അബുദാബി: സഹപ്രവര്‍ത്തകനായ സുഹൃത്തിന്റെ മൊബൈല്‍ ഫോണില്‍ നിന്ന് അനുമതിയില്ലാതെ വനിതാ സഹപ്രവര്‍ത്തകയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ഏഷ്യക്കാരന് വന്‍തുക പിഴ ശിക്ഷവിധിച്ചു. സഹപ്രവര്‍ത്തകന്റെ അനുമതിയില്ലാതെയാണ് അദ്ദേഹത്തിന്റെ ഫോണ്‍ ഉപയോഗിച്ചതെന്നും കുറ്റംതുറന്നു സമ്മതിക്കുകയും ചെയ്തതോടെയാണ് അബുദാബി ക്രിമിനല്‍ കോടതി 50,000 ദിര്‍ഹം (890034 രൂപ) പിഴ ശിക്ഷ വിധിച്ചത്.
ഒരേ കമ്പനിയില്‍ ജോലി ചെയ്യുന്ന സുഹൃത്തിന്റെ മൊബൈല്‍ ഫോണില്‍ നിന്നാണ് ഇയാള്‍ സഹപ്രവര്‍ത്തകയ്ക്ക് അശ്ലീല സന്ദേശം അയച്ചത്. സന്ദേശം ലഭിച്ച യുവതി മൊബൈല്‍ നമ്പറിന്റെ ഉടമയ്‌ക്കെതിരെ പരാതി നല്‍കി. എന്നാല്‍, തുടര്‍ന്നു നടന്ന അന്വേഷണത്തിലാണ് ഇത് മറ്റൊരു സഹപ്രവര്‍ത്തകനാണ് ചെയ്തതെന്ന് വ്യക്തമായത്. തുടര്‍ന്ന്, മൊബൈല്‍ ഫോണിന്റെ ഉടമയെ കുറ്റവിമുക്തനാക്കി. തന്റെ അറിവോടെയല്ല സുഹൃത്ത് സന്ദേശം അയച്ചതെന്ന് അദ്ദേഹം കോടതിയെ അറിയിച്ചു. അപ്പോഴേക്കും ഏഷ്യക്കാരന്‍ കുറ്റം സമ്മതിച്ചിരുന്നു.