‘ഗുണ്ടാ ബസ്’ മാപ്പപേക്ഷയുമായി സുരേഷ് കല്ലട എത്തിയിട്ടും ക്ഷമിക്കാന്‍ തയ്യാറാകാതെ യാത്രക്കാര്‍; ബുക്കിങ് പകുതിയായി കുറഞ്ഞു; ടിക്കറ്റ് ബുക്ക് ചെയ്തവര്‍ റദ്ദ് ചെയ്ത് മറ്റുബസുകളില്‍ കയറിപ്പോകുന്നു

16 second read

കൊച്ചി: യാത്രക്കാരെ അതി ക്രൂരമായി തല്ലി ചതച്ച സംഭവത്തില്‍ മലയാളികളുടെ പ്രതിഷേധം ഫലം കണ്ടു വരുന്നു. കല്ലട ബസില്‍ ടിക്കറ്റ് ബുക്ക് ചെയ്യാതെ പൂര്‍ണ്ണമായും ബഹിഷ്‌ക്കരിച്ചിരിക്കുകയാണ് യാത്രക്കാര്‍. കൊലയാളി ബസില്‍ യാത്ര ചെയ്യില്ല എന്ന തീരുമാനത്തില്‍ തന്നെ ഉറച്ചു നില്‍ക്കുകയാണ് മലയാളികള്‍. ടിക്കറ്റ് ബുക്ക് ചെയ്തിരുന്ന പലരും റദ്ദ് ചെയ്ത് മറ്റു ബസുകളെ ആശ്രയിച്ചിരിക്കുകയാണ്. ആഴ്ചാവസാനം കല്ലടയുടെ ബസ് ടിക്കറ്റ് കിട്ടാന്‍ ഏറെ ബുദ്ധിമുട്ടായിരുന്നു. എന്നാല്‍ അടുത്ത ദിവസങ്ങളായി ബുക്കിങ്ങുകളൊന്നും കിട്ടാതെ നട്ടംതിരിയുകയാണ് സുരേഷ് കല്ലടയുടെ ബസുകള്‍.

മിക്ക ബസുകളും ബാംഗ്ലൂരില്‍ നിന്നും കേരളത്തിലേക്കും കേരളത്തില്‍ നിന്നും ബാംഗ്ലൂരിലേക്കും പകുതിയില്‍ കുറവ് യാത്രക്കാരുമായാണ് സര്‍വ്വീസ് നടത്തുന്നത്. മുന്‍കൂട്ടി ബുക്ക് ചെയ്തവരാണ് ഈ യാത്രക്കാര്‍. യാത്ര ഒഴിവാക്കാന്‍ പറ്റാത്തതു കൊണ്ട് മാത്രം സഞ്ചരിക്കുകയാണിവര്‍. എന്നാല്‍ ബുക്ക് ചെയ്തിട്ടും യാത്ര റദ്ദാക്കിയവരുടെ എണ്ണം വളരെ കൂടുതലുമാണ്. വരും ദിവസങ്ങളില്‍ ഇങ്ങനെ പോയാല്‍ യാത്രക്കാര്‍ ആരും തന്നെ കയറാത്ത അവസ്ഥയിലേക്കാണ് പോകുന്നത്. ബാംഗ്ലൂരിലെ മലയാളികള്‍ യുവാക്കളെ മര്‍ദ്ദിച്ച സംഭവത്തില്‍ കല്ലടയുടെ മടിവാളയിലെ ഓഫീസിന് മുന്നില്‍ പ്രതിഷേധം നടത്തിയിരുന്നു. വ്യാപകമായി കല്ലട ബസിനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധമുയര്‍ന്നതിനെ തുടര്‍ന്നാണ് യാത്രക്കാര്‍ കല്ലട ബസിലെ യാത്ര ഒഴിവാക്കിയത്.

ആഴ്ച അവസാനം മിക്കപ്പോഴും കല്ലടയില്‍ സീറ്റ് കാണുന്നതല്ല. എന്നാല്‍ കല്ലടയ്‌ക്കെതിരെ പ്രതിഷേധം ശക്തമായതോടെയാണ് വലിയ രീതിയില്‍ ബുക്കിങ് കുറഞ്ഞത്. മാപ്പപേക്ഷയുമായി സുരേഷ് കല്ലട രംഗത്തെത്തിയെങ്കിലും ജനങ്ങള്‍ മാപ്പു നല്‍കാന്‍ തയ്യാറല്ല. കാരണം യുവാക്കളെ മര്‍ദ്ദിച്ച സംഭവത്തോട് കൂടി നിരവധിപേര്‍ കല്ലടയ്‌ക്കെതിരെ പരാതിയുമായി രംഗത്തെത്തി. ഇതോടെയാണ് സോഷ്യല്‍ മീഡിയയില്‍ കല്ലട ബോയ്‌ക്കോട്ട് എന്ന ക്യാമ്‌ബൈയിനും ശക്തമായി. ഇതോടെ കല്ലട ട്രാവല്‍സ് ജനരോക്ഷത്തിനിരയാവുകയായിരുന്നു.

കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെയാണ് അഷ്‌ക്കര്‍, സച്ചിന്‍ എന്നീ വിദ്യാര്‍ത്ഥികള്‍ക്കും അജയഘോഷ് എന്നയാള്‍ക്കും കല്ലട ബസിലെ ജീവനക്കാരുടെ മര്‍ദ്ദനമേറ്റത്. ബസ് ബ്രേക്ക് ഡൗണായപ്പോള്‍ പകരം ബസ് എത്താതിനെ ചോദ്യം ചെയ്തതിനായിരുന്നു ഇവരെ മൂന്ന് പേരെയും വൈറ്റിലയില്‍ വച്ച് ബസ് ജീവനക്കാരും ഗുണ്ടകളും ചേര്‍ന്ന് മര്‍ദ്ദിിച്ചത്. സംഭവം ഇങ്ങനെ; ഹരിപ്പാട് കരുവാറ്റ ഗ്രാമപഞ്ചായത്തിന് മുന്നില്‍ വച്ച് ഇവര്‍ സഞ്ചരിച്ചിരുന്ന സുരേഷ് കല്ലട ബസ് ബ്രേക്ക് ഡൗണാകുന്നത്. എല്ലാ യാത്രക്കാരെയും വാഹനത്തില്‍ നിന്നും വെളിയിലിറക്കിയ ജീവനക്കാര്‍ എന്നാല്‍ കൃത്യമായ ഉത്തരങ്ങള്‍ യാത്രക്കാര്‍ക്ക് നല്‍കിയില്ല. പകരം യാത്രാ സംവിധാനം ഒരുക്കുകയോ യാത്രക്കാര്‍ക്ക് കൃത്യമായ നിര്‍ദ്ദേശങ്ങളോ അറിയിപ്പുകളോ നല്‍കുന്നതിനും ഡ്രൈവര്‍ തയ്യാറായില്ല. ബസ് നന്നാക്കാന്‍ ആളെത്തും എന്നു മാത്രമായിരുന്നു മറുപടി. യാത്രക്കാര്‍ ദേശീയ പാതയോരത്ത് ഇരുട്ടില്‍ തന്നെ നില്‍ക്കുകയും ബസ് ജീവനക്കാര്‍ യാതൊരു മറുപടിയും നല്‍കാതാകുകയും ചെയ്തതോടെ രണ്ട് ചെറുപ്പക്കാര്‍ ഡ്രൈവറോട് കയര്‍ത്ത് സംസാരിച്ചു. അപ്പോഴും കൃത്യമായ മറുപടി നല്‍കാന്‍ ജീവനക്കാര്‍ തയ്യാറായില്ല. ഒരു മണിക്കൂറിന് ശേഷം ഡ്രൈവറുടെ ഫോണില്‍ കൊച്ചിയിലെ വൈറ്റിലയിലുള്ള സുരേഷ് കല്ലടയുടെ ഓഫീസില്‍ ഈ ചെറുപ്പക്കാര്‍ വിളിച്ചു.

എന്നാല്‍ ഇരു വശത്തു നിന്നും പരുഷമായ ഭാഷയിലുള്ള സംസാരം നടന്നു എന്നല്ലാതെ യാത്രക്കാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് വൈറ്റിലയിലെ ഓഫീസില്‍ നിന്നും യാതൊരു നടപടിയും ഉണ്ടായില്ല. കുറച്ച് സമയം കഴിഞ്ഞ് അവിടെയെത്തിയ ഹരിപ്പാട് പൊലീസ് ഡ്രൈവറോട് യാത്രക്കാര്‍ക്ക് പകരം സംവിധാനം ഒരുക്കണമെന്ന് ആവശ്യപ്പെട്ട ശേഷം 30 മിനിറ്റ് അവിടെ നിന്നു. അതിന് ശേഷം പൊലീസും പോയി. വീണ്ടും മൂന്നു മണിക്കൂര്‍ കഴിഞ്ഞാണ് പകരം ബസെത്തി ഇവര്‍ യാത്ര തുടരുന്നത്.

