കഴക്കൂട്ടം (തിരുവനന്തപുരം): വീട്ടുകാരോട് പിണങ്ങി വീടുവിട്ട അസം സ്വദേശിയായ തസ്മിത്ത് തംസി എന്ന പെണ്‍കുട്ടി കന്യാകുമാരിയില്‍ നിന്ന് മറ്റൊരു ട്രെയിനില്‍ കയറി ചെന്നൈയില്‍ എത്തിയതായി സ്ഥിരീകരണം. കന്യാകുമാരി – ചെന്നൈ എഗ്മോര്‍ ട്രെയിനില്‍ കയറിയ പെണ്‍കുട്ടി ചെന്നൈയില്‍ നിന്ന് മറ്റൊരു ട്രെയിന്‍ കയറിയതായാണ് സൂചന.
തലസ്ഥാന നഗരത്തില്‍ നിന്ന് പെണ്‍കുട്ടിയെ കാണാതായിട്ട് രണ്ടുദിവസം കഴിയുന്നു. ശക്തമായ തിരച്ചിലാണ് പെണ്‍കുട്ടിക്ക് വേണ്ടി നടക്കുന്നത്.
കേരള പോലീസിന് വേണ്ടി ചെന്നൈയില്‍ ഒരു സംഘം അന്വേഷണം തുടരുന്നുണ്ട്. ഈ സംഘം നല്‍കുന്ന വിവരം അനുസരിച്ച്, കുട്ടി ചെന്നൈയില്‍ എത്തി എന്നാണ് സ്ഥിരീകരിക്കുന്നത്. തിരുവനന്തപുരത്ത് നിന്നുള്ള സംഘം ചെന്നൈയിലേക്ക് തിരിച്ചു. രാത്രിയോടെ സംഘം ചെന്നൈയില്‍ എത്തുമെന്നാണ് കഴക്കൂട്ടം പോലീസ് അറിയിക്കുന്നത്.
രാവിലെ ആറരയോടെയാണ് ട്രെയിന്‍ ചെന്നൈയില്‍ എത്തിയത്. എന്നാല്‍ ഇപ്പോള്‍ പരിശോധിച്ചപ്പോള്‍ കുട്ടിയെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഇതോടെ മറ്റിടങ്ങളിലേക്ക് പോയിരിക്കാം എന്ന സാധ്യതകളും പോലീസ് പരിശോധിക്കുന്നുണ്ട്. ചെന്നൈയില്‍ നിന്ന് മറ്റൊരു ട്രെയിന്‍ കയറി യാത്ര തുടരുന്നുണ്ടെന്നാണ് പോലീസ് നിഗമനം.
ചെന്നൈയില്‍ നിന്ന് ഗുവാഹത്തിയിലേക്ക് ട്രെയിന്‍ പോയിട്ടുണ്ട്. ആ ട്രെയിനില്‍ കുട്ടി കയറിയിരിക്കാം. അതല്ലെങ്കില്‍ കുട്ടിയുടെ സഹോദരനുള്ള ബെംഗളൂരുവിലേക്കുള്ള ട്രെയിനിലേക്ക് കയറിരിക്കാം എന്നീ സാധ്യതകളാണ് ഇപ്പോള്‍ പോലീസ് പരിശോധിക്കുന്നത്.