കൊച്ചി: മതവികാരം വ്രണപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ രഹ്ന ഫാത്തിമ അറസ്റ്റില്‍. എറണാകുളം ബിഎസ്എന്‍എല്‍ ഓഫീസിലെത്തിയാണ് ഇവരെ പൊലീസ് അറസ്റ്റു ചെയ്തത്. ഫേസ്ബുക്കിലൂടെ അയ്യപ്പ ഭക്തരുടെ വികാരം വ്രണപ്പെടുത്തിയെന്ന കേസിലാണ് യുവതിയെ അറസ്റ്റു ചെയ്തത്. നേരത്തെ രഹ്ന സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. പൊലീസിന് തുടര്‍ നടപടികളുമായി മുന്നോട്ട് പോകാമെന്ന് കോടതി നിര്‍ദ്ദേശിച്ചു. ഇതോടെയാണ് പത്തനംതിട്ട പൊലീസ് രഹ്നയെ അറസ്റ്റു ചെയ്തത്.
പത്തനംതിട്ട ടൗണ്‍ സിഐ ജി സുനില്‍കുമാര്‍, എസ്ഐ യു ബിജു എന്നിവര്‍ അടങ്ങിയ സംഘമാണ് അറസ്റ്റു ചെയ്തത്. ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു അറസ്റ്റ്. പാലാരിവട്ടം ബിഎസ്എന്‍എല്‍ കസ്റ്റമര്‍ സര്‍വീസ് സെന്ററിലെ കൗണ്ടറില്‍ ജോലി ചെയ്യവേയാണ് പൊലീസ് സംഘ എത്തിയതും കസ്റ്റഡിയില്‍ എടുത്തതും. ഇവരുടെ അറസ്റ്റ് വൈകുന്നതിനെതിരെ നല്‍കിയ ഹര്‍ജി ഇന്ന് കോടതിയുടെ പരിഗണനക്ക് വന്നിരുന്നു. ഇതിനിടെയാണ് രഹ്നക്കെതിരായ പൊലീസ് നടപടി.
സോഷ്യല്‍ മീഡിയ വഴി മതവികാരം വ്രണപ്പെടുത്തുന്ന തരത്തിലുള്ള പോസ്റ്റുകള്‍ ഇട്ടെന്ന പരാതിയില്‍ പത്തനംതിട്ട പൊലീസാണ് രഹ്ന ഫാത്തിമയ്ക്കെതിരെ കേസ് എടുത്തിരുന്നത്. കോട്ടയം തൃക്കൊടിത്താനം സ്വദേശി ആര്‍. രാധാകൃഷ്ണമേനോന്‍ പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിക്ക് നല്‍കിയ പരാതിയെ തുടര്‍ന്നാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. തുലാമാസ പൂജയ്ക്കിടെ ആന്ധ്രാ സ്വദേശിയായ മാധ്യമപ്രവര്‍ത്തക കവിതയ്‌ക്കൊപ്പം രഹ്ന ഫാത്തിമയും ശബരിമലയില്‍ ക്ഷേത്ര സന്ദര്‍ശനത്തിന് എത്തിയിരുന്നു. എന്നാല്‍ ഇവര്‍ക്ക് നടപ്പന്തല്‍ വരയേ പോകാന്‍ സാധിച്ചിരുന്നുള്ളു. ഭക്തരുടെ പ്രതിഷേധത്തെ തുടര്‍ന്ന് തിരിച്ചിറങ്ങേണ്ടി വരികയായിരുന്നു.
അതേസമയം ഹൈക്കോടതി മുന്‍കൂര്‍ ജാമ്യംതള്ളിയ രഹ്ന ഫാത്തിമയെ അറസ്റ്റു ചെയ്യാന്‍ പൊലീസ് മടിക്കുന്നു എന്ന ആരോപണം ശക്തമായിരുന്നു. മത വികാരം വ്രണപ്പെടുത്തുന്ന കേസില്‍ തെളിവുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വെളിപ്പെടുത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് രഹ്ന ഫാത്തിമയുടെ ജാമ്യാപേക്ഷ തള്ളിയത്. കൊച്ചി ഹൈക്കോടതി ജംഗ്ഷനിലെ വഞ്ചി സ്‌ക്വയറില്‍ ഇന്നലെ നടന്ന പരിപാടിയില്‍ രഹ്ന പങ്കെടുത്തപ്പോള്‍ അവിടെ പൊലീസ് സാന്നിധ്യവും ഉണ്ടായിരുന്നു.
കൊച്ചിയില്‍ അറസ്റ്റു ചെയ്ത രഹനയെ പത്തനംതിട്ടയിലേക്ക് കൊണ്ടുവന്ന് വിശദമായി ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. നേരത്തെ ശബരിമലയില്‍ കയറാന്‍ ശ്രമിച്ചതിനെ തുടരര്‍ന്ന് രൂക്ഷ വിമര്‍ശനങ്ങളും ഇവരുടെ വീടിന് നേരെ ആക്രമണവും ഉണ്ടായിരുന്നു. വീട് ആക്രമിച്ച കേസില്‍ നേരത്തെ ബിജെപി നേതാവും അറസ്റ്റിലായിരുന്നു. അതിനിടെ ഇരുമുടി കെട്ടില്‍ ഉണ്ടായിരുന്ന വസ്തുക്കളെ പറ്റി തെറ്റായ വാര്‍ത്തകള്‍ നല്‍കിയ ജനം ടിവിക്കെതിരെ കേസ് കൊടുക്കുമെന്നും രഹ്ന പറയുകയുണ്ടായി.
ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കുന്ന സുപ്രീം കോടതി വിധിയെ രഹ്ന ഫാത്തിമ ആദ്യം മുതലേ പിന്തുണച്ചിരുന്നു. ആരാധനലായങ്ങളില്‍ ലിംഗ വിവേചനം പാടില്ലെന്ന നിലപാടില്‍ ആയിരുന്നു രഹ്ന ഉറച്ച് നിന്നിരുന്നത്. ആര്‍ത്തവം അശുദ്ധമാണെന്ന നിലപാടിനെതിരേയും രഹ്ന രംഗത്ത് വന്നിരുന്നു. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ കറുപ്പുടുത്ത്, ഒരു ഫോട്ടോയും രഹ്ന ഫാത്തിന ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. തത്വമസി എന്ന കുറിപ്പോട് കൂടി ആയിരുന്നു ഇത്. ഈ ചിത്രമാണ് വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തിയെന്ന പരാതിക്ക് ആധാരമാക്കിയത്. ഇപ്പോഴത്തെ നിലയില്‍ കേസും കൂട്ടവുമായാല്‍ ഇവരുടെ ബിഎസ്എന്‍എല്ലിനെ ജോലിയും നഷ്ടമാകാന്‍ സാധ്യത കൂടുതലാണ്.