വിദ്യാര്‍ഥിയെ കാറിന്റെ ഡിക്കിയിലിട്ട് തട്ടിക്കൊണ്ടുപോയി; ബന്ധുവും സംഘവും പിടിയില്‍

0 second read

പത്തനംതിട്ട :പ്ലസ്ടു വിദ്യാര്‍ഥിയെ വീട്ടില്‍നിന്നു പിടിച്ചിറക്കി കാറിന്റെ ഡിക്കിയില്‍ കെട്ടിയിട്ട് തട്ടിക്കൊണ്ടുപോയ ബന്ധുവും നാലംഗ ക്വട്ടേഷന്‍ സംഘവും പിടിയില്‍. മഞ്ഞനിക്കരയിലെ വീട്ടില്‍നിന്ന് വെള്ളിയാഴ്ച രാത്രി 9.45ന് ആണ് വിദ്യാര്‍ഥിയെ വീടുകയറി ആക്രമിച്ച് തട്ടിക്കൊണ്ടുപോയത്. ഇന്നലെ പുലര്‍ച്ചെ ഒരുമണിക്ക് പെരുമ്പാവൂരിലാണ് അക്രമിസംഘത്തെ പിടികൂടി, വിദ്യാര്‍ഥിയെ പൊലീസ് മോചിപ്പിച്ചത്. വിദ്യാര്‍ഥിയുടെ മാതൃസഹോദരീപുത്രന്‍ അവിനാശ് (24), കര്‍ണാടക ചിക്കമഗളൂരുവില്‍ നിന്നുള്ള ക്വട്ടേഷന്‍ സംഘത്തിലെ പ്രേമദാസ് (31), ഹനീഫ (33), ചന്ദശേഖര്‍ (22), അലക്‌സ് ജോണ്‍ (35) എന്നിവരാണ് അറസ്റ്റിലായത്. അവിനാശിന്റെ പിതാവും സംഘത്തില്‍ ഉണ്ടായിരുന്നെങ്കിലും കടന്നുകളഞ്ഞു.

മാതാപിതാക്കള്‍ ബിസിനസ് ആവശ്യത്തിന് ബെംഗളൂരുവില്‍ പോയിരുന്നതിനാല്‍ വിദ്യാര്‍ഥിയും വല്യമ്മയും മാത്രമാണ് സംഭവ സമയത്ത് വീട്ടില്‍ ഉണ്ടായിരുന്നത്.

അവിനാശ് ഏറെക്കാലം മഞ്ഞനിക്കരയിലെ വീട്ടില്‍ താമസിച്ചാണ് പഠിച്ചത്. കഴിഞ്ഞയാഴ്ച മാതാപിതാക്കളോടൊപ്പം മഞ്ഞനിക്കരയില്‍ എത്തി വിദ്യാര്‍ഥിയുടെ മാതാപിതാക്കളോട് 25 ലക്ഷം രൂപ ആവശ്യപ്പെട്ടിരുന്നു. പണം നല്‍കാനാകില്ലെന്ന് പറഞ്ഞതിനെത്തുടര്‍ന്നു വാക്കുതര്‍ക്കം ഉണ്ടായി. ഇതിന്റെ പക പോക്കലാണ് തട്ടിക്കൊണ്ടു പോകലെന്നു പറയുന്നുണ്ടെങ്കിലും സ്ഥിരീകരണമില്ല.

രാത്രി വൈകി മഞ്ഞനിക്കരയിലെ വീട്ടിലെത്തിയ അവിനാശ്, വിദ്യാര്‍ഥിയോട് മാതാപിതാക്കളെയും സഹോദരനെയും അന്വേഷിച്ചു. ഇവര്‍ സ്ഥലത്തില്ലെന്നറിഞ്ഞ് ക്ഷുഭിതനായി വിദ്യാര്‍ഥിയെ മര്‍ദിക്കുകയും ബലമായി കാറില്‍ കയറ്റി കൊണ്ടുപോകുകയുമായിരുന്നു. ചോദ്യം ചെയ്യാനെത്തിയ വല്യമ്മയുടെ മാലയും പൊട്ടിച്ചു. ഗൃഹോപകരങ്ങള്‍ക്കും കേടുവരുത്തി.

