തിരുവനന്തപുരം : ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വന്‍ തിരിച്ചടി നേരിട്ടെങ്കിലും ജനകീയ പ്രതിഷേധങ്ങള്‍ വിളിച്ചുവരുത്തിയ സില്‍വര്‍ലൈന്‍(സെമി ഹൈസ്പീഡ് റെയില്‍) പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട്. പദ്ധതിക്കു പെട്ടെന്ന്, എല്ലാ അനുമതികളും നല്‍കണമെന്നു കേന്ദ്രമന്ത്രി നിര്‍മല സീതാരാമന് ഇന്നലെ നല്‍കിയ കത്തില്‍ മന്ത്രി കെ.എന്‍.ബാലഗോപാല്‍ ആവശ്യപ്പെട്ടു. റെയില്‍ ഗതാഗത ആവശ്യങ്ങള്‍ കുറ്റമറ്റ നിലയില്‍ നിറവേറ്റാന്‍ കഴിയുന്നില്ലെന്നും സെമി ഹൈസ്പീഡ് റെയില്‍ നിര്‍മാണത്തിന്റെ ആവശ്യകത വര്‍ധിച്ചെന്നും മന്ത്രി ചൂണ്ടിക്കാട്ടി. റെയില്‍ സംവിധാനങ്ങള്‍ മെച്ചപ്പെടുത്താന്‍ പദ്ധതികള്‍ വേണമെന്നും കൂടുതല്‍ എക്‌സ്പ്രസ്, പാസഞ്ചര്‍ ട്രെയിനുകള്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ടു.
തിരിച്ചടി ഭയന്നു പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സില്‍വര്‍ലൈന്‍ പദ്ധതിയെക്കുറിച്ചു മുഖ്യമന്ത്രിയും എല്‍ഡിഎഫിന്റെ മറ്റു പ്രചാരകരും മിണ്ടിയിരുന്നില്ല. പദ്ധതിയുമായി തല്‍ക്കാലം മുന്നോട്ടില്ലെന്നും കേരളത്തിന് ഒറ്റയ്ക്കു മുന്നോട്ടു പോകാനാകില്ലെന്നും കഴിഞ്ഞ ജൂലൈയില്‍ മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. പദ്ധതിയില്‍നിന്നു പിന്നോട്ടു പോകുന്നെന്ന സൂചനയായാണ് ഇതു വിലയിരുത്തപ്പെട്ടത്. കഴിഞ്ഞ കേന്ദ്ര ഇടക്കാല ബജറ്റിലേക്കു സംസ്ഥാന സര്‍ക്കാര്‍ സില്‍വര്‍ലൈന്‍ പദ്ധതി നിര്‍ദേശിച്ചിരുന്നില്ല.