ദുബായ് : മലയാളി വ്യവസായിയില്‍നിന്ന് 25 ലക്ഷത്തിലേറെ രൂപ (1,29,815 ദിര്‍ഹം) തട്ടിയെടുത്ത് ജീവനക്കാരായ യുവാവും യുവതിയും മുങ്ങി. ദുബായില്‍ ദനാത് മൊബൈല്‍സ് എല്‍.എല്‍.സി. ജീവനക്കാരായിരുന്ന തിരുവനന്തപുരം സ്വദേശിയായ യുവാവും എറണാകുളം സ്വദേശിയായ യുവതിയും ചേര്‍ന്നാണ് പണം തട്ടിയെടുത്ത് യു.എ.ഇ.യില്‍നിന്ന് കടന്നുകളഞ്ഞത്. കമ്പനി മാനേജിങ് ഡയറക്ടറും പാര്‍ട്ണറുമായ കൊല്ലം പുനലൂര്‍ സ്വദേശി ഷാസാഹിബ് ഷംസുദ്ദീന്‍ ഇതുസംബന്ധിച്ച് ദുബായ് പൊലീസിലും ഇന്ത്യന്‍ കോണ്‍സുലേറ്റിലും പരാതിനല്‍കി.
യുവാവ് രണ്ടുവര്‍ഷമായും യുവതി മൂന്നുവര്‍ഷമായും ദനാത് മൊബൈല്‍സ് കമ്പനിയിലെ അക്കൗണ്ടിങ് വിഭാഗത്തില്‍ ജോലി ചെയ്തുവരികയായിരുന്നു. സാമ്പത്തിക ഇടപാടുകളില്‍ ക്രമക്കേടുകളും പണത്തിന്റെ കുറവും കണ്ടെത്തിയതിനെത്തുടര്‍ന്ന് സൂക്ഷ്മപരിശോധന നടക്കുന്നതിനിടെ ഈവര്‍ഷം ഒക്ടോബര്‍ എട്ടിന് യുവതി പിതാവ് മരിച്ചതായി അറിയിച്ച് നാട്ടിലേക്കുപോയി. പിന്നീട് തിരിച്ചുവന്നില്ല.
നവംബര്‍ ഒന്നിന് ലഭിച്ച ഓഡിറ്റ് റിപ്പോര്‍ട്ടനുസരിച്ച് 1,29,815 ദിര്‍ഹം (25,24,318 രൂപ) യുടെ വ്യത്യാസം കണ്ടെത്തി. ഈ വ്യത്യാസവും ബന്ധപ്പെട്ട കണക്കുകളും നവംബര്‍ 10-നകം തീര്‍പ്പാക്കണമെന്ന് യുവാവിനോട് ആവശ്യപ്പെട്ടു. എന്നാല്‍ 9-ന് രാത്രിമുതല്‍ യുവാവിനെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. താമസസ്ഥലത്ത് അന്വേഷിച്ചെങ്കിലും അവിടെയും ഉണ്ടായിരുന്നില്ല. തുടര്‍ന്ന് 19-ന് ഇന്ത്യന്‍ കോണ്‍സുലേറ്റിലും ബര്‍ദുബായ് റഫാ പൊലീസ് സ്റ്റേഷനിലും പരാതി നല്‍കി. തന്റെ പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടതായി മുറഖബാദ് പൊലീസ് സ്റ്റേഷനില്‍ അപേക്ഷ നല്‍കി പുതിയ പാസ്‌പോര്‍ട്ട് കൈക്കലാക്കി യുവാവ് ഇന്ത്യയിലേക്ക് മുങ്ങിയതായി പൊലീസിന്റെ അന്വേഷണത്തില്‍ കണ്ടെത്തി. കമ്പനിയുടെ സ്റ്റാമ്പ്, ലെറ്റര്‍ ഹെഡ് എന്നിവയും ഇതിനായി ദുരുപയോഗംചെയ്തിരുന്നു.
പിന്നീട്, നാട്ടിലെ ഇയാളുടെ വീട്ടില്‍ അന്വേഷിച്ചെങ്കിലും അവിടെ എത്തിയിട്ടില്ലെന്നായിരുന്നു ബന്ധുക്കളുടെ മറുപടി. യുവതിയുടെ ഭര്‍ത്താവ് യു.എ.ഇ.യിലാണ് ജോലിചെയ്യുന്നത്. ഇയാളുമായി ബന്ധപ്പെട്ടപ്പോള്‍ യുവതി ഇനി തിരിച്ചുവരില്ലെന്നായിരുന്നു മറുപടി. ദുബായ് പോലീസ് കേസന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇന്ത്യന്‍ കോണ്‍സുലേറ്റ് വഴി തിരുവനന്തപുരം, എറണാകുളം എസ്.പി.ഓഫീസിലും കേസ് രജിസ്റ്റര്‍ ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് ഷാസാഹിബ്.