പുനെ: സാധാരണയായി പൊലീസ് സ്റ്റേഷനിലെത്തുന്ന ചെറിയ പരാതികള്‍ക്ക് പരിഹാരം കാണുക കുറവാണ്. എന്നാല്‍ പൂനെയിലെ ഖേദ് പൊലീസ് ഇതില്‍ നിന്ന് വ്യത്യസ്തമാവുകയാണ്. ഒരു ചെരുപ്പ് മോഷണക്കേസിന്റെ പിന്നാലെയാണ് ഖേദ് പൊലീസ്.
425 രൂപ കൊടുത്ത് വാങ്ങിയ ചെരുപ്പ് സ്വന്തം അപ്പാര്‍ട്ട്മെന്റിന്റെ മുന്നില്‍ നിന്നും മോഷണം പോയെന്ന് കാണിച്ച് 36കാരന്‍ വിശാല്‍ കലേക്കറാണ് പുനെയിലെ ഖേദ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. മോഷണം അന്വേഷിക്കണമെന്നും ചെരുപ്പ് കണ്ടെത്തി തരണമെന്നും പരാതിയില്‍ വിശാല്‍ ബോധിപ്പിച്ചിരുന്നു. മോഷണം പോയത് വെറുമൊരു ചെരുപ്പ് ആണെങ്കിലും പരാതി ഫയല്‍ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.
വിശാലിന്റെ പരാതിയില്‍ ഇന്ത്യന്‍ ശിക്ഷാ നിയമം 379 പ്രകാരം തിരിച്ചറിഞ്ഞിട്ടില്ലാത്ത വ്യക്തിക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. കേസില്‍ അന്വേഷണം ആരംഭിച്ചതായി പുണെയിലെ ഖേദ് പൊലീസ് സ്റ്റേഷനിലെ ഇന്‍സ്പെക്ടര്‍ പ്രദീപ് ജാദവ് പറഞ്ഞു.
ഏത് തരത്തിലുള്ള പരാതിയുമായി ആര് എപ്പോള്‍ വരുമെന്ന് പറയാനാവില്ല. ഈ കേസിനേയും അത്തരത്തില്‍ മാത്രമേ കാണുന്നുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒക്ടോബര്‍ മൂന്നിന് രാവിലെ മൂന്ന് മണിക്കും എട്ടു മണിക്കു ഇടയില്‍ അപ്പാര്‍ട്ട്മെന്റിലെത്തിയ ഒരാള്‍ തന്റെ കറുത്ത ചെരുപ്പ് മോഷ്ടിച്ചുവെന്നാണ് വിശാല്‍ നല്‍കിയ പരാതി. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഇതുവരെ അറസ്റ്റ് നടന്നിട്ടില്ലെന്നും പ്രദീപ് ജാദവ് കൂട്ടിച്ചേര്‍ത്തു.