തിരുവനന്തപുരം: ഷാര്‍ജ ഭരണാധികാരി ഡോ.ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ഖാസിമിയുമായി രാജ്ഭവനില്‍ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിസഭാംഗങ്ങളും കൂടിക്കാഴ്ച നടത്തി. രാവിലെ 11 മണിക്കായിരുന്നു കൂടിക്കാഴ്ച. ചര്‍ച്ചയില്‍ കേരളം നിരവധി പദ്ധതികളും നിര്‍ദേശങ്ങളും മുന്നോട്ടുവച്ചു.
മലയാളികള്‍ക്കുവേണ്ടി ഷാര്‍ജ ഫാമിലി സിറ്റി എന്ന പേരില്‍ ഒരു ഭവന പദ്ധതി കേരളം മുന്നോട്ട് വെച്ചിട്ടുണ്ട്. 10 ഏക്കര്‍ ഭൂമിയില്‍ 10 അപാര്‍ട്മെന്റ് ടവറുകളാണ് ഉദ്ദേശിക്കുന്നത്. കേരളവും ഷാര്‍ജയും സഹകരിച്ച് ഈ പദ്ധതി നടപ്പാക്കും. ഫാമിലി സിറ്റിയില്‍ ആധുനിക ചികിത്സാ സൗകര്യങ്ങള്‍ ഉണ്ടാകും.
രാജ്യാന്തര നിലവാരമുള്ള പബ്ലിക് സ്‌കൂളുകള്‍, എഞ്ചിനീയറിങ് കോളജ്, മെഡിക്കല്‍ കോളജ്, നൈപുണ്യവികസന പരിശീലന കേന്ദ്രങ്ങള്‍ എന്നിങ്ങനെ മികവുറ്റ കേന്ദ്രങ്ങള്‍ ആരംഭിക്കാനായി ഒരു രാജ്യാന്തര വിദ്യാഭ്യാസ സംരംഭവും കേരളം മുന്നോട്ട് വെച്ച പദ്ധതിയിലുണ്ട്.
കേരളത്തിന്റെ സമ്പന്നമായ സംസ്‌കാരവും പൈതൃകവും അവതരിപ്പിക്കുന്ന സാംസ്‌കാരിക കേന്ദ്രമാണ് മറ്റൊരു നിര്‍ദേശം. ഷാര്‍ജയില്‍നിന്നു വരുന്ന അതിഥികള്‍ക്കു വേണ്ടി കേരളത്തില്‍ പ്രത്യേക ആയുര്‍വേദ ടൂറിസം പാക്കേജുകള്‍ നടപ്പിലാക്കും. ഷാര്‍ജയില്‍ ആരംഭിക്കാന്‍ നിര്‍ദ്ദേശിച്ച സാംസ്‌കാരിക കേന്ദ്രത്തില്‍ കേരളത്തിന്റെ ആയൂര്‍വേദ ഹബ് സ്ഥാപിക്കാനും തീരുമാനമായി.
പശ്ചാത്തല വികസന മേഖലയില്‍ മുതല്‍ മുടക്കുന്നതിനുള്ള സാധ്യതകളും ചര്‍ച്ച ചെയ്തു. അടുത്ത നാലു വര്‍ഷം കൊണ്ട് ഈ മേഖലയില്‍ 50,000 കോടി രൂപയുടെ മുതല്‍ മുടക്കാണു കേരളം വിഭാവനം ചെയ്യുന്നത്.
ഐടിയും ടൂറിസവും കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ചയിലെ പ്രധാന ഘടകങ്ങളാണ്. പശ്ചാത്തല വികസനത്തിനുള്ള ഭാവി പദ്ധതികളില്‍ ഷാര്‍ജയുടെ സഹകരണവും പങ്കാളിത്തവും കേരളം പ്രതീക്ഷിക്കുന്നുണ്ട്. ഐടി മേഖലയില്‍ കേരള-ഷാര്‍ജ സഹകരണവും, ആരോഗ്യ പരിപാലനം തുടങ്ങിയവയും കേരളം മുന്നോട്ട് വെച്ച നിര്‍ദ്ദേശങ്ങളില്‍ ഉള്‍പ്പെടുന്നുണ്ട്.
വൈകിട്ട് 6.30ന് കോവളം ലീല ഹോട്ടലില്‍ പ്രത്യേക സാംസ്‌കാരിക പരിപാടി അദ്ദേഹത്തിനായി ഒരുക്കിയിട്ടുണ്ട്. ചൊവ്വാഴ്ച രാവിലെ ക്ലിഫ് ഹൗസില്‍ മുഖ്യമന്ത്രിയുടെ ചായ സത്ക്കാരം ഉണ്ട്. ശേഷം 11 മണിക്ക് രാജ്ഭവനില്‍ സംഘടിപ്പിച്ചിട്ടുള്ള ചടങ്ങില്‍ കാലിക്കറ്റ് സര്‍വകലാശാലയുടെ ഓണററി ഡി. ലിറ്റ്?? സ്വീകരിക്കും.