ഐഎഎസ് പ്രമാണിക്ക് കിംസ് ആശുപത്രിയില്‍ ‘കര്‍ക്കിടക’ സുഖചികിത്സ തുടരുന്നു: കാര്യമായ പരിക്കുകളില്ലാതെ ഹോസ്പിറ്റല്‍ റിമാന്റില്‍ കഴിയുന്ന ശ്രീറാം വെങ്കിട്ടരാമന് പോലീസ് നല്‍കുന്നത് തലസ്ഥാനത്തെ പഞ്ച നക്ഷത്ര ഹോട്ടലില്‍ ഉള്ളതിനേക്കാള്‍ സൗകര്യങ്ങള്‍ :ശ്രീറാമിന്റെ സിവില്‍ സര്‍വീസ് ബുദ്ധിക്കു മുന്നില്‍ മുട്ടുമടക്കി കേരളാ ‘പോലീസ്’

16 second read

തിരുവനന്തപുരം: ആശുപത്രിയില്‍ ഐഎഎസുകാരന്‍ ശ്രീറാം വെങ്കിട്ടരാമന് പൊലീസ് നല്‍കുന്നത് സുഖ ചികില്‍സ. കിംസ് സൗത്ത് ബ്ലോക്കില്‍ ഒന്‍പതാമത്തെ നിലയില്‍ 923 റൂമിലാണ് ശ്രീറാം വെങ്കിട്ടരാമന്‍ സുഖവാസത്തിലുള്ളത്. തിരുവനന്തപുരത്തെ പഞ്ച നക്ഷത്ര ഹോട്ടലിനെ തോല്‍പ്പിക്കുന്ന സൗകര്യങ്ങള്‍. 6000 മുതല്‍ 13000 ആയിരം രൂപ വരെയാണ് കിംസ് ആശുപത്രിയിലെ ഡീലക്സ് റൂമിന്റെ വാടക. ഇവിടെയാണ് അസുഖമൊന്നുമില്ലാത്ത ശ്രീറാം വെങ്കിട്ടരാമന്റെ താമസം. ഐഎഎസ് ലോബിയാണ് ശ്രീറാമിന് വേണ്ടി രംഗത്തുള്ളത്. അതുകൊണ്ട് തന്നെ ശ്രീറാമിനെ ഡിസ്ചാര്‍ജ്ജ് ചെയ്യാന്‍ ആശുപത്രിക്കും കഴിയുന്നില്ല. മജിസ്ട്രേട്ടിനെ ആശുപത്രിയില്‍ എത്തിച്ച് റിമാന്‍ഡ് ചെയ്തതും ആശുപത്രി വാസം ഉറപ്പാക്കാനും ശ്രീറാമിനെ തലകുനിഞ്ഞുള്ള ചിത്രം പുറത്തുവരാതിരിക്കാനുമാണ്. ഐഎഎസ് ക്ലബ്ബിലെ സുഖലോലുപതയില്‍ അടിച്ചു പൂസായി മാധ്യമ പ്രവര്‍ത്തകന്റെ ജീവനെടുത്ത ശ്രീറാമിനെ കിംസിലേക്ക് എത്തിച്ചതും സിവില്‍ സര്‍വ്വീസ് ബുദ്ധിയാണ്.

സര്‍ക്കാര്‍ ആശുപത്രിയിലെ സെല്ലിലേക്ക് മാറ്റാന്‍ പൊലീസ് തയ്യാറായില്ലെന്ന് മാത്രമല്ല പഞ്ചനക്ഷത്ര സൗകര്യങ്ങളാണ് ആശുപത്രിയില്‍ ശ്രീറാമിന് ലഭിക്കുന്നത്. എസി ഡീലക്സ് മുറിയാണ് ശ്രീറാമിന് നല്‍കിയിട്ടുള്ളത്. ഡോക്ടര്‍മാരുടെ സംഘം എപ്പോഴും ശ്രീറാമിനെ പരിചരിക്കുന്നു. എംആര്‍എ സ്‌കാന്‍ അടക്കം പരിശോധനകള്‍ ഉണ്ടെന്നും അതിന് വേണ്ടിയാണ് സ്വകാര്യ ആശുപത്രിയില്‍ തന്നെ കഴിയുന്നതെന്നുമാണ് അധികൃതരുടെ വിശദീകരണം. എസിയും ടിവിയും അടക്കം എല്ലാ സൗകര്യങ്ങളും ഉള്ള മുറിയിലാണ് ശ്രീറാം കഴിയുന്നത്. പരിചയക്കാരും സുഹൃത്തുക്കളുമായ ഡോക്ടര്‍മാരാണ് ചികിത്സിക്കാന്‍ ഒപ്പം ഉള്ളത്. ശ്രീറാം വെങ്കിട്ടരാമന്‍ ടിവി കണ്ടുകൊണ്ടിരിക്കുകയാണ് എന്നതടക്കമുള്ള വിവരങ്ങളും ആശുപത്രിയില്‍ നിന്ന് പുറത്ത് വരുന്നുണ്ട്. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സെല്ലിലേക്ക് മാറ്റാന്‍ പൊലീസ് തയ്യാറാകുന്നില്ലെന്നാണ് ശ്രദ്ധേയമായ കാര്യം.

