ഷിരൂര്‍: മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുന്റെ ലോറി കണ്ടെത്തി. ലോറിയുടെ കാബിനില്‍നിന്ന് എസ്ഡിആര്‍എഫ് മൃതദേഹാവശിഷ്ടങ്ങള്‍ പുറത്തെടുത്തു. മൃതദേഹഭാഗങ്ങള്‍ ബോട്ടിലേക്ക് മാറ്റി.ഗംഗാവലിപ്പുഴയില്‍ ഡ്രജര്‍ ഉപയോഗിച്ച് നടത്തിയ തിരച്ചിലിലാണ് അര്‍ജുന്റെ ലോറി കണ്ടെത്തിയത്. ലോറി തന്റേതെന്ന് ഉടമ മനാഫ് തിരിച്ചറിഞ്ഞു.ജൂലൈ പതിനാറിനുണ്ടായ മണ്ണിടിച്ചിലില്‍ അര്‍ജുന്‍ ഓടിച്ചിരുന്ന ലോറിയുള്‍പ്പെടെ കാണാതായിരുന്നു. തുടര്‍ന്ന് മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മല്‍പെ ഉള്‍പ്പെടെയുള്ളവര്‍ തിരച്ചിലിന് ഇറങ്ങിയിരുന്നെങ്കിലും ഒന്നും കണ്ടെത്താനായിരുന്നില്ല. 72-ാം ദിവസമാണ് ലോറി കണ്ടെത്തിയത്.
”അര്‍ജുന് എന്റെ മുകളില്‍ ഒരു വിശ്വാസം ഉണ്ടായിരുന്നു. എന്തുപറ്റിയാലും ഞാന്‍ ഉണ്ടെന്ന്. ഞാന്‍ കുടുംബത്തോടുള്ള വാക്ക് പാലിച്ചിരിക്കുകയാണ്. അവനെ അവന്റെ വീട്ടിലെത്തിക്കണം. അച്ഛന് കൊടുത്ത വാക്ക് പാലിക്കുകയാണ്. വണ്ടി പൊന്തിച്ച് അവനെ ഇറക്കി എത്രയും വേഗം നടപടികള്‍ പൂര്‍ത്തിയാക്കി വീട്ടിലെത്തിക്കണം. എനിക്ക് വണ്ടിയും തടിയും ഒന്നും വേണ്ട. ” – വികാരവിക്ഷുബ്ധതയില്‍ ലോറി ഉടമ മനാഫ് പറഞ്ഞു.എല്ലാവര്‍ക്കുമുള്ള ഉത്തരം ഇതോടെ ലഭിച്ചെന്ന് അര്‍ജുന്റെ സഹോദരീഭര്‍ത്താവ് ജിതിന്‍ പറഞ്ഞു. അര്‍ജുനു വേണ്ടിയുള്ള തിരച്ചില്‍ തുടങ്ങിയതുമുതല്‍ ജിതിന്‍ ഷിരൂരില്‍ ഉണ്ട്. ”കുടുംബത്തെ സംബന്ധിച്ചിടത്തോളം അര്‍ജുന്‍ തിരിച്ചുവരില്ലെന്ന് ഞങ്ങള്‍ക്ക് ഉറപ്പായിരുന്നു. പക്ഷേ എന്തെങ്കിലും അവശേഷിപ്പ് കണ്ടെത്തുക എന്നുള്ളതായിരുന്നു പ്രധാനം.’ജിതിന്‍ പറഞ്ഞു.