കൊച്ചി: വന്‍ തുക ഈടാക്കി വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി വിദ്യാര്‍ഥികളെ വഞ്ചിച്ച കേസില്‍ പാലാരിവട്ടം എന്‍എസ്ഇടി മാനേജരായ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ കൂത്തുപറമ്പ് നീര്‍വേലിക്കര ക്രസന്റ് മഹലില്‍ സയിഷാന ഹുസൈനെയാണ് (28) പാലാരിവട്ടം എസ്‌ഐ എസ്.സനലും സംഘവും അറസ്റ്റ് ചെയ്തത്. വിദ്യാര്‍ഥികളുടെ പാസ്‌പോര്‍ട്ടുകള്‍ അടക്കമുള്ള രേഖകള്‍ പിടിച്ചെടുത്തു.
ഭാരത് സേവക് സമാജിന്റെ അംഗീകാരമുണ്ടെന്നും ചെന്നൈയിലെ സ്വകാര്യ പരിശീലന സ്ഥാപനത്തിന്റെ ശാഖയാണെന്നും വിദ്യാര്‍ഥികളെ തെറ്റിദ്ധരിപ്പിച്ചതായി പൊലീസ് അറിയിച്ചു. കോഴിക്കോട് സ്വദേശിയായ വിദ്യാര്‍ഥിയുടെ പരാതിയിലാണ് അറസ്റ്റ്. കേസ് സംബന്ധിച്ചു പൊലീസ് പറയുന്നത്: 10 ദിവസം മുതല്‍ ഒരു മാസം വരെയുള്ള കോഴ്‌സുകള്‍ക്ക് 20,000 രൂപ മുതല്‍ അര ലക്ഷം രൂപ വരെയാണു ഫീസ് ഈടാക്കിയത്. ചെന്നൈയിലേതടക്കമുള്ള സ്ഥാപനങ്ങളുടെ വ്യാജ സര്‍ട്ടിഫിക്കറ്റും മാര്‍ക്ക് ലിസ്റ്റുമാണു നല്‍കിയത്.
ഹെല്‍ത്ത് ആന്‍ഡ് സേഫ്റ്റി എന്‍വയണ്‍മെന്റല്‍ എന്‍ജിനീയറിങ് കോഴ്‌സ് പാസായാല്‍ വിദേശത്തു നല്ല ശമ്പളത്തില്‍ ജോലി ലഭിക്കുമെന്നും വിദ്യാര്‍ഥികളെ തെറ്റിദ്ധരിപ്പിച്ചു. തിരുവനന്തപുരത്തെ സന്നദ്ധ സംഘടനയുടെ പേരും ദുരുപയോഗിച്ചു. പാലാരിവട്ടത്തെ സ്ഥാപനത്തിന്റെ പേര് ഇപ്പോള്‍ ക്യുഎച്ച്എസ്ഇ ഇന്‍സ്റ്റിറ്റ്യൂട്ട് എന്നാണ്.
സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലിക്കു ശ്രമിച്ചപ്പോഴാണു പലര്‍ക്കും സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമാണെന്നു മനസിലായത്. അസി. കമ്മിഷണര്‍ കെ.ലാല്‍ജിയുടെ മേല്‍നോട്ടത്തില്‍ എഎസ്‌ഐ സുേരഷ്, സീനിയര്‍ സിപിഒ ജയകുമാര്‍, സിപിഒ മാഹിന്‍, രാജേഷ്, വനിതാ സിപിഒ ഫാത്തിമ എന്നിവരടക്കമുള്ള സംഘമാണു പ്രതിയെ പിടികൂടിയത്.