മുണ്ടക്കയം: ജെസ്‌ന മരിയ ജയിംസ് തിരോധാനക്കേസില്‍, ജെസ്‌നയോടു സാദൃശ്യമുള്ള പെണ്‍കുട്ടിയെ കണ്ടെന്ന ലോഡ്ജിലെ മുന്‍ ജീവനക്കാരിയുടെ വെളിപ്പെടുത്തലിലെ നേരറിയാന്‍ സിബിഐ എത്തുന്നു. മുന്‍ ജീവനക്കാരിയുടെയും ലോഡ്ജ് ഉടമയുടെയും മൊഴി സിബിഐ സംഘം ഇന്നു രേഖപ്പെടുത്തും. ലോഡ്ജിലും പരിശോധന നടത്തും.ഒരിക്കല്‍ തങ്ങള്‍ തള്ളിക്കളഞ്ഞ മൊഴി ലോഡ്ജ് ജീവനക്കാരി ഇപ്പോള്‍ വീണ്ടും പറഞ്ഞതിനു പിന്നില്‍ ഗൂഢലക്ഷ്യമുണ്ടോ എന്നാണു പൊലീസും അന്വേഷിക്കുന്നുണ്ട്.ജെസ്‌നയുടെ തിരോധാനത്തെത്തുടര്‍ന്ന് മുണ്ടക്കയം കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിനിടെ ഇത്തരത്തില്‍ ഒട്ടേറെ വെളിപ്പെടുത്തലുകള്‍ ഉണ്ടാവുകയും അവയിലൊന്നും കഴമ്പില്ലെന്നു കണ്ടെത്തിയിരുന്നുവെന്നുമാണു പൊലീസിന്റെ നിലപാട്. ജെസ്‌നയെ കൊലപ്പെടുത്തി കുഴിച്ചുമൂടി എന്ന ഒരു കുട്ടിയുടെ പ്രവചനത്തെപ്പറ്റിപ്പോലും പൊലീസ് അന്ന് അന്വേഷിച്ചെങ്കിലും തെളിവൊന്നും ലഭിച്ചില്ല.