പുതിയതായി എത്തിയ ബസില്‍ യാത്ര തുടരവേ ബസില്‍ എല്ലാവരും ഉറക്കമായിരുന്നു. എന്നാല്‍ കുറച്ച് സമയത്തിന് ശേഷം വലിയ ഒച്ച കേട്ടാണ് താന്‍ ഉണര്‍ന്നതെന്നും അപ്പോള്‍ കണ്ടത് ബസിന്റെ ഡ്രൈവര്‍ ഉള്‍പ്പെടെ നാലഞ്ച് പേര്‍ ചേര്‍ന്ന് നേരത്തേ ബസ് ഡ്രൈവറോട് ചൂടാകുകയും വൈറ്റിലയുള്ള കല്ലട ട്രാവല്‍സിന്റെ ഓഫീസില്‍ വിളിക്കുകയും ചെയ്ത രണ്ടു ചെറുപ്പക്കാരെയും സിനിമ സ്റ്റൈലില്‍ മര്‍ദ്ദിക്കുകയായിരുന്നു. ബസില്‍ കയറിയ ഗുണ്ടകള്‍ യുവാക്കളുടെ മുഖത്തേക്ക് ആഞ്ഞ് അടിക്കുകയായിരുന്നു. ദേഹത്ത് തൊടാതെ വര്‍ത്താനം പറഞ്ഞാല്‍ മതി എന്നും. ആയിരം രൂപ തന്നിട്ട് ആണ് വന്നത് എന്നും പറഞ്ഞപ്പോള്‍ ഇവര്‍ യുവാക്കളെ പുറത്ത് ഇറക്കുകയായിരുന്നു. ബസില്‍ ഉണ്ടായിരുന്ന ആദ്യം പരാതി പറഞ്ഞ യാത്രക്കാരനെ മര്‍ദ്ദിച്ച് അവശനാക്കി. പിന്നെ യുവാക്കളെയും പൊതിരെ മര്‍ദ്ദിച്ചു. രണ്ട് സുഹൃത്തുക്കളും രണ്ട് സ്ഥലത്തേക്ക് മാറിയെങ്കിലും വീണ്ടും ഇവര്‍ എത്തി മര്‍ദ്ദിക്കുകയും ചെയ്തു.

മര്‍ദ്ദിക്കാനായി വേറെ സ്ഥലത്തേക്ക് കൊണ്ട് പോകുന്നതിനിടയിലും ഭീഷണിയുണ്ടായിരുന്നു. സുഹൃത്തിനെ കൊന്നു എന്ന് ഭീഷണിപ്പെടുത്തി നാല് അഞ്ച് പേര്‍ വന്ന ശേഷം മുടി പിടിച്ച് തല തറയില്‍ അടിക്കുകയും ബിയര്‍ ബോട്ടില്‍ കൊണ്ട് തലയില്‍ അടിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. പിന്നീട് ആശുപത്രിയിലേക്ക് പോകുന്നതിനിടയിലും ബൈക്കില്‍ അവര്‍ ഫോളോ ചെയ്തു. ബസ് യാത്രക്കാരെ മര്‍ദ്ദിച്ചുവെന്നും അവരുടെ വസ്തുക്കള്‍ മോഷ്ടിക്കാന്‍ ശ്രമിച്ചെന്നും മാലയും വാച്ചും എല്ലാം മോഷ്ടിച്ചുവെന്ന് കള്ളക്കേസില്‍ പെടുത്തുമെന്നും അവര്‍ ഭീഷണിപ്പെടുത്തിയെന്നും യുവാക്കള്‍ പറയുന്നു.

അപ്പുറത്ത് എവിടെയോ മാറി നിന്ന സുഹൃത്തിനെ വിളിച്ച് കൊണ്ട് വന്നില്ലെങ്കില്‍ മര്‍ദ്ദിക്കും എന്ന് ഭീഷണിപ്പെടുത്തി. നേരത്തെ രക്ഷപ്പെട്ട് ഓടിയ സ്ഥലത്ത് വെച്ച് ഒരു ആര്‍എക്‌സ 100 ബൈക്കില്‍ ബിയര്‍ ബോട്ടിലുമായി ഒരാള്‍ എത്തി ഭീഷണിപ്പെടുത്തുകയും ചെയ്തു. അപ്പോള്‍ വീണ്ടും ഓടി രക്ഷപ്പെട്ടെങ്കിലും അവര്‍ എത്തി പിടികൂടി വീണ്ടും മര്‍ദ്ദിച്ചുവെന്നും യുവാക്കള്‍ പറയുന്നു. ശനിയാഴ്ച രാത്രിയോടെ തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട ബസ് ഹരിപ്പാട് വച്ച് കേടായതിന് പിന്നാലെയായിരുന്നു ജീവനക്കാരും യാത്രക്കാരും തമ്മില്‍ വാക്കേറ്റം ഉണ്ടായത്. തുടര്‍ന്ന് മറ്റൊരു ബസില്‍ കൊച്ചി വൈറ്റില എത്തിയപ്പോള്‍ ബസ് ജീവനക്കാര്‍ സംഘംചേര്‍ന്ന് തിരിച്ചടിക്കുകയായിരുന്നു. മര്‍ദനത്തില്‍ പരുക്കേറ്റ യുവാക്കളെ ബസില്‍ നിന്ന് ഇറക്കിവിടുകയും ചെയ്തു. സംഭവം ബസില്‍ യാത്ര ചെയ്തിരുന്ന ജേക്കബ് ഫിലിപ്പ് എന്ന വ്യവസായി മൊബൈലില്‍ പകര്‍ത്തുകയും സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയുമായിരുന്നു. ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ കേരളത്തിലെമ്ബാടും വ്യാപക പ്രതിഷേധമാണുയര്‍ന്നത്.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …