തിരുവനന്തപുരം: ശബരിമലയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ദൗര്‍ഭാഗ്യകരമാണെന്ന് മാതാ അമൃതാനന്ദമയി. ക്ഷേത്രങ്ങളെക്കുറിച്ചും ആരാധനയെക്കുറിച്ചും വേണ്ടെത്ര അറിവില്ലാത്തതാണ് ഈ പ്രശ്‌നങ്ങള്‍ക്ക് കാരണം. തിരുവനന്തപുരത്ത് ശബരിമല കര്‍മസമിതിയുടെ അയ്യപ്പ ഭക്തസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് മാതാ അമൃതാനന്ദമയി ഇക്കാര്യം പറഞ്ഞത്.
ഓരോ ക്ഷേത്രത്തിനും അതിന്റേതായ പ്രതിഷ്ഠാ സങ്കല്‍പ്പങ്ങളുണ്ട്. അതിനെ അവഗണിക്കുന്നത് ശരിയല്ല. ക്ഷേത്രത്തിലെ ഈശ്വരനും സര്‍വമായ ഈശ്വരനും തമ്മിലുള്ള വ്യത്യാസം നാം മനസ്സിലാക്കണം. ഓരോ ക്ഷേത്രങ്ങളിലും ഓരോ ആചാരങ്ങളാണ്. പാരമ്പര്യമായ വിശ്വാസങ്ങള്‍ ആചരിച്ചില്ലെങ്കില്‍ അത് ക്ഷേത്രസാഹചര്യത്തെ ബാധിക്കും.
മാറ്റം ആവശ്യമാണ്. ക്ഷേത്രത്തെ മറന്നുള്ള മാറ്റങ്ങള്‍ പാടില്ല. അതിലൂടെ നമ്മുടെ മൂല്യങ്ങള്‍ നഷ്ടമാവും. ക്ഷേത്രങ്ങള്‍ നമ്മുടെ സംസ്‌കാരത്തിന്റെ തൂണുകളാണ്. അത് നാം സംരക്ഷിക്കണം. സമൂഹത്തില്‍ ശാരീരികവും മാനസികവുമായ താളലയം കൊണ്ടുവരുന്നത് ക്ഷേത്രങ്ങളാണെന്നും മാതാ അമൃതാനന്ദമയി വ്യക്തമാക്കി.