ഇന്ത്യയുടെ സൂപ്പര്‍ താരം ആശിഷ് നെഹ്റ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കാനൊരുങ്ങുന്നു. ന്യൂസിലന്‍ഡിനെതിരായ ട്വന്റി-പരമ്പരയ്ക്ക് ശേഷമാകും നെഹ്റ വിരമിക്കുക. മുംബൈ മിറര്‍ ദിനപത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. നെഹ്റയോട് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ചാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.
അങ്ങനെയെങ്കില്‍ നവംബര്‍ 17ന് തിരുവനന്തുപുരത്ത് ന്യൂസിലന്‍ഡിനെതിരെ നടക്കുന്ന മത്സരമാകും നെഹ്റയുടെ അവസാന അന്താരാഷ്ട്ര മത്സരം. 38കാരനായ ആശിഷ് നെഹ്റ എഴ് ഇന്ത്യന്‍ നായകന്‍മാര്‍ക്ക് കീഴില്‍ കളിച്ചിട്ടുളള താരമാണ്. പരിക്ക് മൂലം ദേശീയ ടീമില്‍ വന്നുംപോയുമിരുന്ന നെഹ്റ കഴിഞ്ഞ പതിനെട്ട് വര്‍ഷത്തിനിടെ കൊഹ്ലി ഉള്‍പ്പെടെ ഏഴ് ഇന്ത്യന്‍ ക്യാപ്റ്റന്‍മാര്‍ക്ക് കീഴിലാണ് കളിച്ചിട്ടുള്ളത്.
20ാം വയസ്സിലാണ് നെഹ്റ തന്റെ അന്താരാഷ്ട്ര കരിയറിന് തുടക്കം കുറിച്ചത്. 1999ല്‍ മുഹമ്മദ് അസറുദ്ദീന്‍ കീഴില്‍ ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റില്‍. 2001ല്‍ സൗരവ് ഗാംഗുലിക്ക് കീഴില്‍ ഏകദിനത്തില്‍ അരങ്ങേറി. 2009ല്‍ എം.എസ്.ധോണിക്ക് കീഴില്‍ ട്വന്റി-20 ക്രിക്കറ്റിലേക്കും ചുവടുവച്ചു. ഇവരെ കൂടാതെ വിരാട് കൊഹ്ലി, രാഹുല്‍ ദ്രാവിഡ്, ഗൗതം ഗംഭീര്‍, അനില്‍ കുംബ്ലെ എന്നിവര്‍ക്ക് കീഴിലാണ് നെഹ്റ കളിച്ചിട്ടുള്ളത്.