മെഡിക്കല്‍ കോളേജിലേക്ക് മാറ്റാന്‍ കഴിയാത്ത വിധം ഒരു പരുക്കും ശ്രീറാമിന് ഇല്ലെന്നിരിക്കെ ശ്രീറാമിന് വേണ്ടി പൊലീസ് വഴിവിട്ട സഹായം നല്‍കുകയാണെന്നും ഇതോടെ വ്യക്തമായി. അപകടത്തെ തുടര്‍ന്ന് കാര്യമായ പരുക്കൊന്നും ശ്രീറാമിനുള്ളതായി ചികിത്സിച്ച ഒരു ഡോക്ടറും ഇതുവരെ റിപ്പോര്‍ട്ട് നല്‍കിയിട്ടില്ല. ശ്രീറാം വെങ്കിട്ടരാമന്‍ ജാമ്യത്തിന് വേണ്ടിയുള്ള ഇടപെടലും സജീവമായി നടത്തുന്നുണ്ടെന്നാണ് സൂചന. രണ്ട് ദിവസത്തിനകം ജാമ്യാപേക്ഷയുമായി കോടതിയെ സമീപിക്കാനാണ് നീക്കം. മദ്യപിച്ച് കാറോടിച്ച് മാധ്യമപ്രവര്‍ത്തകനെ കൊന്ന കേസില്‍ റിമാന്റിലായിട്ടും സര്‍വെ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെതിരായ സസ്പെന്‍ഷന്‍ നടപടികളും വൈകുകയാണ്.ശ്രീറാം വെങ്കിട്ടരാമന്റെ രക്തപരിശോധനാ ഫലം തിരിച്ചടിയാകുമോ എന്ന് ആശങ്ക ഉയരുന്നുണ്ട്. പരിശോധന വൈകിയതിനാല്‍ രക്തത്തില്‍ മദ്യത്തിന്റെ അളവ് കണ്ടെത്താനുള്ള സാധ്യത കുറഞ്ഞിട്ടുണ്ട്. ഇതിനാല്‍ ഫലം ശ്രീറാമിന് അനുകൂലമായേക്കാം. രക്തത്തിലെ മദ്യത്തിന്റെ അംശം കുറയ്ക്കാനുള്ള മരുന്ന് ശ്രീറാമിന് നല്‍കിയോയെന്നും സംശയമുണ്ട്. ആദ്യഘട്ടത്തില്‍ രക്ത പരിശോധനയ്ക്ക് പൊലീസ് തയാറായിരുന്നില്ല. ഇന്നലെ ഉച്ചയോടെയാണ് രക്തസാംപിള്‍ ശേഖരിച്ചത്.

