റാന്നി: ജനല്‍കമ്പി വളച്ചു പുലര്‍ച്ചെ സ്വര്‍ണമാല മോഷ്ടിച്ചു സ്‌കൂട്ടറില്‍ പാഞ്ഞയാളെ വീട്ടമ്മ സ്‌കൂട്ടറില്‍ പിന്തുടര്‍ന്നു തൊഴിച്ചു താഴെയിട്ടു. മല്‍പിടിത്തത്തിനിടെ കടന്നുകളഞ്ഞ കള്ളന്‍ പിന്നീടു നാട്ടുകാരുടെ പിടിയിലായി. വടശേരിക്കര ബംഗ്ലാംകടവിനു സമീപം മുള്ളന്‍പാറ തടത്തില്‍ മാത്യു ജോസഫിന്റെ (ഷിബു) ഭാര്യ ഷോജിയാണു പുലര്‍ച്ചെ 3 മണിയോടെ കള്ളനെ പിന്തുടര്‍ന്നത്.
അടിച്ചിപ്പുഴ കച്ചേരിത്തടം കൊല്ലംപറമ്പില്‍ ബാലേഷാണു (35) പിടിയിലായത്. കിടപ്പുമുറിയിലെ ജനാല്‍ കമ്പി വളച്ച് അകത്തുകടന്ന കള്ളന്‍ നാലര പവന്റെ മാലയാണു കൈക്കലാക്കിയത്. ഇതിനിടെ ഉണര്‍ന്ന ഷോജി പുറത്ത് ആളു നില്‍ക്കുന്നതു കണ്ടു നോക്കിയപ്പോള്‍ മാല നഷ്ടപ്പെട്ടെന്നു മനസ്സിലായി. ഓടിപ്പോയ കള്ളന്‍ സ്‌കൂട്ടറില്‍ പറപറന്നു.
ഭര്‍ത്താവിനോടു പറഞ്ഞശേഷം സ്‌കൂട്ടറുമെടുത്തു ഷോജി പിന്നാലെ വിട്ടു. 4 കിലോമീറ്റര്‍ അകലെ മാടമണ്‍ വള്ളക്കടവിനു സമീപത്തെ കട്ടിങ്ങിലെത്തിയപ്പോള്‍ ഷോജി ബാലേഷിന്റെ സ്‌കൂട്ടറില്‍ തൊഴിച്ചതോടെ ബാലേഷ് വീണു. സ്‌കൂട്ടര്‍ നിര്‍ത്തി ചാടിയിറങ്ങിയ ഷോജിയും ബാലേഷുമായി മല്‍പിടുത്തമുണ്ടായി. ഇതിനിടെ ചുരിദാര്‍ കീറി. ഷോജി അല്‍പം പരിഭ്രമിച്ച തക്കം നോക്കി കള്ളന്‍ സ്‌കൂട്ടറുമെടുത്തു കടന്നു. ഇതിനിടെ കള്ളന്റെ മൊബൈല്‍ ഫോണ്‍ ഷോജി കൈക്കലാക്കിയിരുന്നു.
സഹായം തേടി ഷോജി ഉറക്കെ വിളിച്ചെങ്കിലും സമീപവാസികള്‍ എത്തിയപ്പോഴേക്കും കള്ളന്‍ സ്ഥലം വിട്ടിരുന്നു. തുടര്‍ന്ന് ഭര്‍ത്താവിനെ വിളിച്ചുവരുത്തി ഷോജി മടങ്ങി. പുലര്‍ച്ചെ നടക്കാനിറങ്ങിയ ചൂരക്കുഴി സ്വദേശി അജി പണിക്കരാണു സംഭവം നടന്ന ഭാഗത്തു സംശയ സാഹചര്യത്തില്‍ ബാലേഷിനെ കണ്ടത്. തുടര്‍ന്നു സമീപവാസികളെ വരുത്തി തടഞ്ഞുവച്ചു. ഷോജി ആളെ തിരിച്ചറിഞ്ഞതോടെ പൊലീസിനെ വരുത്തി കൈമാറി. ബാലേഷിന്റെ സ്‌കൂട്ടറില്‍ നിന്നു മാല പൊലീസ് കണ്ടെടുത്തു.
വെച്ചൂച്ചിറ കുംഭിത്തോട് തൈക്കൂട്ടത്തില്‍ കുടുംബാംഗമായ ഷോജി കള്ളനെ പിടിക്കുന്നത് ഇതാദ്യമല്ല. രാവിലെ 6 മണിയോടെ മൊബൈല്‍ ഫോണ്‍ തട്ടിയെടുത്ത ബംഗാളിയെ 3 കിലോമീറ്റര്‍ യാത്ര ചെയ്തു മുന്‍പു പിടികൂടിയിരുന്നു. വടശേരിക്കരയില്‍ ചിക്കന്‍ സെന്റര്‍ നടത്തുകയാണു ഷിബു. ഷാനയും കൃപയുമാണു മക്കള്‍.