തിരുവനന്തപുരം: റിയാദിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ നിന്നും നാലരക്കോടി രൂപ തട്ടിയെടുത്ത് മുങ്ങിയ കഴക്കൂട്ടം സ്വദേശി അറസ്റ്റിലായി. കഴക്കൂട്ടം ശാന്തിനഗര്‍ ടി.സി 02/185, സാഫല്യം വീട്ടില്‍ ഷിജു ജോസഫി(45)നെയാണ് കഴക്കൂട്ടം പോലീസ് പിടികൂടിയത്.
ലുലു ഗ്രൂപ്പിന്റെ റിയാദിലെ ലുലു അവന്യൂ എന്ന സ്ഥാപനത്തില്‍ ഇയാള്‍ മാനേജരായിരുന്നു. ഈ സമയത്താണ് ക്രമക്കേട് കാട്ടിയത്. സ്ഥാപനത്തിലേക്ക് വാങ്ങുന്ന സാധനങ്ങള്‍ വ്യാജരേഖകളുണ്ടാക്കി മറിച്ചുവിറ്റാണ് പണം തട്ടിയെടുത്തത്. ജോര്‍ദ്ദാന്‍ സ്വദേശിയായ മുഹമ്മദ് ഫക്കീമുമായി ചേര്‍ന്നായിരുന്നു തട്ടിപ്പ് ആസൂത്രണം ചെയ്തത്. ലുലു അവന്യൂവിലേക്ക് സാധനങ്ങള്‍ മുഹമ്മദ് ഫക്കിം ജോലിയെടുത്തിരുന്ന കമ്പനിവഴിയാണ് വാങ്ങിയിരുന്നത്. കണ്ടെയ്നറുകളില്‍ വരുന്ന സാധനങ്ങള്‍ ലുലുവിന്റെ ഷോപ്പിലേക്ക് എത്തിക്കാതെ മറ്റു സ്ഥാപനങ്ങളിലേക്ക് നല്‍കി ഇവര്‍ പണം സമ്പാദിച്ചിരുന്നു.
അക്കൗണ്ട്സ് വിഭാഗത്തില്‍ നടന്ന പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്. തിരിമറി കണ്ടെത്തിയതിനെ തുടര്‍ന്ന് ഇരുവര്‍ക്കുമെതിരേ റിയാദ് പോലീസില്‍ ലുലു ഗ്രൂപ്പ് പരാതി നല്‍കിയിരുന്നു. അവിടെ നിന്നും മുങ്ങിയ ഷിജു ജോസഫ് കഴക്കൂട്ടത്തെ ഒളിസങ്കേതത്തില്‍ കഴിഞ്ഞുവരികയായിരുന്നു. ലുലു ഗ്രൂപ്പ് തുമ്പ പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് സിറ്റി ഷാഡോ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിക്കപ്പെട്ടത്.