ഡല്‍ഹി : ഇന്ത്യയില്‍ വിരുന്നെത്തിയ അണ്ടര്‍ 17 ഫുട്ബോള്‍ ലോകകപ്പ് മല്‍സരങ്ങള്‍ സംപ്രേഷണം ചെയ്യുമെന്ന് ദൂരദര്‍ശന്‍. ഡിഡി സ്പോര്‍ട്സാണ് മത്സരങ്ങള്‍ തത്സമയം സംപ്രേഷണം ചെയ്യുക.
സോണി പിക്ചേഴ്സ് നെറ്റ്വര്‍ക്കാണ് അണ്ടര്‍ 17 ലോകകപ്പ് സംപ്രേഷണാവകാശം നേടിയിട്ടുള്ളത്. സോണി പിക്ചേഴ്സുമായി സഹകരിച്ചാണ് ദൂരദര്‍ശന്‍ ലോകകപ്പ് മല്‍സരങ്ങള്‍ സംപ്രേഷണം ചെയ്യുക. ഇന്ത്യയുടെ അടക്കം അണ്ടര്‍ 17 ലോകകപ്പിലെ 52 മത്സരങ്ങളും സംപ്രേഷണം ചെയ്യുമെന്ന് പ്രസാര്‍ഭാരതി സിഇഒ ശശി ശേഖര്‍ വ്യക്തമാക്കി.
സോണിയുമായി അണ്ടര്‍ 17 ലോകകപ്പിന് പുറമെ, 2018ല്‍ റഷ്യയില്‍ നടക്കുന്ന ലോകകപ്പ് അടക്കം ഫിഫ മത്സരങ്ങളുടെ എക്സ്‌ക്ലൂസീവ് സംപ്രേഷണാവകാശം സോണിയാണ് കരസ്ഥമാക്കിയത്. അതേസമയം ഡിഡി സ്പോര്‍ട്സിന് പുറമെ, ഡിഡി നാഷണലിലും ഫുട്ബോള്‍ മല്‍സരങ്ങള്‍ സംപ്രേഷണം ചെയ്യണമെന്ന് ആവശ്യം ഉയര്‍ന്നിട്ടുണ്ട്.
ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ ഇന്ന് വൈകിട്ട് അഞ്ച് മണിക്കാണ് ആദ്യ മത്സരം. എട്ട് മണിക്കാണ് ഇന്ത്യ-യുഎസ് മത്സരം. യുഎസ്എയ്ക്കു പുറമെ, കൊളംബിയ, ഘാന, എന്നിവരാണ് ഇന്ത്യയുടെ ഗ്രൂപ്പിലുള്ള മറ്റു ടീമുകള്‍. രണ്ടാം മത്സരത്തില്‍ കൊളംബിയയും മൂന്നാം മത്സരത്തില്‍ ഘാനയെയും ഇന്ത്യന്‍ ടീം നേരിടും.