തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജില്‍ നടന്ന വധശ്രമക്കേസിലെ ഒന്നാം പ്രതിയായ എസ്.എഫ്.ഐ യൂണിറ്റ് പ്രസിഡന്റ് ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്ന് കേരള സര്‍വകലാശാലാ പരീക്ഷകളുടെ ഉത്തരക്കടലാസുകള്‍ കെട്ടുകെട്ടായി പൊലീസ് കണ്ടെടുത്തതോടെ, കോളേജിലെ പരീക്ഷാ നടത്തിപ്പ് സംശയമുനയിലായി.
വിദ്യാര്‍ത്ഥി നേതാക്കളും അവരുടെ അടുപ്പക്കാരും പരീക്ഷയില്‍ ‘ഉന്നത വിജയം’ നേടുന്നത് അദ്ധ്യാപകരുടെയും ജീവനക്കാരുടെയും സഹായത്തോടെയാണെന്ന ഗുരുതരമായ ആരോപണം സര്‍വകലാശാല പരിശോധിക്കുകയാണ്. കോളേജിലെ പരീക്ഷാനടത്തിപ്പിനെക്കുറിച്ചുള്ള അന്വേഷിക്കാന്‍ പ്രോ വൈസ് ചാന്‍സലറെയും പരീക്ഷാ കണ്‍ട്രോളറെയും വൈസ് ചാന്‍സലര്‍ നിയോഗിച്ചിട്ടുണ്ട്.
പരീക്ഷകളുടെ നടത്തിപ്പ് സംബന്ധിച്ച് സര്‍വകലാശാല നല്‍കുന്ന നിര്‍ദ്ദേശങ്ങളൊന്നും യൂണിവേഴ്സി?റ്റി കോളേജ് അധികൃതര്‍ പാലിക്കാറില്ല. ഉത്തരക്കടലാസുകള്‍ പരീക്ഷയ്ക്കു മുന്‍പ് ജീവനക്കാര്‍ അടിച്ചുമാറ്റി നല്‍കുമെന്നാണു പ്രധാന ആരോപണം. കോളേജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥി അഖിലിനെ കുത്തിയ കേസിലെ ഒന്നാം പ്രതി ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്ന് സര്‍വകലാശാലയുടെ ഉത്തരക്കടലാസുകള്‍ക്ക് പുറമെ, ഫിസിക്കല്‍ എജ്യുക്കേഷന്‍ ഡയറക്ടറുടെ സീലും കണ്ടെത്തിയിരുന്നു. ഉത്തരക്കടലാസുകള്‍ കോളേജ് ഓഫീസില്‍ നിന്ന് എടുത്തുനല്‍കിയത് ജീവനക്കാരാണെന്നാണ് സംശയം. ഉത്തരക്കടലാസുകള്‍ പുറത്തുകൊണ്ടുപോയി എഴുതി തിരികെയെത്തിക്കാന്‍ അനുവദിക്കുന്നതായും ആക്ഷേപമുണ്ട്. പരീക്ഷ നടക്കുന്ന വേളയില്‍, എഴുതാത്ത ഉത്തരക്കടലാസുമായി സഹായി പുറത്തുനില്‍ക്കും. പുറത്തേക്ക് കൈമാറുന്ന ചോദ്യപേപ്പര്‍ സഹായി വാങ്ങും. ചോദ്യ പേപ്പറിന്റെ ഫോട്ടോയെടുത്ത് യൂണി?റ്റ് റൂമിലെത്തും. ഇതിനുശേഷം കൈവശമുള്ള ഉത്തരക്കടലാസില്‍ സഹായി ഉത്തരങ്ങള്‍ എഴുതും. ഇത് പരീക്ഷ എഴുതുന്നയാള്‍ക്ക് കൈമാറുകയായിരുന്നുവെന്നാണ് നിഗമനം. കൈയ്യക്ഷരവും സീരിയല്‍ നമ്പറും പരിശോധിച്ചാല്‍ തട്ടിപ്പ് വ്യക്തമാകും. ഈ രീതിയിലുള്ള പരിശോധന സര്‍വകലാശാല നടത്തുമെന്നാണ് സൂചന.