കഫെ കോഫി ഡേ സ്ഥാപകന്‍ വി.ജി. സിദ്ധാര്‍ഥയുടെ മൃതദേഹം കണ്ടെത്തി

16 second read

മംഗളൂരു: കാണാതായ കഫെ കോഫി ഡേ സ്ഥാപകന്‍ വി.ജി. സിദ്ധാര്‍ഥയുടെ മൃതദേഹം കണ്ടെത്തി. മംഗളൂരു ബോളാര്‍ ഹൊയ്‌ഗെ ബസാര്‍ ഐസ് പ്ലാന്റ് പരിസരത്ത് നേത്രാവതി പുഴയില്‍നിന്നാണ് മൃതദേഹം കണ്ടെത്തിയത്. തിങ്കളാഴ്ച രാത്രിയാണ് മംഗളൂരു – കാസര്‍കോട് ദേശീയപാതയില്‍ നേത്രാവതിയിലെ പാലത്തില്‍ സിദ്ധാര്‍ഥയെ കണാതായത്. ബിജെപി നേതാവും കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും വിദേശകാര്യമന്ത്രിയുമായിരുന്ന എസ്.എം.കൃഷ്ണയുടെ മരുമകനാണ്.

തിങ്കളാഴ്ച വൈകിട്ട് ബെംഗളൂരുവില്‍ നിന്നു സകലേഷ്പുര, മംഗളൂരു വഴി കേരളത്തിലെ തലപ്പാടി ഭാഗത്തേക്ക് കാറില്‍ യാത്ര ചെയ്യുമ്പോഴാണ് സിദ്ധാര്‍ഥയെ കാണാതായത്. രാത്രി 7.45 ന് മംഗളൂരുവില്‍നിന്ന് 7 കിലോമീറ്റര്‍ പിന്നിട്ട് നേത്രാവതി പാലത്തിലെത്തിയപ്പോള്‍ കാര്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ടുവെന്നു ഡ്രൈവര്‍ പൊലീസിനു മൊഴി നല്‍കിയിരുന്നു.
ഫോണില്‍ ആരോടോ സംസാരിച്ചുകൊണ്ടു കാറില്‍നിന്നിറങ്ങിയ അദ്ദേഹം 800 മീറ്റര്‍ നീളമുള്ള പാലത്തിലൂടെ രണ്ടുവട്ടം നടന്നുവെന്നു ഡ്രൈവര്‍ പറയുന്നു. ഒരു മണിക്കൂര്‍ കഴിഞ്ഞിട്ടും തിരികെയെത്താഞ്ഞപ്പോള്‍ ഡ്രൈവര്‍ വാഹനത്തില്‍ നിന്നിറങ്ങി പരിശോധിച്ചു. കാണാതെ വന്നപ്പോള്‍ കുടുംബത്തെയും പൊലീസിനെയും അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നേത്രാവതി പുഴയില്‍ വ്യാപക തിരച്ചില്‍ നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.

കഠിന പരിശ്രമം നടത്തിയിട്ടും ബിസിനസില്‍ പരാജയപ്പെട്ടതില്‍ ദുഃഖം പ്രകടിപ്പിച്ച് അദ്ദേഹം എഴുതിയതെന്നു കരുതുന്ന കത്ത് കണ്ടെടുത്തിട്ടുണ്ട്. എന്നാല്‍, ഇതിലെ ഒപ്പിന്റെ ആധികാരികത ഉറപ്പാക്കിയിട്ടില്ല. ആദായനികുതി വകുപ്പിലെ മുന്‍ ഡയറക്ടര്‍ ജനറലില്‍നിന്ന് തനിക്ക് മാനസിക പീഡനമേറ്റിരുന്നുവെന്ന് വ്യക്തമാക്കുന്ന കത്താണ് സിദ്ധാര്‍ഥ ജീവനക്കാര്‍ക്ക് ഏഴുതിയിരുന്നത്. 2017 സെപ്റ്റംബറില്‍ സിദ്ധാര്‍ഥയുടെ മുംബൈ, ബെംഗളൂരു, ചെന്നൈ, ചിക്കമംഗളൂരു ഓഫിസുകളില്‍ ആദായനികുതി ഉദ്യോഗസ്ഥര്‍ തിരച്ചില്‍ നടത്തിയിരുന്നു. 650 കോടി രൂപയുടെ കണക്കില്‍പ്പെടാത്ത വരുമാനം കഫെ കോഫി ഡേയ്ക്കുണ്ടെന്നാണ് ആദായനികുതി വകുപ്പ് ഇതിനുപിന്നാലെ വെളിപ്പെടുത്തിയത്.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …