വ്യവസായിയായ ബഹ്റൈനിയെ വഞ്ചിച്ച് 47,000 ദിനാറുമായി മലയാളി മുങ്ങി

17 second read

മനാമ: വ്യവസായിയായ ബഹ്റൈനിയെ വഞ്ചിച്ച് 47,000 ദിനാറുമായി മലയാളി മുങ്ങിയതായി പരാതി. കോഴിക്കോട് മണിയൂര്‍ സ്വദേശിക്കെതിരേ ബഹ്റൈനില്‍ പോലീസില്‍ പരാതി നല്‍കിയതായി ബഹ്റൈനില്‍ നിരവധി സ്ഥാപനങ്ങളുടെ ഉടമയായ യാസര്‍ മുഹമ്മദ് ഖമ്പര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
തന്റെ ഉടമസ്ഥതയിലുള്ള ഒരു സ്ഥാപനത്തില്‍ പര്‍ച്ചേസ് മാനേജരായി ജോലി ചെയ്തിരുന്ന മലയാളിയെ സ്വന്തം സഹോദരനെപ്പോലെയാണ് താന്‍ കണ്ടിട്ടുള്ളതെന്നും നൂറുകണക്കിനു മലയാളികള്‍ തന്റെ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നുണ്ടെന്നും യാസര്‍ പറഞ്ഞു. താന്‍ ചതിക്കപ്പെട്ടുവെന്ന് വളരെ വൈകിയാണ് യാസര്‍ തിരിച്ചറിഞ്ഞത്. അപ്പോഴേക്കും അയാള്‍ നാട്ടിലേക്കു കടന്നുകളഞ്ഞിരുന്നു.

2016-ലാണ് യാസര്‍ ഈസാ ടൗണില്‍ ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍ വില്‍ക്കുന്ന സ്ഥാപനം തുടങ്ങിയത്. ഈ മലയാളിയാണ് ഇതിന്റെ മേല്‍നോട്ടം വഹിച്ചിരുന്നത്. പിന്നീട് മനാമയില്‍ ഇതിന്റെ ഒരു ബ്രാഞ്ചും തുടങ്ങിയിരുന്നു. യാസര്‍ ഒപ്പിട്ട പോസ്റ്റ് ഡേറ്റഡ് ചെക്കുകള്‍ നല്‍കിയായിരുന്നു ഈ സ്ഥാപനങ്ങളിലേക്കുള്ള മെറ്റീരിയലുകള്‍ വാങ്ങിയിരുന്നത്. ആദ്യ മൂന്നു വര്‍ഷം കച്ചവടം നന്നായി മുന്നോട്ടു പോയിരുന്നു. എന്നാല്‍ പിന്നീട് ഒരിക്കല്‍ താന്‍ ഒപ്പിട്ടു നല്‍കിയ ഒരു ചെക്ക് ബാങ്കില്‍നിന്നു മടങ്ങിയതിനെ തുടര്‍ന്ന് ഒപ്പിട്ട ചെക്കുകളടക്കം എല്ലാ ചെക്കു ബുക്കുകളും തിരിച്ചേല്‍പ്പിക്കാന്‍ യാസര്‍ ഇയാളോടു പറഞ്ഞു.ഇതിനിടെ കഴിഞ്ഞ മെയ് മാസത്തില്‍ ഇയാള്‍ നാട്ടിലേക്കു മുങ്ങുകയായിരുന്നു. താന്‍ ഒപ്പിട്ടു നല്‍കിയ 47,000 ദിനാറിന്റെ ചെക്കുകള്‍ നല്‍കി വിവിധ സ്ഥാപനങ്ങളില്‍നിന്ന് സാധനങ്ങള്‍ വാങ്ങി ചുരുങ്ങിയ വിലയില്‍ വിറ്റ് ആ തുകയുമായാണ് ഇയാള്‍ മുങ്ങിയത്. കൂടാതെ കടയിലുള്ള നിരവധി വിലപിടിപ്പുള്ള മെറ്റീരിയലുകളും ഇയാള്‍ വിറ്റഴിച്ചിരുന്നു.

പിന്നീട് കേരളത്തിലുള്ള തന്റെ സുഹൃത്തുക്കള്‍ വഴി ഇയാളെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ നാട്ടിലില്ലെന്ന വിവരമാണ് ലഭിച്ചത്. മാത്രമല്ല ഇയാളുടെ ബന്ധു തന്നെ ഭീഷണിപ്പെടുത്തിയതായും യാസര്‍ പറയുന്നു. ഇതേ തുടര്‍ന്നാണ് താന്‍ ബഹ്റൈന്‍ പോലീസില്‍ പരാതിപ്പെട്ടത്. തനിക്കു നല്‍കാനുള്ള തുക തവണകളായി തന്നാല്‍ മതിയെന്നും ഇനിയും അയാള്‍ക്കു മാപ്പു നല്‍കാന്‍ പോലും തയ്യാറാണെന്നും യാസര്‍ പറയുന്നു. ചെമ്പന്‍ ജലാല്‍, നൂറുദ്ദീന്‍, അഷ്റഫ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …