തിരുവനന്തപുരം: ഷാര്‍ജ ഭരണാധികാരിയും യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവുമായ ഷെയ്ഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി നാലു ദിവസത്തെ സന്ദര്‍ശനത്തിനായി കേരളത്തിലെത്തി. തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍, ഗവര്‍ണര്‍ പി. സദാശിവം മറ്റുമന്ത്രിമാര്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സ്വീകരിച്ചു. ഗാര്‍ഡ്ഓഫ് ഹോണര്‍ സ്വീകരിച്ച ശേഷം ഷാര്‍ജ ഭരണാധികാരി കോവളം ബീച്ചിലെ ഹോട്ടലിലേക്ക് തിരിച്ചു. ഈ മാസം 28നാണ് അദ്ദേഹം തിരികെ മടങ്ങുക.
തിങ്കളാഴ്ച മുഖ്യമന്ത്രി, ഗവര്‍ണര്‍, ഉന്ന ഉദ്യോഗസ്ഥര്‍ എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. അന്നു തന്നെ വൈകിട്ട്, കേരളത്തില്‍ നിന്നുള്ള യുഎഇയിലെ ഉന്നത ബിസിനസുകാരുമായും ഷെയ്ഖ് സുല്‍ത്താന്‍ ചര്‍ച്ച നടത്തും. ചൊവ്വാഴ്ച, കാലിക്കറ്റ് യുണിവേഴ്‌സിറ്റി നല്‍കുന്ന ഹോണററി ഡോക്ടറേറ്റ് സ്വീകരിക്കുന്ന ചടങ്ങില്‍ പങ്കെടുക്കും. ഇതുകൂടതെ മറ്റു ചില പരിപാടികളിലും അദ്ദേഹം പങ്കെടുക്കും. കഴിഞ്ഞ ഡിസംബറില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഷാര്‍ജ സന്ദര്‍ശിച്ചപ്പോള്‍ ഷെയ്ഖ് സുല്‍ത്താനെ കേരളത്തിലേക്ക് സ്വാഗതം ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് അദ്ദേഹത്തിന്റെ കേരള സന്ദര്‍ശനം.
ഷെയ്ഖ് സുല്‍ത്താന്‍ കേരളത്തിലെത്തുമ്പോള്‍ ഇരുനാടുകളും തമ്മിലുള്ള ഹൃദയബന്ധത്തിന്റെ ഊട്ടിയുറപ്പിക്കല്‍ കൂടിയാകുമിത്. ഇന്ത്യയും ഷാര്‍ജയുമായുള്ള സുദൃഢ ബന്ധത്തില്‍ കേരളത്തിനുള്ളതു മുഖ്യസ്ഥാനം. ഇന്ത്യയിലെ നിധികള്‍ തേടി പടിഞ്ഞാറുനിന്നു കടലുകള്‍ താണ്ടി കച്ചവടക്കാരും നാവികരും എത്തുന്നതിനു നൂറ്റാണ്ടുകള്‍ മുന്‍പേ കേരളവും ഷാര്‍ജ അടങ്ങുന്ന അറബിനാടും വാണിജ്യപരമായും സാംസ്‌കാരികപരമായും കൈകോര്‍ത്തിരുന്നു. ഷാര്‍ജയിലേക്കു മലയാളികളെ സ്വാഗതം ചെയ്യുന്നതില്‍ മുന്നില്‍നില്‍ക്കുന്ന ഭരണാധികാരി കേരളം സന്ദര്‍ശിക്കുമ്പോള്‍ സൗഹൃദത്തിന്റെ പ്രകാശമാണു പരക്കുന്നത്.