ദുബായ്: ഹോര്‍മൂസ് കടലിടുക്കില്‍ വെള്ളിയാഴ്ച അര്‍ദ്ധരാത്രി ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടീഷ് എണ്ണക്കപ്പലിന്റെ 23 ജീവനക്കാരില്‍ മലയാളികളും ഉണ്ടെന്ന് സ്ഥിരീകരണം. കപ്പലിലെ 18 ജീവനക്കാര്‍ ഇന്ത്യാക്കാരാണെന്ന് കഴിഞ്ഞ ദിവസം വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു. ഇവരില്‍ മൂന്ന് പേര്‍ മലയാളികള്‍ ആണെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന സൂചന. ഇവരുടെ മോചനത്തിനായി അമേരിക്ക അടക്കമുള്ള ലോകരാജ്യങ്ങളുടെ സഹായത്തോടെ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.
എറണാകുളം സ്വദേശികളായ മൂന്ന് പേരാണ് സൗദി അറേബ്യയിലേക്ക് പോയ സ്റ്റെനാ ഇംപേരോ എന്ന ബ്രിട്ടീഷ് എണ്ണക്കപ്പലിലുള്ളതെന്നാണ് വിവരം. എറണാകുളം കളമശേരി സ്വദേശിയായ ഡിജോ പാപ്പച്ചന്‍ കപ്പലില്‍ ഉണ്ടെന്ന് ബന്ധുക്കളെ കപ്പല്‍ ഉടമകള്‍ അറിയിച്ചിട്ടിട്ടുണ്ട്. മറ്റ് രണ്ട് പേര്‍ തൃപ്പൂണിത്തുറ, പള്ളുരുത്തി സ്വദേശികളാണെന്നാണ് വിവരം. ഇതില്‍ പള്ളുരുത്തി സ്വദേശിയായ യുവാവാണ് കപ്പലിലെ ക്യാപ്ടനെന്നും സ്ഥിരീകരിക്കാത്ത വിവരമുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഇറാനില്‍ നിന്നും വിദേശകാര്യ വകുപ്പിന് ഔദ്യോഗിക അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍ പ്രതികരിച്ചു. പിടിച്ചെടുത്ത കപ്പലിലെ ജീവനക്കാരുടെ വിവരങ്ങള്‍ ലഭ്യമാക്കണമെന്ന് ഇറാനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇറാനില്‍ നിന്നും ഔദ്യോഗിക അറിയിപ്പ് ലഭിക്കുന്നത് വരെ ഇക്കാര്യം സ്ഥിരീകരിക്കാന്‍ കഴിയില്ല. ഇക്കാര്യത്തില്‍ ഇറാനുമായും കപ്പല്‍ കമ്പനികളുമായും കൂടുതല്‍ ആശയവിനിമയം നടത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.