശ്രീറാമിനെ മെഡി.കോളേജ് ആശുപത്രിയിലേക്ക് ചികിത്സയ്ക്കായി കൊണ്ടു പോകാന്‍ തീരുമാനിച്ചത്. കേസില്‍ ശ്രീറാം നല്‍കിയ ജാമ്യാപേക്ഷ നാളെ തിരുവനന്തപുരം ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി പരിഗണിക്കുന്നുണ്ട്. ഇന്ന് കേസില്‍ അനുകൂല വിധി നേടാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ശ്രീരാം വെങ്കിട്ടരാമന്‍. അതിന് അവസരം ഒരുക്കുന്ന വിധത്തിലാണ് ഇപ്പോഴത്തെ കാര്യങ്ങളുടെ മുന്നോട്ടു പോകുന്നത്.

തുടക്കം മുതല്‍ നടന്ന അട്ടിമറി ശ്രമങ്ങളാണ് വിജയിക്കുന്നത്. തുടക്കം മുതല്‍ തന്നെ ശ്രീരാമിനെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ ശക്തമായിരുന്നു. സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനായ ശ്രീരാമിനെ രക്ഷിക്കാന്‍ വേണ്ടി ഐഎഎസ്-ഐപിഎസ് ഒത്തുകളിയാണ് പരസ്യമായി നടക്കുന്നത്. എഫ്.ഐ.ആറില്‍ മുതല്‍ അട്ടിമറി ശ്രമങ്ങളാണ് കേസില്‍ നടന്നതെന്ന് വ്യക്തമാണ്. അപകട വിവരം പൊലീസ് സ്റ്റേഷനില്‍ അറിഞ്ഞത് ശനിയാഴ്ച രാവിലെ 7.17ന് എന്നാണ് എഫ്.ഐ.ആറില്‍ രേഖപ്പെടുത്തുന്നത്. അപകടം നടന്നത് പുലര്‍ച്ചെ ഒരു മണിയോടെയായിട്ടും പൊലീസ് സ്ഥലത്തെത്തി ശ്രീരാമിനെയും യുവതിയെയും സ്ഥലത്തു നിന്നും മാറ്റിയിരുന്നു. പുലര്‍ച്ചെ നടന്ന കാര്യങ്ങളൊന്നും രേഖപ്പെടുത്താതെയാണ് എഫ്.ഐ.ആറിട്ടത്. എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത് ശനിയാഴ്ച രാവിലെ 7.26ന് മാത്രമായിരുന്നു. ശനിയാഴ്ച പുലര്‍ച്ചെ ഒരു മണിക്ക് തന്നെ പൊലീസ് നടപടി സ്വീകരിച്ചത് മറച്ചുവെച്ചു. എഫ്.ഐ.ആറിലെ അട്ടിമറി രക്തപരിശോധന വൈകിപ്പിച്ചത് ന്യായീകരിക്കാന്‍ ആണെന്നാണ് സൂചന.

മദ്യലഹരിയില്‍ കാറോടിച്ച് മാധ്യമപ്രവര്‍ത്തകനെ കൊന്നകേസില്‍ ഐഎഎസുകാരന്‍ ശ്രീറാം വെങ്കിട്ടരാമനെതിരെ പൊലീസ് ചുമത്തിയത് 10 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന 304 വകുപ്പാണെങ്കിലും ഇക്കാര്യത്തില്‍ അടക്കം കൂടുതല്‍ വ്യക്തത വരാനുണ്ട്. നരഹത്യ കുറ്റത്തിന് റിമാന്‍ഡിലായ ഐഎഎസ് ഉദ്യോഗസ്ഥനെ ഇതുവരെ സസ്പെന്റ് ചെയ്തിട്ടില്ല. കേസില്‍ ശിക്ഷിക്കപ്പെട്ടാല്‍ ശ്രീറാമിനെ സിവില്‍ സര്‍വീസില്‍ നിന്ന് പുറത്താക്കപ്പെടും. അതുകൊണ്ട് തന്നെയാണ് സംരക്ഷിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നത്. അറസ്റ്റിലായ ശ്രീരാമിനെ ആശുപത്രിയിലെ സെല്ലിലേക്ക് മാറ്റാന്‍ പൊലീസ് തയ്യാറായില്ലെന്ന് മാത്രമല്ല പഞ്ചനക്ഷത്ര സൗകര്യങ്ങള്‍ ഒരുക്കുകയും ചെയ്തു.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …