തിരുവനന്തപുരം: എകെജി സെന്റര്‍ ആക്രമണ കേസില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് പിടിയില്‍. തിരുവനന്തപുരം മുന്‍ ജില്ലാ സെക്രട്ടറി സുഹൈര്‍ ഷാജഹാനാണ് പിടിയിലായത്. വിദേശത്തുനിന്നു ഡല്‍ഹി വിമാനത്താവളത്തില്‍ എത്തിയപ്പോഴായിരുന്നു അറസ്റ്റ്. എകെജി സെന്ററിലേക്ക് പടക്കം എറിയാന്‍ നിര്‍ദേശിച്ചത് സുഹൈല്‍ ആണെന്നാണു ക്രൈംബ്രാഞ്ച് കണ്ടെത്തല്‍.
2022 ജൂലൈ ഒന്നിനാണ് എകെജി സെന്ററിനു നേര്‍ക്കു പടക്കമെറിഞ്ഞത്. സംഭവത്തിന്റെ രണ്ടാം വാര്‍ഷികത്തിലാണു പ്രതിയുടെ അറസ്റ്റ്. ആക്രമണത്തിനു പ്രതിയെത്തിയ സ്‌കൂട്ടറിന്റെ ഉടമയും മൂന്നാം പ്രതിയുമായ സുധീഷിനെ ഇനിയും പിടിക്കാനായിട്ടില്ല.നാലു പ്രതികളുള്ള കേസില്‍ കഴക്കൂട്ടം ആറ്റിപ്രയിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് വി.ജിതിന്‍, സുഹൃത്ത് നവ്യ എന്നിവരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.
നവ്യയുടെ സഹായത്തോടെ സ്‌കൂട്ടര്‍ സംഘടിപ്പിച്ച് എകെജി സെന്ററിനു മുന്‍പിലെത്തി ജിതിന്‍ സ്‌ഫോടകവസ്തു എറിഞ്ഞെന്നാണു പൊലീസ് കണ്ടെത്തല്‍. ഒന്നാം പ്രതിയായ ജിതിനെ 85 ദിവസത്തിനുശേഷമാണ് അറസ്റ്റ് ചെയ്തത്. കെപിസിസി ഓഫിസിലേക്കു ഡിവൈഎഫ്‌ഐ പ്രതിഷേധ പരിപാടി നടത്തുകയും ഓഫിസ് ആക്രമിക്കാന്‍ തുനിയുകയും ചെയ്തതിന്റെ വൈരാഗ്യത്തില്‍ സുഹൈല്‍ ഷാജഹാനാണു പദ്ധതി ആസൂത്രണം ചെയ്തതെന്നാണു കുറ്റപത്രത്തിലുള്ളത്.