കോഴിക്കോട്: മാസപ്പിറ ദൃശ്യമായതിനാല്‍ കേരളത്തില്‍ ചൊവ്വാഴ്ച റമദാന്‍ ഒന്നായിരിക്കുമെന്ന് വിവിധ ഖാസിമാര്‍ അറിയിച്ചു. പൊന്നാനിയിലാണ് മാസപ്പിറ ദൃശ്യമായത്.സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍, കാന്തപുരം എ.പി അബൂബക്കര്‍ മുസ് ലിയാര്‍, സയ്യിദ് ഇബ്റാഹീം ഖലീല്‍ അല്‍ബുഖാരി, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ പാണക്കാട്, പാളയം ഇമാം സുഹൈബ് മൗലവി തുടങ്ങിയ ഖാദിമാര്‍ റമദാന്‍ പിറ കണ്ടത് സ്ഥിരീകരിച്ചു.
മാസപ്പിറ ദൃശ്യമായതിനാല്‍ ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ തിങ്കളാഴ്ച റമദാന്‍ വ്രതം തുടങ്ങിയിരുന്നു.ഇസ്ലാംമതവിശ്വാസികള്‍ക്ക് ഇനി ഒരുമാസക്കാലം ഇനി വ്രതശുദ്ധിയുടെ പുണ്യകാലമാണ്. അന്നപാനീയങ്ങളും ലൗകികമായ എല്ലാ ആഗ്രഹങ്ങളും ത്യജിച്ച് വിശ്വാസികള്‍ ഒരു മാസക്കാലം ഇനി പ്രാര്‍ത്ഥനാനിരതമാവും.റമദാന്‍ മാസത്തില്‍ ചെയ്യുന്ന പുണ്യപ്രവൃത്തികളെ ദൈവം കയ്യൊഴിയില്ലെന്നതാണ് വിശ്വാസം. പുലര്‍ച്ചെ മുതല്‍ സൂര്യാസ്തമയം വരെ ഭക്ഷണവും വെള്ളവും വെടിഞ്ഞുള്ള ത്യാഗം, ഖുര്‍ആന്‍ പാരായണം, രാത്രിയില്‍ തറാവീഹ് നമസ്‌കാരം, ദാനധര്‍മങ്ങള്‍, ഉദ്ബോധന ക്ലാസുകള്‍ എന്നിവയൊക്കെ റമദാന്‍ മാസത്തില്‍ നടക്കും.