മാവേലിക്കര: ചെട്ടികുളങ്ങര പേളയിലെ ആളൊഴിഞ്ഞ വീടിന്റെ കുളിമുറിയില്‍ നിന്ന് സ്ഫോടകവസ്തുക്കളും ആയുധങ്ങളും കണ്ടെത്തിയ സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. സ്ഥിരം സംഘര്‍ഷമേഖലയായ ചെട്ടികുളങ്ങരയില്‍ കൂടുതല്‍ പ്രശ്നങ്ങളുണ്ടാക്കാനുള്ള ആസൂത്രിത നീക്കമാണ് സംഭവത്തിന് പിന്നിലെന്നാണ് പോലീസിന്റെ വിലയിരുത്തല്‍.
ബോംബ് നിര്‍മാണത്തിനുപയോഗിക്കുന്നതെന്ന് സംശയിക്കുന്ന സ്ഫോടകവസ്തുക്കള്‍ കണ്ടെടുത്ത പശ്ചാത്തലത്തില്‍ മേഖലയില്‍ പോലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
ചെട്ടികുളങ്ങര പഞ്ചായത്ത് പ്രസിഡന്റ് സി. കൃഷ്ണമ്മയുടെ വീടിന് സമീപമാണ് സ്ഫോടകവസ്തുക്കള്‍ കണ്ടെത്തിയ വീട്. പെട്രോള്‍ ബോംബ് നിര്‍മാണത്തിനുപയോഗിക്കുന്നതെന്ന് കരുതുന്ന സാമഗ്രികള്‍, രണ്ട് ഗുണ്ട്, ലോഹനിര്‍മിതമായ അഞ്ച് പാത്രങ്ങള്‍ ഒന്നിച്ച് ചുറ്റിയ നിലയിലുള്ള, ബോംബ് പോലെ പ്രവര്‍ത്തിക്കുന്ന സ്ഫോടന സാമഗ്രി, മൂന്ന് കത്തികള്‍, അഞ്ച് ഇരുമ്പ് ദണ്ഡുകള്‍, മദ്യക്കുപ്പികള്‍ എന്നിവയാണ് ഞായറാഴ്ച രാത്രി പത്തുമണിയോടെ കണ്ടെത്തിയത്.
ഒരു ഇരുമ്പ് ദണ്ഡിന്റെ അഗ്രത്തില്‍ മുള്ളുകമ്പി ചുറ്റിയിരുന്നു. ഞായറാഴ്ച രാത്രിയില്‍ രണ്ട് ബൈക്കുകളിലായാണ് നാലുപേര്‍ സംഭവസ്ഥലത്ത് എത്തിയത്. പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ സംഘടിച്ച നാട്ടുകാരെ കണ്ട് സംഘം രക്ഷപ്പെട്ടു. പിന്നീട്, എസ്.ഐ. സി.ശ്രീജിത്തിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ആയുധങ്ങള്‍ കണ്ടെടുത്തത്. വിരലടയാള വിദഗ്ധരും സ്ഫോടക സാമഗ്രികള്‍ കൈകാര്യം ചെയ്യുന്ന വിദഗ്ധരും അടുത്തദിവസം പരിശോധന നടത്തും.