അടിമാലി: അടിമാലിയില്‍ സാമൂഹികപ്രവര്‍ത്തകയെ കൊലപ്പെടുത്തിയ കേസിലെ പ്രതി അറസ്റ്റിലായി. തൊടുപുഴ വണ്ടമറ്റം പടികുഴയില്‍ ഗിരോഷ് (30) ആണ് പിടിയിലായത്. ഇരുമ്പുപാലം പതിനാലാംമൈല്‍ ചാരുവിള പുത്തന്‍വീട് സിയാദിന്റെ ഭാര്യ സെലീന (38)യാണ് ചൊവ്വാഴ്ച കൊല്ലപ്പെട്ടത്. ഇവരെ കുത്തിക്കൊന്നശേഷം ഇടതുമാറിടം അറത്തുകൊണ്ടുപോവുകയായിരുന്നു. പ്രതിയുടെ തൊടുപുഴയിലെ വീട്ടില്‍നിന്നാണ് അറസ്റ്റുചെയ്തത്.
2015ല്‍ ഗിരോഷ് അടിമാലി ബസ്സ്റ്റാന്‍ഡില്‍ തന്റെ കംപ്യൂട്ടര്‍ സ്ഥാപനത്തില്‍ പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ചിരുന്നു. മാങ്കുളത്തെ അനാഥയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവം കേസായതോടെ സാമൂഹിക പ്രവര്‍ത്തകയും കൗണ്‍സിലറുമായ സെലീന വിഷയത്തില്‍ ഇടപെട്ടു. പ്രായപൂര്‍ത്തിയാകുമ്പോള്‍ പെണ്‍കുട്ടിയെ ഗിരോഷ് വിവാഹം കഴിക്കണമെന്ന വ്യവസ്ഥയുണ്ടാക്കി. ഈ വ്യവസ്ഥ ഗിരോഷ് അംഗീകരിച്ചു. തുടര്‍ന്ന് കേസ് ഒതുങ്ങി. വ്യവസ്ഥയനുസരിച്ച് 2015 ഏപ്രിലില്‍ ഗിരോഷ് തൊടുപുഴ അമ്പലത്തില്‍ വെച്ച് പെണ്‍കുട്ടിയെ വിവാഹം കഴിച്ചു. സെലീന വിവാഹത്തിന് മുന്‍പന്തിയിലുണ്ടായിരുന്നു. അന്നുമുതല്‍ സെലീനയോട് ഗിരോഷിന് വൈരാഗ്യമായി. ഇതു പുറത്തു കാണിക്കാതെ സൗഹൃദം നടിച്ചു.
ഒരുവര്‍ഷം മുന്‍പ് സ്വകാര്യ ധനകാര്യസ്ഥാപനത്തില്‍നിന്ന് വായ്പയെടുത്ത് സെലീന ഒരു വാഹനം വാങ്ങി. ഗിരോഷായിരുന്നു വായ്പയ്ക്ക് ജാമ്യം നിന്നത്. മൂന്നുതവണയില്‍ കൂടുതല്‍ സെലീനയുടെ വായ്പ അടവു മുടങ്ങി. ഇത് വേഗം അടയ്ക്കുവാന്‍ ഗിരോഷ് ആവശ്യപ്പെട്ടു. അടിമാലി സ്റ്റേഷനില്‍ സെലീനക്കെതിരേ പരാതിയും നല്‍കി. പരാതിയില്‍ പരിഹാരം കണ്ടെത്തിയില്ല. വേറെയും പണം സെലീന ഇയാളില്‍നിന്ന് വാങ്ങിയിരുന്നു. ഇത് ഗിരോഷിന് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കി.
ഇതിനിടെ ഗര്‍ഭിണിയായ ഭാര്യയെ പ്രസവത്തിന് തൊടുപുഴയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാവിലെ പണം വേണമെന്ന് സെലീനയോട് ആവശ്യപ്പെട്ടു. എന്നാല്‍ അനുകൂലമായ മറുപടി ലഭിച്ചില്ല. ചൊവ്വാഴ്ച ഉച്ചയോടെ കത്തിയുമായി ഗിരോഷ് സെലീനയുടെ വീട്ടിലെത്തി. പണം ആവശ്യപ്പെട്ടെങ്കിലും സെലീന നല്‍കാന്‍ തയ്യാറായില്ല. പ്രകോപിതനായ ഗിരോഷ് കൈയില്‍ കരുതിയ കത്തി ഉപയോഗിച്ച് കഴുത്തില്‍ കുത്തിവീഴ്ത്തി. തുടര്‍ന്ന് ഇടത് മുല മുറിച്ചെടുത്ത് പ്ലാസ്റ്റിക് കവറിലാക്കി തൊടുപുഴയിലെ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയി. ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.16നും 2.24നുമിടയ്ക്കാണ് സംഭവം നടന്നത്. രാത്രി എട്ടുമണിയോടെ സെലീനയുടെ ഭര്‍ത്താവ് സിയാദ് മീന്‍കച്ചവടം കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് സംഭവം പുറംലോകമറിയുന്നത്. സ്ഥലത്തെത്തിയ അടിമാലി പോലീസ് തൊട്ടടുത്തുള്ള സ്പൈസസ് സ്ഥാപനത്തിലെ സി.സി.ടി.വി. പരിശോധിച്ചു. സിയാദിന്റെ സഹായത്തോടെ പോലീസ് പ്രതിയെ തിരിച്ചറിഞ്ഞു.