അടൂര്‍: മാതാവിനെ കൊലപ്പെടുത്തിയ കേസില്‍ ജയില്‍ ശിക്ഷ അനുഭവിച്ച വരുന്ന പ്രതി തന്നെ പരോളില്‍ ഇറക്കിയ സഹോദരനെ ഉലക്കയ്ക്ക് അടിച്ചു കൊന്നു. പന്നിവിഴ കോട്ടപ്പുറം മറ്റത്തില്‍ പുത്തന്‍വീട്ടില്‍ സതീഷ് കുമാറിനെ (64)യാണ് മൂത്ത സഹോദരന്‍ മോഹനന്‍ ഉണ്ണിത്താന്‍ കൊലപ്പെടുത്തിയത്. ശനിയാഴ്ച വൈകിട്ട് അഞ്ചരയോടെ കുടുംബവീട്ടിലായിരുന്നു സംഭവം.
മാതാവിനെ കൊലപ്പെടുത്തിയതിന് ശിക്ഷിക്കപ്പെട്ട് 17 വര്‍ഷമായി തിരുവനന്തപുരത്തെ തുറന്ന ജയിലില്‍ കഴിയുകയായിരുന്നു മോഹനന്‍ ഉണ്ണിത്താന്‍. സഹോദരനായ സതീഷ് കുമാര്‍ രണ്ടാഴ്ച മുന്‍പാണ് ഇയാളെ പരോളില്‍ ഇറക്കി വീട്ടിലെത്തിച്ചത്. ഇന്ന് പുറത്ത് എവിടെയോ പോയി മദ്യപിച്ച് വന്ന മോഹനനോട് മദ്യപിച്ചു വീട്ടില്‍ വരരുതെന്ന് സതീഷ് പറഞ്ഞു.
പ്രകോപിതനായി വീട്ടിനുള്ളിലേക്ക് കയറി ഉലക്കയുമായി വന്ന മോഹനന്‍ ഉണ്ണിത്താന്‍ സതീഷിന്റെ തലയ്ക്ക് അടിച്ചു കൊലപ്പെടുത്തുകയായിരുന്നു. മദ്യലഹരിയിലായിരുന്ന മോഹനന്‍ ഉണ്ണിത്താനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. സഹോദരങ്ങള്‍ രണ്ടുപേരും അവിവാഹിതരാണ്.
മൃതദേഹം അടൂര്‍ ജനറല്‍ ആശുപത്രിയില്‍, പ്രതിയെ അടൂര്‍ പോലീസ് കസ്റ്റഡി എടുത്തു