പത്തനംതിട്ട: മതവികാരം വ്രണപ്പെടുത്തിയെന്ന കേസില്‍ അറസ്റ്റിലായ ബിഎസ്എന്‍എല്‍ ഉദ്യോഗസ്ഥ രഹ്ന ഫാത്തിമയെ പത്തനംതിട്ട സിജെഎം കോടതി റിമാന്‍ഡ് ചെയ്തു. ഫെയ്സ്ബുക് പോസ്റ്റിലൂടെ മതസ്പര്‍ധ ഉണ്ടാക്കിയെന്ന് കാണിച്ച് ബിജെപി നേതാവ് ബി. രാധാകൃഷ്ണ മേനോന്‍ നല്‍കിയ പരാതിയിലാണ് കേസെടുത്തത്. ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിനായി ശ്രമിച്ചിരുന്നെങ്കിലും ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. തുടര്‍ന്ന് സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്.
ഇന്നലെ ഉച്ചയോടെ കൊച്ചി പാലാരിവട്ടം ബിഎസ്എന്‍എല്‍ ഓഫിസില്‍ നിന്ന് പത്തനംതിട്ട സിഐ സുനില്‍കുമാര്‍, എസ്‌ഐ യു.ബിജു, വനിത പൊലീസ് ഓഫിസര്‍ എസ്.ബിന്ദു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്.പത്തനംതിട്ടയില്‍ എത്തിച്ച് ചോദ്യം ചെയ്‌തെങ്കിലും ഇവരുപയോഗിച്ചിരുന്ന മൊബൈല്‍ ഫോണ്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. ഭര്‍ത്താവിന്റെ കൈവശമാണെന്നാണ് പറഞ്ഞത്.
അതേസമയം, പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്നും രഹന ഫാത്തിമയ്ക്ക് പിന്നില്‍ ആരൊക്കെയുണ്ടെന്ന് പരിശോധിക്കണമെന്നും അന്വേഷണത്തിന് ഹൈക്കോടതിയുടെ മേല്‍നോട്ടം വേണമെന്നും ആവശ്യപ്പെട്ട് പരാതിക്കാരനായ ബി. രാധാകൃഷ്ണ മേനോന്‍ കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.
ഇത് ഇന്നലെ ഉച്ചയ്ക്ക് ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് പൊലീസ് അറസ്റ്റിലേക്ക് നീങ്ങിയത്. അറസ്റ്റിലായ രഹ്ന ഫാത്തിമയെ ബിഎസ്എന്‍എല്‍ സസ്‌പെന്‍ഡ് ചെയ്തു.