ഓണ്‍ലൈന്‍ ജോലിയ്ക്കായി കൊടുത്തത് അഞ്ചു ലക്ഷത്തിലധികം: തട്ടിപ്പാണെന്ന് മനസിലായത് മാസങ്ങള്‍ക്ക് ശേഷം: പ്രതിയെ ഉത്തര്‍ പ്രദേശില്‍ നിന്ന് കസ്റ്റഡിയില്‍ വാങ്ങി കേരള പോലീസ്

0 second read

പത്തനംതിട്ട: ഓണ്‍ലൈന്‍ ജോലി വാഗ്ദാനം ചെയ്ത് അഞ്ച് ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത കേസിലെ ഒന്നാം പ്രതിയെ കോടതി മുഖേനെ കോയിപ്രം പോലീസ് കസ്റ്റഡിയില്‍ വാങ്ങി. ഹരിയാനയിലെ ഗുരുഗ്രാം ജില്ലാ ജയിലില്‍ ആറു മാസമായി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന ഹരിയാന ഭീവണ്ടി ഹുഡാ സെക്ടര്‍ 13, ഹൗസ് നമ്പര്‍ 588 ല്‍ താമസിക്കുന്ന കുല്‍ദീപിന്റെ മകന്‍ അഖിലിനെയാണ് കസ്റ്റഡിയില്‍ വാങ്ങിയത്. ഇയാളെ പത്തനംതിട്ട പത്തനംതിട്ട ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കി. ഉത്തര്‍ പ്രദേശിലും ഹരിയാനയിലും ഇയാള്‍ക്ക് സമാന കേസുകളുണ്ട്. കോയിപ്രം കടപ്ര മലകുന്നത്ത് ചരിവുകാലായില്‍ ജോമോന്‍ വര്‍ഗീസിന്റെ 5,14,533 രൂപയാണ് അഖില്‍ ഉള്‍പ്പെടുന്ന തട്ടിപ്പുസംഘം കബളിപ്പിച്ചെടുത്തത്. ജോലിയോ പണമോ ലഭിക്കാതെ വന്നപ്പോഴാണ് പോലീസില്‍ പരാതി നല്‍കിയത്.

കഴിഞ്ഞ ഡിസംബര്‍ 24 നാണ് ഓണ്‍ലൈന്‍ ജോലി നല്‍കാമെന്ന് ഫോണിലൂടെ പറഞ്ഞു വിശ്വസിപ്പിച്ച് ജോമോനെ ഇയാള്‍ ബന്ധപ്പെട്ടത്. തുടര്‍ന്ന് ജനുവരി 10 മുതല്‍ പലതവണയായി വിവിധ അക്കൗണ്ടുകളിലേക്ക് ഇത്രയും പണം പ്രതികള്‍ വാങ്ങിയെടുത്തു. രണ്ട് അക്കൗണ്ടുകളിലൂടെ അഖില്‍ ഒരുലക്ഷം രൂപ കൈമാറിയെടുത്തതായി തെളിഞ്ഞു. ഇയാളുടെ സംഘത്തിലെ മറ്റുള്ളവര്‍ക്കായി അന്വേഷണം തുടരുകയാണ്. പത്തനംതിട്ട ചീഫ് മജിസ്‌ട്രേറ്റ് കോടതി ഇയാള്‍ക്കെതിരെ പ്രൊഡക്ഷന്‍ വാറന്റ് പുറപ്പെടുവിച്ചു. പോലീസ് കസ്റ്റഡിക്കായുള്ള കോയിപ്രം പോലീസിന്റെ അപേക്ഷ ഗുരുഗ്രാം സി.ജെ.എം കോടതി അനുവദിച്ചതിനെ തുടര്‍ന്നാണ് നടപടി. പണം നഷ്ടപ്പെട്ട വിവരത്തിന് മാര്‍ച്ച് 18 നാണ് ജോമോന്‍ പരാതി നല്‍കിയത്. പോലീസ് ഇന്‍സ്‌പെക്ടര്‍ സുരേഷ് കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. കീഴ്വായ്പ്പൂര്‍ എസ്.ഐ.സതീഷ് ശേഖര്‍, തിരുവല്ല സ്റ്റേഷനിലെ എ.എസ്.ഐ ബിനു കുമാര്‍, കോയിപ്രം സ്റ്റേഷനിലെ സി.പി.ഓ അരുണ്‍കുമാര്‍ എന്നിവരാണ് അന്വേഷണസംഘത്തിലുള്ളത്.

 

Load More Related Articles

Check Also

Masteriyo Review: Features, Pros, Cons…Is This LMS Worth It?

Teaching online shouldn’t feel like wrestling with software, yet that’s what many WordPres…