ലോമ്പോക്ക്: മൊബൈല്‍ ഫോണിന്റെ പാസ് വേഡ് ചോദിച്ചിട്ട് നല്‍കാത്തതില്‍ പ്രകോപിതയായ ഭാര്യ ഭര്‍ത്താവിനെ പ്രെട്രോളിച്ച് കത്തിച്ചു കൊന്നു. ഇന്തോനേഷ്യയിലെ ലോമ്പോക്ക് എന്ന പ്രദേശത്താണ് സംഭവം. ദേദി പൂര്‍ണാമയെ (26) ഭാര്യ ഇന്‍ഹാം കഹയാനി (25) ആണ് കൊലപ്പെടുത്തിയത്. സംഭത്തെ തുടര്‍ന്ന് ഇന്‍ഹാമിനെ പോലീസ് അറസ്റ്റ് ചെയ്തു. ജനുവരി 12-നായിരുന്നു സംഭവം.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്: ദേദിയുടെ ഫോണ്‍ ഭാര്യ പരിശോധിക്കാന്‍ ശ്രമിച്ചു. പാസ് വേഡ് അറിയാത്തതിനാല്‍ ശ്രമം വിജയിച്ചില്ല. ഇതോടെ ഇന്‍ഹാം ഭര്‍ത്താവിനോട് പാസ് വേഡ് ചോദിച്ചു. എന്നാല്‍ ദേദി പാസ് വേഡ് നല്‍കാന്‍ കൂട്ടാക്കിയില്ല. ഇതേതുടര്‍ന്ന് ഇന്‍ഹാം ഭര്‍ത്താവുമായി വഴക്കിട്ടു. ഇതോടെ നിയന്ത്രണം വിട്ട ദേദി ഭാര്യയെ തല്ലി. ഇതില്‍ പ്രകോപിതയായ ഇന്‍ഹാം കുപ്പിയില്‍ ഉണ്ടായിരുന്ന പെട്രോള്‍ ഭര്‍ത്താവിന്റെ ദേഹത്ത് ഒഴിച്ച ശേഷം ലൈറ്റര്‍ ഉപയോഗിച്ച് തീ കൊളുത്തി.വീട്ടില്‍ നിന്ന് തീയും പുകയും നിളവിളിയും ഉയരുന്നതുകണ്ട് ഓടിക്കൂടിയ നാട്ടുകാരാണ് ദേദിയെ ആശുപത്രിയിലെത്തിച്ചത്. പക്ഷേ 80 ശതമാനത്തോളം പൊള്ളലേറ്റ ദേദിയെ രക്ഷിക്കാനായില്ല. ചികിത്സയിലിരിക്കെ രണ്ടു ദിവസത്തിന് ശേഷമാണ് ദേദി മരിച്ചത്.