സിപിഎം ഏരിയാ കമ്മറ്റി തീരുമാനിച്ചിട്ടും കടമ്പനാട് പഞ്ചായത്തിലും അടൂര്‍ നഗരസഭയിലും അധ്യക്ഷ മാറ്റമില്ല

0 second read

അടൂര്‍: മുന്‍ ധാരണ പ്രകാരം സിപിഎം ഭരിക്കുന്ന അടൂര്‍ നഗരസഭയിലും കടമ്പനാട് പഞ്ചായത്തിലും അധ്യക്ഷ സ്ഥാനത്തിന് മാറ്റമുണ്ടാകേണ്ടതാണ്. രണ്ടിടത്തും അധ്യക്ഷരെ മാറ്റാന്‍ ഒടുവില്‍ ചേര്‍ന്ന ഏരിയാ കമ്മറ്റി തീരുമാനിക്കുകയും ചെയ്തു. എന്നാല്‍, അടൂര്‍ നഗരസഭയില്‍ ചെയര്‍ പേഴ്സണ്‍ ദിവ്യ റെജി മുഹമ്മദിന്റെയും കടമ്പനാട് പഞ്ചായത്തില്‍ പ്രസിഡന്റ് പ്രിയങ്ക പ്രതാപിന്റെയും രാജി വൈകുകയാണ്.

കടമ്പനാട് പഞ്ചായത്തില്‍ ഭരണമാറ്റം നടത്തുന്നതിനെ സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗം ടി.ഡി. ബൈജുവിനെയാണ് ചുമതലപ്പെടുത്തിയിരുന്നത്. പ്രസിഡന്റ് പ്രിയങ്ക പ്രതാപിനോട് രാജി വയ്ക്കാന്‍ ആവശ്യപ്പെടാനും തീരുമാനിച്ചിരുന്നു. എന്നാല്‍, ഏരിയ സെക്രട്ടറിയുടെ ബന്ധുവാണെന്ന് പറയുന്ന പഞ്ചായത്ത് പ്രസിഡന്റ് പ്രിയങ്ക ഇതു വരെ രാജി വച്ചിട്ടില്ല. ഏരിയാ കമ്മറ്റിയുടെ തീരുമാനം നടപ്പാക്കാന്‍ ജില്ലാ സെക്രട്ടറിയേറ്റംഗം ടി.ഡി. ബൈജുവിന് കഴിഞ്ഞിട്ടുമില്ല. പ്രിയങ്ക രാജി വച്ചാല്‍ 12-ാം വാര്‍ഡ് അംഗം സിന്ധു ദിലീപാണ് പ്രസിഡന്റാകേണ്ടത്.

കടമ്പനാട് പഞ്ചായത്തില്‍ ശരിക്കും പ്രസിഡന്റാകേണ്ടിയിരുന്നത് പാര്‍ട്ടിയിലെ മുതിര്‍ന്ന അംഗമായിരുന്ന സിന്ധു ദിലീപാണ്. ഏരിയാ സെക്രട്ടറിയടക്കം ഇടപെട്ട് പാര്‍ട്ടിയിലെ ഏറ്റവും ജൂനിയറായ പ്രിയങ്കയെ പ്രസിഡന്റാക്കുകയായിരുന്നു. ഇത് പാര്‍ട്ടിക്കുള്ളില്‍ തന്നെ ചര്‍ച്ചയായി. ഒടുവില്‍ രണ്ടര വര്‍ഷം വീതം ഇരുവര്‍ക്കും നല്‍കാമെന്ന് ധാരണയായി. രണ്ടര വര്‍ഷം കഴിഞ്ഞിട്ടും പ്രിയങ്ക ഒഴിയാന്‍ തയാറായില്ല. പാര്‍ട്ടി ആവശ്യപ്പെട്ടതുമില്ല. സിന്ധു ദിലീപ് പാര്‍ട്ടി തീരുമാനങ്ങളെ ചോദ്യം ചെയ്യുന്നുവെന്ന് വരുത്തി തീര്‍ത്താണ് അധ്യക്ഷമാറ്റം വൈകിപ്പിച്ചത്. മൂന്നു വര്‍ഷത്തിന് ശേഷമാണ് അധ്യക്ഷ മാറാണമെന്ന് ഏരിയാ കമ്മറ്റിയില്‍ തീരുമാനം ആയത്. അതാകട്ടെ നടപ്പാക്കുന്നില്ല. ഇപ്പോള്‍ പ്രസിഡന്റ് രാജി വച്ചാല്‍ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍ പുതിയ ആളെ തെരഞ്ഞെടുക്കുന്നതിന് തടസമാകുമെന്ന് പറഞ്ഞാണ് രാജി ഒഴിവാക്കിയിരിക്കുന്നത്.

ഇതേ അവസ്ഥ തന്നെയാണ് തന്നെയാണ് അടൂര്‍ നഗരസഭയിലും . ചെയര്‍പേഴ്സണ്‍ രാജി വയ്ക്കുന്നതിന് പിന്നാലെ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍ പുതിയ ആളിന് മൂന്നു മാസം കഴിഞ്ഞേ അധ്യക്ഷനാകാന്‍ കഴിയൂവെന്നാണ് പ്രചരിപ്പിക്കുന്നത്.

അടൂര്‍ നഗരസഭയില്‍ ആദ്യ രണ്ടു വര്‍ഷം സിപിഐക്കായിരുന്നു അധ്യക്ഷ സ്ഥാനം. കൃത്യസമയത്ത് തന്നെ ധാരണ പാലിച്ച് സിപിഐയിലെ ഡി. സജി അധ്യക്ഷസ്ഥാനം ഒഴിഞ്ഞു. ശേഷിച്ച മൂന്നു വര്‍ഷം സിപിഎം മൂന്നു പേര്‍ക്ക് പങ്കിട്ടു നല്‍കാനാണ് തീരുമാനം. ആദ്യ തവണ ദിവ്യ റെജി മുഹമ്മദ് അധികാരമേറ്റു. ഒരു വര്‍ഷം പൂര്‍ത്തിയാക്കിയ ദിവ്യ ഇനി ഒഴിയണം. അടുത്തതായി മഹേഷ് കുമാറിനും അവസാന ടേം ഷാജഹാനുമാണ് പറഞ്ഞിരിക്കുന്നത്. എന്നാല്‍, ഇവിടെ ദിവ്യ രാജിവയ്ക്കാന്‍ തയാറായിട്ടില്ല. സിപിഎം, ഏരിയാ കമ്മറ്റിയാണ് രാജി ആവശ്യപ്പെടാന്‍ തീരുമാനിച്ചത്. അടൂരില്‍ ദിവ്യ രാജി വച്ചാല്‍ കടമ്പനാട്ട് പ്രിയങ്കയും രാജി വയ്ക്കേണ്ടി വരും. അതൊഴിവാക്കാനാണ് ഇല്ലാത്ത തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ഉണ്ടെന്ന് വരുത്തി ഏരിയാ നേതാക്കള്‍ അടക്കം പ്രചരിപ്പിക്കുന്നത്.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ലൈഫ് ലൈന്‍ കോന്നി ക്ലിനിക്കില്‍ കാര്‍ഡിയോളജി വിഭാഗം ആരംഭിച്ചു

അടൂര്‍: ലൈഫ് ലൈന്‍ ആശുപത്രിയുടെ കീഴിലുള്ള കോന്നി മള്‍ട്ടിസ്‌പെഷ്യല്‍റ്റി ക്ലിനിക്കില്‍ കാര…