കോട്ടയം: ഈ മാസം 16ന് യുഡിഎഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത് മനസ്സില്ലാ മനസ്സോടെയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടി. എന്നാല്‍ ഹര്‍ത്താല്‍ ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ട്. അതും രാജ്യത്തെ അവസ്ഥയും കണക്കിലെടുത്താണ് യുഡിഎഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. കോട്ടയത്ത് രാപ്പകല്‍ സമരത്തിന്റെ സമാപന സമ്മേളനം തിരുനക്കര മൈതാനിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.രാജ്യത്ത് ജനജീവിതം കൂടുതല്‍ ദുസ്സഹമായിരിക്കുകയാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളെ കൊള്ളയടിക്കുകയാണ്.രാജ്യത്തെ സൗഹൃദാന്തരീക്ഷവും സൈ്വര്യജീവിതവും തകര്‍ന്നു. ഇതെല്ലാം കണ്ടുനില്‍ക്കാനാവില്ലെന്നും ഇതിനെതിരെ യു.ഡി.എഫ് ശക്തമായ സമരത്തിനിറങ്ങുമെന്നും അതിനാല്‍ ഹര്‍ത്താലിനോട് ജനങ്ങള്‍ സഹകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. പെട്രോള്‍, ഡീസല്‍ നികുതി സംസ്ഥാനവും കേന്ദ്രവും ഒരുപോലെ കുറയ്ക്കണം. ജനങ്ങളുടെ ദുരിതമകറ്റാന്‍ ഇതേ മാര്‍ഗമുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.തിരുവഞ്ചൂര്‍ രാധാകൃഷ്ണനടക്കം നിരവധി പേര്‍ പരിപാടിയില്‍ പങ്കെടുത്തു.