2 വാഹനങ്ങളില്‍ കടന്ന സംഘത്തെ പെരുമ്പാവൂരില്‍ രാത്രി ഒരുമണിക്ക് അറസ്റ്റ് ചെയ്തു. ഡിക്കിയില്‍ കെട്ടിയിട്ട നിലയില്‍ അര്‍ധബോധാവസ്ഥയിലായിരുന്നു കുട്ടിയെന്നും പൊലീസ് പറഞ്ഞു. മൂക്കിന് പൊട്ടലും ശരീരമാകെ മര്‍ദനമേറ്റ പാടുകളുമുണ്ട്.

അവിനാശ് ഏറെക്കാലം താമസിച്ചത് വിദ്യാര്‍ഥിയുടെ വീട്ടില്‍

വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടു പോയ കേസില്‍ പിടിയിലായ ബന്ധു അവിനാശ് ഏറെക്കാലം പഠിച്ചതും ജോലി ചെയ്തതും തട്ടിക്കൊണ്ടുപോകപ്പെട്ട വിദ്യാര്‍ഥിയുടെ മഞ്ഞനിക്കരയിലെ വീട്ടില്‍നിന്ന്. കര്‍ണാടകയില്‍ സ്ഥിരതാമസമായിരുന്ന അവിനാശ് എസ്എസ്എല്‍സിക്കു ശേഷമാണ് മഞ്ഞനിക്കരയിലെത്തിയത്.

പഠനശേഷം വിദ്യാര്‍ഥിയുടെ പിതാവ് അവിനാശിന് ഓട്ടോറിക്ഷ വാങ്ങി നല്‍കിയിരുന്നു. പിന്നീട് വിദേശത്ത് ജോലിക്കു പോകാനുള്ള സൗകര്യങ്ങളും ഒരുക്കി. എന്നാല്‍ വിദേശത്ത് പോകാനുള്ള അവസരം ഉറപ്പായതോടെ ഇവിടെ നിന്ന് അടൂര്‍ ചായലോടുള്ള ബന്ധുവീട്ടിലേക്ക് താമസം മാറിയ അവിനാശ് പിന്നീട് മഞ്ഞനിക്കരയിലേക്ക് വന്നിരുന്നില്ല.

വര്‍ഷങ്ങള്‍ക്കുശേഷം കഴിഞ്ഞയാഴ്ചയാണ് മാതാപിതാക്കളോടൊപ്പം മഞ്ഞനിക്കരയിലെ വീട്ടില്‍ എത്തിയത്. വിദ്യാര്‍ഥികളുടെ മാതാപിതാക്കളോട് 25 ലക്ഷം രൂപ അവിനാശ് ആവശ്യപ്പെട്ടു. പണം നല്‍കാന്‍ നിര്‍വാഹമില്ലെന്ന് പറഞ്ഞതോടെ വാക്കുതര്‍ക്കവും ബഹളവുമായി. ഇതിന്റെ പക പോക്കലായാണ് വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടു പോയതെന്നു പറയുന്നുണ്ടെങ്കിലും ഇതിനു പിന്നില്‍ ദുരൂഹത ആരോപിക്കുന്നവരുമുണ്ട്.

വിദ്യാര്‍ഥിയുടെ വീട് റോഡില്‍ നിന്ന് 50 മീറ്ററോളം ഉള്ളിലായതിനാല്‍ പ്രതികള്‍ വന്ന കാറുകള്‍ റോഡില്‍ തന്നെയാണ് നിര്‍ത്തിയിരുന്നത്. വിദ്യാര്‍ഥിയെ അവിടെ വരെ വലിച്ചിഴച്ചു കൊണ്ടുപോയ ശേഷം ഉടുത്തിരുന്ന കൈലി ഉരിഞ്ഞ് കാലും കൈയ്യും കെട്ടി കാറിന്റെ ഡിക്കിയില്‍ ഇട്ടാണ് കൊണ്ടുപോയത്.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ലൈഫ് ലൈന്‍ കോന്നി ക്ലിനിക്കില്‍ കാര്‍ഡിയോളജി വിഭാഗം ആരംഭിച്ചു

അടൂര്‍: ലൈഫ് ലൈന്‍ ആശുപത്രിയുടെ കീഴിലുള്ള കോന്നി മള്‍ട്ടിസ്‌പെഷ്യല്‍റ്റി ക്ലിനിക്കില്‍ കാര…