മുണ്ടക്കൈ (വയനാട്): കേരളത്തിന്റെ ഉള്ളുലച്ച ദുരന്തഭൂമിയില്‍നിന്ന് ഒറ്റപ്പെട്ടുപോയ നാലുപേരെക്കൂടി രക്ഷാപ്രവര്‍ത്തകര്‍ രക്ഷിച്ചു. പടവെട്ടിക്കുന്നിലാണ് രക്ഷാപ്രവര്‍ത്തനത്തിനിടെ നാലുപേരെ വീട്ടില്‍ കണ്ടെത്തിയത്. ജോണി, ജോമോള്‍, ഏബ്രഹാം മാത്യു, ക്രിസ്റ്റി എന്നിവര്‍ക്കാണ് രക്ഷാപ്രവര്‍ത്തകര്‍ ആശ്വാസമായത്. തിരച്ചിലിനിടെ വീടിനുള്ളില്‍ കണ്ടെത്തുകയായിരുന്നു. ഇവര്‍ വീട്ടില്‍ കുടുങ്ങുകയായിരുന്നെന്നു രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു.
”രാവിലെയാണ് നാലുപേര്‍ കുടുങ്ങിക്കിടക്കുന്നതായി വിവരം ലഭിച്ചത്. ഉരുള്‍പൊട്ടിയൊഴുകിയതിന്റെ വലതുഭാഗത്തായുള്ള ഹോംസ്റ്റേയിലായിരുന്നു ഇവര്‍. നിലവില്‍ സുരക്ഷിതരാണെന്ന സ്വയം ബോധ്യത്തില്‍ അവിടെ തുടരാന്‍ അവര്‍ തീരുമാനിക്കുകയായിരുന്നു. കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കിയപ്പോള്‍ ബന്ധുവീട്ടിലേക്കു മാറാമെന്ന് സമ്മതിച്ചു. ബന്ധുവിന്റെ വാഹനം എത്തിച്ച് പുത്തുമല വഴി എലവയല്‍ എന്ന സ്ഥലത്തേക്ക് അയച്ചു. ഉരുള്‍പൊട്ടല്‍ കാരണമുള്ള പരുക്കൊന്നും ഇവര്‍ക്കില്ല. ഈ മേഖലയില്‍ ഇനി ആരും താമസിക്കുന്നില്ല” – രക്ഷാപ്രവര്‍ത്തകര്‍ മാധ്യമങ്ങളോടു പറഞ്ഞു.