മുണ്ടക്കൈ: സൂചിപ്പാറ-കാന്തന്‍പാറ പ്രദേശത്തു നടത്തിയ തിരച്ചിലില്‍ ഉരുള്‍പൊട്ടലില്‍ കാണാതായവരിലെ 4 പേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. രക്ഷാസേനയും നാട്ടുകാരും ചേര്‍ന്നു നടത്തിയ തിരച്ചിലിലാണു വനമേഖലയില്‍നിന്നു മൃതദേഹങ്ങള്‍ കണ്ടെത്തിയത്. നാലു പൂര്‍ണ ശരീരങ്ങളും ഒരു മൃതദേഹത്തിന്റെ കാല്‍ മരത്തിനുള്ളില്‍ കുടുങ്ങികിടക്കുന്ന നിലയിലുമാണു കണ്ടെത്തിയതെന്നു രക്ഷാപ്രവര്‍ത്തക സംഘത്തിലൊരാള്‍ അറിയിച്ചു. ജീര്‍ണിച്ച നിലയിലാണു മൃതദേഹങ്ങള്‍. 11 ദിവസത്തിനു ശേഷമാണു മൃതദേഹങ്ങള്‍ കണ്ടെത്തുന്നത്. മൃതദേഹങ്ങള്‍ എയര്‍ലിഫ്റ്റ് ചെയ്യും. ദുര്‍ഘടമായ മേഖലയിലാണു മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കോടനിറഞ്ഞ വനമേഖയായതിനാല്‍ ഡ്രോണ്‍ ഉപയോഗിച്ചുള്ള തിരച്ചിലിനും തടസ്സം നേരിട്ടു.
ഉരുള്‍പൊട്ടല്‍ ദുരന്തം വിതച്ച മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളില്‍ ഇന്നു രാവിലെ 6 മണി മുതല്‍ 11 മണി വരെയാണു തിരച്ചില്‍ നടത്താന്‍ തീരുമാനിച്ചിരുന്നത്. മൃതദേഹങ്ങള്‍ കണ്ടെത്തിയ സാഹചര്യത്തില്‍ തിരച്ചില്‍ നീണ്ടേക്കും. ദുരിതാശ്വാസ ക്യാംപുകളിലും ബന്ധുവീടുകളിലുമായി കഴിയുന്നവരില്‍ 190 പേര്‍ തിരച്ചിലില്‍ പങ്കെടുക്കാന്‍ റജിസ്റ്റര്‍ ചെയ്തിരുന്നു. ജനപ്രതിനിധികള്‍, എന്‍ഡിആര്‍എഫ്, പൊലീസ്, ഫയര്‍ഫോഴ്സ്, റവന്യൂ സംഘവും തിരച്ചിലില്‍ പങ്കാളികളാണ്. നിലവില്‍ ദുരന്തത്തില്‍ കാണാതായവരുടെ പട്ടികയില്‍ 131 പേരാണുള്ളത്. ഇവരില്‍ കൂടുതല്‍ പേരും പുഞ്ചിരിമട്ടം, മുണ്ടക്കൈ, സ്‌കൂള്‍ റോഡ് ഭാഗങ്ങളില്‍ നിന്നുള്ളവരാണ്. സന്നദ്ധപ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ വീടിന്റെ ജനല്‍ഭാഗം കണ്ടെത്തിയതോടെ എന്‍ഡിആര്‍എഫ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യു സംഘം തിരച്ചിലിനു നേതൃത്വം ഏറ്റെടുത്തു. ദുരിതബാധിതരും പ്രദേശവാസികളും തിരച്ചിലിന്റെ ഭാഗമായുണ്ട്. ജനലിന്റെ ഭാഗം കയര്‍ വലിച്ചു കെട്ടി നീക്കം ചെയ്തു. ദുര്‍ഗന്ധം അനുഭവപ്പെട്ടതോടെ വീടിനുള്ളില്‍ മനുഷ്യസാന്നിധ്യം ഉണ്ടോയെന്ന് അറിയാന്‍ പരിശോധന നടക്കുകയാണ്. മണ്ണുമാന്തി യന്ത്രം എത്തിച്ച് മണ്ണ് നീക്കം ചെയ്ത ശേഷം പരിശോധന തുടരുകയാണ്.