അടൂര്‍: അമ്മയുടെ കണ്‍മുന്നില്‍ നിന്നും പ്രായപൂര്‍ത്തിയാകാത്ത മകളെ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. കൊല്ലം മുളവന ബിജുഭവനില്‍ ബി.എസ്.സിദ്ധാര്‍ത്ഥ്(ശ്രീക്കുട്ടന്‍22)-നെയാണ് അടൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. പോക്‌സോ നിയമ പ്രകാരമാണ് അറസ്റ്റ്. മാര്‍ച്ച് 28-ന് വൈകീട്ട് കൊല്ലം സ്വദേശിനിയായ പെണ്‍കുട്ടി അമ്മയോടൊപ്പം അടൂര്‍ അടൂര്‍ പാര്‍ത്ഥസാരഥി ക്ഷേത്രം ജങ്ഷനു സമീപത്തുകൂടി നടന്നു വരുകയായിരുന്നു. പെണ്‍കുട്ടിയുമായി മുന്‍ പരിചയമുണ്ടായിരുന്ന യുവാവ് ഒരു ബൈക്കില്‍ ഇവിടെയെത്തി പെണ്‍കുട്ടിയുമായി അതേ ബൈക്കില്‍ തന്നെ കടന്നുകളഞ്ഞു. തുടര്‍ന്ന് ഒരു സുഹൃത്തിന്റെ വീട്ടിലേക്കാണ് ഇവര്‍ പോയത്.
പെണ്‍കുട്ടിയ്ക്ക് 22 വയസുണ്ടെന്ന് സുഹൃത്തിനെ പറഞ്ഞ് തെറ്റിധരിപ്പിച്ച ശേഷം പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. പെണ്‍കുട്ടിയുടെ അമ്മ അടൂര്‍ പോലീസില്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്. അടൂര്‍ ഡിവൈ.എസ്.പി.ആര്‍ ജയരാജിന്റെ നിര്‍ദ്ദേശാനുസരണം അടൂര്‍ എസ്.എച്ച്.ഒ.ആര്‍.രാജീവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അറസ്റ്റിന് നേതൃത്വം നല്‍കിയത്.