കാഞ്ഞങ്ങാട്:സദ്യയുണ്ട് കൈകഴുകുമ്പോള്‍ മാല കവര്‍രുന്ന സി.സി.ടി.വി. ദൃശ്യവുമായി പോലീസ് .സാരിയും ചുരിദാറും ധരിച്ച രണ്ടുപേര്‍ ഓഡിറ്റോറിയത്തിന്റെ കൈകഴുകുന്ന ഇടത്തേക്ക് കയറിപ്പോകുന്നു. കൈകഴുകാന്‍ വരുന്നവരെ നിരീക്ഷിക്കുന്നു. ഇതിനിടെ വരുന്ന 70 വയസ്സുള്ള കമലാക്ഷിയെ അവര്‍ ലക്ഷ്യമിടുന്നു.
അവര്‍ കൈകഴുകാന്‍ തുടങ്ങിയപ്പോള്‍ ചുരിദാര്‍ ഇട്ട യുവതി ചേര്‍ന്നു നിന്ന് കൃത്രിമ തിരക്ക് ഉണ്ടാക്കുന്നു. സാരിയുടുത്ത സ്ത്രീ വയോധികയുടെ കഴുത്തിലെ മാലപൊട്ടിക്കുന്നു. കല്യാണ ഓഡിറ്റോറിയത്തില്‍ നടന്ന സ്വര്‍ണക്കവര്‍ച്ച സി.സി.ടി.വി.യില്‍ വ്യക്തം.
ദൃശ്യം സാമൂഹികമാധ്യമത്തിലൂടെ പ്രചരിപ്പിച്ച് പ്രതികളെ തേടുകയാണ് പോലീസ്.കാസര്‍കോഡ് കാഞ്ഞങ്ങാട് ഐങ്ങോത്തെ നക്ഷത്ര ഓഡിറ്റോറിയത്തില്‍ ഇക്കഴിഞ്ഞ 12-നാണ് കവര്‍ച്ച നടന്നത്. തോയമ്മലിലെ കമലാക്ഷി(70)യുടെ നാലുപവന്‍ വരുന്ന മാലയാണ് പൊട്ടിച്ചെടുത്തത്.
വിവാഹച്ചടങ്ങായിരുന്നു ഓഡിറ്റോറിയത്തില്‍. വടക്കുഭാഗത്തെ കോവണിയിലൂടെ ഭക്ഷണഹാളിനോട് ചേര്‍ന്നുള്ള കൈകഴുകുന്നിടത്തേക്ക് കവര്‍ച്ചക്കാര്‍ വരുന്നതുമുതല്‍ മാലപൊട്ടിച്ച് തിരികെ പോകുന്നതുവരെയുള്ള വ്യക്തമായ വീഡിയോ ദൃശ്യമാണ് ഹൊസ്ദുര്‍ഗ് പോലീസ് പുറത്തുവിട്ടിരിക്കുന്നത്.
സദ്യകഴിഞ്ഞ് കൈകഴുകാന്‍ നേരത്താണ് മാലപൊട്ടിച്ചത്. സാരിത്തുമ്പുകൊണ്ട് കൈമൂടിവെച്ചാണ് മാല പൊട്ടിക്കുന്നത്. പിന്നീട് സാരികൊണ്ട് കൈമറച്ചുപിടിച്ച് കോവണിപ്പടി കയറി ഓഡിറ്റോറിയത്തിന്റെ മുന്‍വശത്തേക്ക് പോകുകയും ചെയ്തു.
രണ്ടുപേരും തമിഴ്‌നാട് സ്വദേശികളാണെന്ന് സംശയിക്കുന്നതായി ഹൊസ്ദുര്‍ഗ് എസ്.ഐ. എ.സന്തോഷ് കുമാര്‍ പറഞ്ഞു. ഇവരെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ 0467 2204229, 9497980921 നമ്പറുകളില്‍ ബന്ധപ്പെടണമെന്നും എസ്.ഐ. അഭ്യര്‍ഥിച്ചു.