അപകടത്തിന് ശേഷം ജനറല്‍ ആശുപത്രിയിലേക്കാണ് ശ്രീറാം ആദ്യം എത്തിയത്. ഇവിടെ വച്ച് ചില ഐഎഎസുകാരുമായി ശ്രീറാം സംസാരിച്ചിരുന്നു. പൊലീസിലെ സുഹൃത്തുക്കളോടും. ഇവരാണ് സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയ്ക്ക് പോകാന്‍ നിര്‍ദ്ദേശിച്ചത്. ഡോക്ടറായ ശേഷം ഐഎഎസ് കിട്ടിയ വ്യക്തിയാണ് ശ്രീറാം. അതുകൊണ്ട് തന്നെ നിരവധി ഡോക്ടര്‍മാര്‍ അടുത്ത സുഹൃത്തുക്കളാണ്. ഈ സുഹൃത്തുക്കളാണ് കിംസില്‍ ചികില്‍സയൊരുക്കുന്നത്. ചെറിയ പരിക്ക് മാത്രമേ ശ്രീറാമിനുള്ളൂവെന്നാണ് ലഭിക്കുന്ന സൂചന. രണ്ട് പൊലീസുകാര്‍ മുറിക്ക് പുറത്ത് കാവലുണ്ട്. അതിന് മുമ്പില്‍ മറ്റൊരു സുരക്ഷാ ലയറും. ആവശ്യമില്ലാത്ത ആരും ഈ മുറിക്ക് അടുത്തു പോലും എത്തുന്നില്ലെന്ന് ഉറപ്പിക്കാനാണ് ഇത്. ആശുപത്രി മതുലാളി വന്നാല്‍ പോലും ഒന്‍പതാമത്തെ നിലയില്‍ ഫോണ്‍ ഉപയോഗിക്കാന്‍ കഴിയില്ല. ശ്രീറാം വെങ്കിട്ടരാമന്റെ ചിത്രങ്ങള്‍ പുറത്തെത്തുന്നില്ലെന്ന് ഉറപ്പാക്കാനാണ് ഇത്. ഡോക്ടര്‍മാര്‍ക്ക് പോലും കര്‍ശന നിയന്ത്രണമാണ് ശ്രീറാമിന്റെ മുറിയിലേക്കുള്ളത്.

ടിവിയും ഇന്റര്‍കോമുമെല്ലാം മുറിയിലുണ്ട്. തനിക്കെതിരെയുള്ള വാര്‍ത്തകള്‍ കണ്ട് ഉല്ലസിച്ചാണ് കിടപ്പ്. ജാമ്യം കിട്ടും വരെ ഇവിടെ ശ്രീറാം തുടരും. ഏത് ഉന്നതനായാലും നിയമത്തിന് മുന്നില്‍ തുല്യരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ആര്‍ക്കെതിരെയും നടപടിയെടുക്കുമെന്നും സ്ഥാനമോ പദവിയോ പൊലീസിന്റെ കൃത്യനിര്‍വഹണത്തില്‍ തടസമാകില്ലെന്നും അദ്ദേഹം പറഞ്ഞു. കേരള പൊലീസ് അക്കാദമിയില്‍ പരിശീലനം പൂര്‍ത്തിയാക്കിയ വനിതാ പൊലീസ് ബറ്റാലിയന്‍ രണ്ടാം ബാച്ചിന്റെ പാസിങ് ഔട്ട് പരേഡ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി ഇങ്ങനെ പറയുമ്പോഴാണ് കൊലക്കേസിലെ പ്രതിക്ക് സുഖവാസം ഒരുക്കുന്നത്. അതായത് മുഖ്യമന്ത്രിയുടെ വാക്കുകള്‍ക്ക് പൊലീസ് പുല്ലുവില നല്‍കുന്നുവെന്നതാണ് വസ്തുത. സാധാരണക്കാര്‍ക്കൊന്നും ലഭിക്കാത്ത പരിഗണനയും പരിചരണവുമാണ് ശ്രീറാമിന് കിട്ടുന്നത്.

നിയമത്തിന് മുന്നില്‍ എല്ലാവരും സമന്മാരാണ്. ഏത് ഉന്നതനായാലും നിയമത്തിന്റെ കണ്ണില്‍ പ്രത്യേക പരിഗണനയില്ല. തെറ്റ് ചെയ്തിട്ടുണ്ടോ, ആ തെറ്റ് ചെയ്തവര്‍ക്കെതിരെ സ്വാഭാവികമായും കര്‍ക്കശ നടപടിയെടുക്കും. ഇരിക്കുന്ന സ്ഥലത്തിന്റെ പ്രത്യേകതയോ സ്ഥാനമോ പൊലീസിന്റെ കൃത്യനിര്‍വഹണത്തിന് തടസമാകില്ല – ഇതായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകള്‍. ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ച് മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഉത്തരവാദികളായ ആരും നിയമത്തിന് മുന്നില്‍നിന്ന് രക്ഷപ്പെടില്ലെന്ന് കഴിഞ്ഞദിവസം മുഖ്യമന്ത്രി പറഞ്ഞിരുന്നു. അപകടവുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കൈകാര്യം ചെയ്യുന്നതെന്നും ഒരുവിട്ടുവീഴ്ചയും അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇതിന് ശേഷമായിരുന്നു ശ്രീറാമിനെ അറസ്റ്റ് ചെയ്തത്. എന്നാല്‍ ജയില്‍ വാസം ഒഴിവാക്കി കൊടുക്കാന്‍ ഉന്നത തല ഇടപെടലുകള്‍ നടക്കുകയും ചെയ്തു. മദ്യ പരിശോധന താമസിപ്പിച്ചതു പോലും ശ്രീറാമിനെ രക്ഷിക്കാനായിരുന്നു. ആശുപത്രിയില്‍ കിടത്തി ചികില്‍സ വേണ്ടാത്ത പ്രശ്നത്തിനാണ് ഇപ്പോള്‍ ആശുപത്രിയിലെ ചികില്‍സ. അതുകൊണ്ട് തന്നെ ജയില്‍ വാസം ഒഴിവാക്കാനാണ് നീക്കമെന്ന് വ്യക്തമാണ്.

