അടൂര്‍: ടിക്കറ്റെടുക്കാത്തത് ചോദ്യം ചെയ്ത കെ.എസ്.ആര്‍.ടി.സി.കണ്ടക്ടര്‍ക്കു നേരെ അസഭ്യവര്‍ഷം. സംഭവത്തില്‍ കണ്ടക്ടറെ അസഭ്യം വിളിച്ചതിനും കണ്ടക്ടറുടെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനും കൊല്ലം കൊട്ടാരക്കര മൈലം എസ്.ജി.കോട്ടേജില്‍ ഷിബുവിനെതിരെ അടൂര്‍ പോലീസ് കേസെടുത്തു. അടൂര്‍ ഡിപ്പോയിലെ കായംകുളം-അടൂര്‍ റൂട്ടില്‍ ഓടിയിരുന്ന കെ.എസ്.ആര്‍.ടി.സി.ബസിലെ മനീഷ് എന്ന കണ്ടക്ടറെയാണ് ഷിബു അസഭ്യം വിളിച്ചതും കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതും.കണ്ടക്ടറെ അസഭ്യം വിളിക്കുന്നത് യാത്രക്കാര്‍ മൊബൈലില്‍ പകര്‍ത്തിയിരുന്നു. ഈ ദൃശ്യം പിന്നീട് സാമൂഹിക മാധ്യമങ്ങളിലും പ്രചരിച്ചു. ശനിയാഴ്ച രാത്രി 8.40-ന് പഴകുളം ഭാഗത്തു വച്ചായിരുന്നു സംഭവം.
കായംകുളത്തു നിന്നും പുറപ്പെട്ടതായിരുന്നു ബസ്. ചാരുംമൂട് കഴിഞ്ഞപ്പോള്‍ ടിക്കറ്റ് മിഷ്യനിലെ ടിക്കറ്റിന്റെ കണക്കും ബസിലെ യാത്രക്കാരുടെ കണക്കും തമ്മില്‍ വ്യത്യാസമുണ്ടായി. തുടര്‍ന്ന് കണ്ടക്ടര്‍ ഓരോ യാത്രക്കാരുടെയും അടുത്തെത്തി വീണ്ടും ടിക്കറ്റ് വീണ്ടും എടുത്തിരുന്നോ എന്ന് അന്വേഷിച്ചു. ഇതിനിടയില്‍ ടിക്കറ്റ് എടുക്കാതിരുന്ന കെ.എസ്.ആര്‍.ടി.സി.ബസിലെ യാത്രികനായ ഷിബു കണ്ടക്ടര്‍ക്കു നേരെ തിരിയുകയായിരുന്നു. തനിക്ക് കഴിഞ്ഞ മാസത്തെ ശമ്പളം ലഭിച്ചോ എന്ന് പരിഹസിച്ചതായും മന്ത്രി ഗണേഷ് കുമാറിന്റെ പി.എ.ടിക്കറ്റിന്റെ പണം കൊണ്ടു തരുമെന്നും തന്നോട് ഷിബു പറഞ്ഞതായി കണ്ടക്ടര്‍ മനീഷ് പറയുന്നു. കണ്ടക്ടറോട് മോശമായി പെരുമാറുന്നത് കണ്ട മറ്റൊരു യാത്രക്കാരന്‍ പ്രശ്‌നത്തില്‍ ഇടപ്പെട്ടെങ്കിലും അയാളെയും ഷിബു മര്‍ദ്ദിക്കാന്‍ ശ്രമിച്ചതായും മനീഷ് വ്യക്തമാക്കി.