മുഖ്യമന്ത്രി പിണറായി വിജയന് നല്‍കിയ ഉറപ്പിനെ തുടര്‍ന്ന് ഷാര്‍ജ ജയിലിലെ 149 ഇന്ത്യന്‍ തടവുകാരെ വിട്ടയച്ചു

17 second read

തിരുവനന്തപുരം: ഷാര്‍ജയില്‍ തടവില്‍ കഴിയുന്ന മലയാളികളടക്കം 149 ഇന്ത്യക്കാര്‍ മോചിതരായി. ഷാര്‍ജ ഭരണാധികാരി ഡോ ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി മുഖ്യമന്ത്രി പിണറായി വിജയന് നല്‍കിയ ഉറപ്പിനെ തുടര്‍ന്നാണ് നടപടി. ചെറിയ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷിക്കപ്പെട്ടവരാണ് മോചിതരായത്. മോചിപ്പിക്കപ്പെട്ടവരില്‍ ചിലര്‍ വ്യാഴാഴ്ചതന്നെ നാട്ടിലേക്കു തിരിച്ചു. ബാക്കിയുള്ളവര്‍ ഇന്ന് മടങ്ങുമെന്ന് ഷാര്‍ജ പൊലീസ് വ്യക്തമാക്കി.

കേരളത്തിന്റെ പ്രത്യേക അതിഥിയായെത്തിയപ്പോഴാണ് ഷാര്‍ജ ഭരണാധികാരി തടവുകാരെ മോചിപ്പിക്കുമെന്ന് പ്രഖ്യാപിച്ചത്. വലിയ കുറ്റകൃത്യങ്ങള്‍ ചെയ്തവരൊഴികെ സ്പോണ്‍സര്‍മാരുമായുള്ള പ്രശ്നങ്ങളിലും തദ്ദേശീയരുമായുളള തര്‍ക്കങ്ങളിലും പെട്ട് ജയില്‍ ശിക്ഷ അനുഭവിക്കുന്നവരെയാണ് മോചിപ്പിച്ചത്.

ഇവരുടെ 36 കോടി രൂപയോളം വരുന്ന ബാധ്യതകള്‍ ഷാര്‍ജ ഭരണാധികാരി തന്നെ അടച്ചുതീര്‍ത്തു. ചെക്ക് കേസുകളിലും സിവില്‍ കേസുകളിലും കുടുങ്ങി മൂന്നു വര്‍ഷത്തിലേറെയായി ജയില്‍വാസം അനുഭവിക്കുന്നവരെ മോചിപ്പിക്കണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ അഭ്യര്‍ഥന കണക്കിലെടുത്താണ് ഷെയ്ഖ് സുല്‍ത്താന്‍ ഇന്ത്യക്കാരുടെ മോചനം പ്രഖ്യാപിച്ചത്. ഈ പൊതുമാപ്പിന്റെ അടിസ്ഥാനത്തില്‍ 149 ഇന്ത്യക്കാര്‍ മോചിതരാകുമെന്ന് ഇരുവരും സംയുക്ത പ്രഖ്യാപനത്തില്‍ അറിയിച്ചിരുന്നു.

കേരള സന്ദര്‍ശനത്തിനിടെ ഷെയ്ഖ് സുല്‍ത്താന്‍, രാജ്ഭവനില്‍ കാലിക്കറ്റ് സര്‍വകലാശാലയുടെ ഡി ലിറ്റ് സ്വീകരിച്ചു നടത്തിയ മറുപടി പ്രസംഗത്തിലാണ് ഇന്ത്യക്കാരുടെ മോചനം ഉറപ്പുനല്‍കിയത്. ആ നല്ല മനസ്സിനെ മുഖ്യമന്ത്രി പിണറായി വിജയനും അഭിനന്ദിച്ചിരുന്നു. മൂന്നു വര്‍ഷമായി ജയിലില്‍ കഴിയുന്ന മലയാളികളെ കേരളത്തിലേക്കു തിരിച്ചുവിടണമെന്നായിരുന്നു മുഖ്യമന്ത്രിയുടെ അഭ്യര്‍ഥന. എന്നാല്‍, മലയാളികളെയെന്നല്ല ഇന്ത്യക്കാരെ മുഴുവന്‍ വിട്ടയയ്ക്കാമെന്നും അവരെ അവിടെത്തന്നെ ജോലിയില്‍ തുടരാന്‍ അനുവദിക്കാമെന്നും അദ്ദേഹം ഉറപ്പു നല്‍കുകയായിരുന്നു.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

അടിച്ചു പാമ്പായപ്പോള്‍ തോട്ടില്‍ കണ്ടത് പെരുമ്പാമ്പിനെ: എടുത്ത് തോളിലിട്ട യുവാവ് പുലിവാല്‍ പിടിച്ചു

അടൂര്‍: കള്ളു മൂത്തപ്പോള്‍ തൊട്ടടുത്ത തോട്ടില്‍ കണ്ട പെരുമ്പാമ്പിനെ പിടിച്ച് തോളിലിട്ട് യു…