പരിക്കുകളുള്ളതിനാല്‍ ചികിത്സ ആവശ്യമാണെന്ന് വ്യക്തമാക്കിയാണ് ആശുപത്രിയില്‍ കഴിയുന്നത്. കൈക്കും കാലുകള്‍ക്കും ചെറിയ പരിക്കുകളും നെഞ്ചിന് വേദനയുമുണ്ടെന്ന് വ്യക്തമാക്കിയാണ് ശ്രീറാം ആശുപത്രിയില്‍ തുടരുന്നത്. ഈ പരിക്കുകള്‍ ഗുരുതരമല്ലെന്നും നിരീക്ഷണം വേണ്ട സാഹചര്യം മാത്രമാണ് വേണ്ടത് എന്നുമാണ് ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നത്. അതേ സമയം ഞായറാഴ്ച രാവിലെ ഡോക്ടര്‍മാരെത്തി പരിശോധന കഴിഞ്ഞാല്‍ മാത്രമേ ആശുപത്രിയില്‍ തുടരണമോ സബ്ജിയിലിലേക്ക് കൊണ്ടുപോകുമോ എന്നതടക്കമുള്ള തുടര്‍നടപടിക്കളെക്കുറിച്ച് വ്യക്തമാകുകയുള്ളൂവെന്ന് പൊലീസ് നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ പരിചയമുള്ള ഡോക്ടര്‍മാര്‍ പരിശോധിക്കുന്നത് ശ്രീറാമിന് തുണയാണ്. റിമാന്‍ഡ് ചെയ്താല്‍ സര്‍വീസ് ചട്ടപ്രകാരം 24 മണിക്കൂറിനുള്ളില്‍ സസ്‌പെന്‍ഷനടക്കമുള്ള വകുപ്പ് തല നടപടികളുമുണ്ടാകണമെന്നാണ് വ്യവസ്ഥ. സംഭവത്തില്‍ ശ്രീറാമിനെ പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിട്ടും സസ്പെന്‍ഷനും സംഭവിച്ചില്ല.

ശനിയാഴ്ച പുലര്‍ച്ചെ തിരുവനന്തപുരം മ്യൂസിയത്തിന് എതിര്‍വശത്ത് വച്ചായിരുന്നു സിറാജ് ദിനപത്രം തിരുവനന്തപുരം ബ്യൂറോചീഫ് ബഷീറിന്റെ ബൈക്കിലേക്ക് ശ്രീറാമിന്റെ കാര്‍ ഇടിച്ചു കയറിയത്. ശ്രീറാമിനൊപ്പം സുഹൃത്തും മോഡലുമായ വഫാ ഫിറോസും കാറിലുണ്ടായിരുന്നു.വിദേശത്ത് പഠനാവധികഴിഞ്ഞ് സര്‍വേ ഡയറക്ടറായി തിരികെ സര്‍വീസിലെത്തിയതിന്റെ ഭാഗമായുള്ള ആഘോഷപരിപാടിയില്‍ പങ്കെടുത്തു മടങ്ങുകയായിരുന്നു ശ്രീറാം. ഗുരുതരമായി പരിക്കേറ്റ ബഷീര്‍ അവിടെത്തന്നെ മരിക്കുകയായിരുന്നു. കൊല്ലത്ത് പത്രത്തിന്റെ ഔദ്യോഗിക പരിപാടിയില്‍ പങ്കെടുത്ത് കവടിയാറിലെ ഓഫീസിലെത്തിയശേഷം ബൈക്കില്‍ കുന്നുകുഴിയിലെ താമസസ്ഥലത്തേക്ക് പോവുകയായിരുന്നു ബഷീര്‍.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …