വര്‍ക്കല: വര്‍ക്കലയില്‍ രണ്ടര വയസ്സുകാരന്റെ മരണം കൊലപാതകമാണെന്നു തെളിഞ്ഞു. സംഭവത്തില്‍ കുട്ടിയുടെ അമ്മയെയും ഒപ്പം താമസിച്ചുവന്ന കാമുകനെയും പോലീസ് അറസ്റ്റുചെയ്തു.
വര്‍ക്കല അയന്തി പന്തുവിളയില്‍ വാടകയ്ക്കു താമസിച്ചുവന്ന ഉത്തരയുടെ മകന്‍ ഏകലവ്യനാണ് മരിച്ചത്. ഉത്തര(21), കാമുകനായ കല്ലമ്പലം മാവിന്‍മൂട് ചിറ്റാഴിക്കോട് സ്വദേശി രജീഷ്(26) എന്നിവരാണ് അറസ്റ്റിലായത്.
കുട്ടിയെ ഒഴിവാക്കി ഒന്നിച്ചു താമസിക്കാനാണ് അമ്മയും കാമുകനും ചേര്‍ന്ന് ക്രൂരത കാട്ടിയത്. നിരന്തരമായ മര്‍ദനം മൂലം ആന്തരികാവയവങ്ങള്‍ക്കേറ്റ ക്ഷതമാണ് കുട്ടിയുടെ മരണത്തിനിടയാക്കിയതെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വെളിപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും അറസ്റ്റുചെയ്തത്.
കുളത്തൂപ്പുഴ സ്വദേശി മനുവിന്റെയും ഉത്തരയുടെയും മകനാണ് ഏകലവ്യന്‍. മൂന്നുമാസം മുന്‍പ് ഭര്‍ത്താവായ മനുവുമായി പിണങ്ങിയ ഉത്തര, കുട്ടിയുമായി രജീഷിനൊപ്പമാണ് താമസിച്ചുവന്നത്. അസുഖബാധിതനായ കുട്ടിയെ ശനിയാഴ്ച ആശുപത്രിയിലേക്കു കൊണ്ടുപോകുമ്പോഴാണ് മരിച്ചത്.
വയറുവേദനയെന്നു പറഞ്ഞ് കുട്ടിയെ വര്‍ക്കല പുത്തന്‍ചന്തയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചിരുന്നു. അവിടെനിന്ന് കുട്ടിയെ ആറ്റിങ്ങല്‍ വലിയകുന്ന് താലൂക്കാശുപത്രിയില്‍ എത്തിച്ചപ്പോഴാണ് മരണം സ്ഥിരീകരിച്ചത്. കുട്ടിയുടെ ശരീരത്തില്‍ പാടുകളുള്ളതായും മരണത്തില്‍ ദുരൂഹതയുള്ളതായും പിതാവ് മനു സംശയം പ്രകടിപ്പിച്ചിരുന്നു. ഇതേത്തുടര്‍ന്ന് മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടം നടത്തി.
കുട്ടിയുടെ ചെറുകുടലും വാരിയെല്ലിന്റെ ഒരു അസ്ഥിയും പൊട്ടുകയും തലച്ചോര്‍ മുറിഞ്ഞ് രക്തസ്രാവമുണ്ടാകുകയും ചെയ്തതായി പോസ്റ്റുമോര്‍ട്ടത്തില്‍ വെളിവായി. നിരന്തര മര്‍ദനം കാരണമാണ് ഇതു സംഭവിച്ചതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. പോസ്റ്റുമോര്‍ട്ടം പ്രാഥമിക നിഗമനത്തില്‍ കൊലപാതക സൂചന പോലീസിനു ലഭിച്ചിരുന്നു. തുടര്‍ന്ന് ഉത്തരയെയും രജീഷിനെയും സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യംചെയ്തു.
തെളിവുകള്‍ നിരത്തിയുള്ള വിശദമായ ചോദ്യംചെയ്യലിനൊടുവില്‍ ഇരുവരും കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു. രജീഷിനെതിേര അയിരൂര്‍ സ്റ്റേഷനില്‍ കേസുണ്ട്. ആറ്റിങ്ങല്‍ ഡിവൈ.എസ്.പി. പി.അനില്‍കുമാറിന്റെ മേല്‍നോട്ടത്തില്‍ എസ്.എച്ച്.ഒ. കെ.വിനുകുമാര്‍, എസ്.ഐ.മാരായ പ്രൈജു, ശ്യാംജി, ബിപിന്‍ പ്രകാശ്, എ.എസ്.ഐ.മാരായ ഷാബു, പി.ആര്‍.ഒ. ബൈജു, വിജയകുമാര്‍, ഗോപകുമാര്‍, സി.പി.ഒ.മാരായ ഷമീര്‍, നാഷ്, ഉമര്‍ ഫാറൂക്ക്, വനിതാ സി.പി.ഒ.മാരായ ഉഷ, അനുപമ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ അറസ്റ്റുചെയ്തത്.